എസ്സെല്‍ ഗ്രൂപ്പിന് സെപ്റ്റംബര്‍ വരെ സമയം നല്‍കാന്‍ ധാരണ

എസ്സെല്‍ ഗ്രൂപ്പിന് സെപ്റ്റംബര്‍ വരെ സമയം നല്‍കാന്‍ ധാരണ

സീ എന്റര്‍ടെയ്ന്‍മെന്റില്‍ ഉള്‍പ്പടെ തന്ത്രപരമായ വില്‍പ്പന നടപ്പാക്കാനാണ് എസ്സെല്‍ ഗ്രൂപ്പ് ഒരുങ്ങുന്നത്

ന്യൂഡെല്‍ഹി: കടബാധ്യത അല്‍പ്പാല്‍പ്പമായി കുറയ്ക്കുന്നത് സംബന്ധിച്ച് വായ്പാ ദാതാക്കളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചെന്ന് എസ്സെല്‍ ഗ്രൂപ്പ് അറിയിച്ചു. ഇതുപ്രകാരം കമ്പനിക്ക് സെപ്റ്റംബര്‍ വരെ വായ്പകളുടെ തിരിച്ചടവിന് സമയം ലഭിക്കും. ഗ്രൂപ്പിന്റെ മുന്‍ നിര ലിസ്റ്റഡ് കമ്പനികളായ സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസിലും ഡിഷ് ടിവി ഇന്ത്യയിലും ഓഹരി പങ്കാളിത്തമുള്ള വായ്പാദാതാക്കളുമായാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
തിരിച്ചടവില്‍ വീഴ്ച വരുത്തിയത് എന്ന് കമ്പനിയെ സെപ്റ്റംബര്‍ 30 വരെ വിഭാഗീകരിക്കാതിരിക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതോടെ നിര്‍ണായക ആസ്തികള്‍ വിലയില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ വില്‍പ്പന നടത്തി കടബാധ്യതകള്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റിന് സാധിക്കുമെന്നും എസ്സെല്‍ ഗ്രൂപ്പ് വ്യക്തമാക്കുന്നു.

പ്രമോട്ടര്‍ സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് നിശ്ചയിക്കപ്പെട്ട കാലയളവിനുള്ളില്‍ മുഴുവന്‍ ബാധ്യതയും തീര്‍പ്പാക്കുന്നത് സംബന്ധിച്ച് വായ്പാദാതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. വായ്പാദാതാക്കള്‍ പൂര്‍ണ സഹകരണം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത് ഗ്രൂപ്പിലും ഗ്രൂപ്പിന്റെ ആസ്തികളുടെ മൂല്യത്തിലുമുള്ള അവരുടെ വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്‍ബിഎഫ്‌സികള്‍ എന്നിവയെല്ലാം ഗ്രൂപ്പിന്റെ വായ്പാദാതാക്കളുടെ കൂട്ടത്തിലുണ്ട്.
എസ്സെല്‍ ഗ്രൂപ്പ് ചില തിരിച്ചടവുകള്‍ മുടക്കിയെന്ന വാര്‍ത്ത പുറത്തുവന്നത് ഓഹരി വിപണിയില്‍ കമ്പനിക്ക് വലിയ തിരിച്ചടി നല്‍കിയിരുന്നു. കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് നേരത്തേ സുഭാഷ് ചന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഐഎല്‍&എഫ്എസ് പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് എന്‍ബിഎഫ്‌സികളിലാകെ പടര്‍ന്നു പിടിച്ച വായ്പാ ഞെരുക്കവും വിഡിയോകോണിന്റെ ഡി ടു എച്ച് ബിസിനസ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ ചെലവിടലുമാണ് ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയത്. സീ എന്റര്‍ടെയ്ന്‍മെന്റില്‍ ഉള്‍പ്പടെ തന്ത്രപരമായ വില്‍പ്പന നടപ്പാക്കാനാണ് എസ്സെല്‍ ഗ്രൂപ്പ് ഒരുങ്ങുന്നത്.

Comments

comments

Categories: Business & Economy
Tags: essel group