എഫ്ഡിഐ 11% ഇടിഞ്ഞ് 22.66 ബില്യണ്‍ ഡോളറിലെത്തി

എഫ്ഡിഐ 11% ഇടിഞ്ഞ് 22.66 ബില്യണ്‍ ഡോളറിലെത്തി

സേവന മേഖലയിലാണ് ഇക്കാലയളവില്‍ ഏറ്റവുമധികം എഫ്ഡിഐ രേഖപ്പെടുത്തിയിട്ടുള്ളത്, 4.91 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 11 ശതമാനം ഇടിവ്. 22.66 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ ആണ് ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 25.35 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
സേവന മേഖലയിലാണ് ഇക്കാലയളവില്‍ ഏറ്റവുമധികം എഫ്ഡിഐ രേഖപ്പെടുത്തിയിട്ടുള്ളത്, 4.91 ബില്യണ്‍ ഡോളര്‍. കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍- ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ 2.54 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് എത്തിയത്. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ 2.17 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. ട്രേഡിംഗില്‍ 2.14 ബില്യണ്‍ ഡോളര്‍, കെമിക്കല്‍സ്-1.6 ബില്യണ്‍ ഡോളര്‍, ഓട്ടോമൊബീല്‍- 1.59 ബില്യണ്‍ എന്നിവയാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ മുന്നിലെത്തിയ മറ്റ് പ്രധാന മേഖലകള്‍.
സിംഗപ്പൂരില്‍ നിന്നാണ് ഏറ്റവുമധികം നിക്ഷേപം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ എത്തിയത്, 8.62 ബില്യണ്‍ ഡോളര്‍. 3.88 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി മൗറീഷ്യസാണ് രണ്ടാം സ്ഥാനത്തുള്ളത്. 2.31 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നെതര്‍ലാന്‍ഡ്‌സില്‍ നിന്ന് എത്തി. ജപ്പാന്‍ 1.88 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. യുഎസില്‍ നിന്ന് 970 മില്യണ്‍ ഡോളറിന്റെയും യുകെയില്‍ നിന്ന് 845 മില്യണ്‍ ഡോളറിന്റെയും നിക്ഷേപമാണ് ഇക്കാലയളവില്‍ ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇന്ത്യ രേഖപ്പെടുത്തിയത്. വെറും 3 ശതമാനം മാത്രം വളര്‍ച്ചയോടെ 44.85 ബില്യണ്‍ ഡോളറായിരുന്നു 2017-18ലെ എഫ്ഡിഐ. നടപ്പു സാമ്പത്തിക വര്‍ഷം ഇത് നെഗറ്റിവ് തലത്തിലേക്ക് എത്തിയത് ആശങ്ക ഉണര്‍ത്തുന്നതാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. രൂപയുടെ മൂല്യമിടിവിനും രാജ്യത്തെ തിരിച്ചവടവുകളില്‍ സമ്മര്‍ദം വര്‍ധിക്കുന്നതിനും ഇത് വഴിയൊരുക്കും.

അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുതുക്കിയിട്ടുണ്ട്. ഫെബ്രുവരി 1 മുതലാണ് ഇത് നിലവില്‍ വന്നത്. ഇ-കൊമേഴ്‌സ് മേഖലയിലെ കടുത്ത നിബന്ധനകള്‍ തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വന്‍കിട കമ്പനികളായ ഫഌപ്കാര്‍ട്ടും ആമസോണും ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: FDI