ആദ്യ ഗഡുവിന് ആധാര്‍ വേണ്ട; വിതരണം മാര്‍ച്ചില്‍

ആദ്യ ഗഡുവിന് ആധാര്‍ വേണ്ട; വിതരണം മാര്‍ച്ചില്‍

ആദ്യ ഗഡു കൈമാറുന്നതിന് ആധാര്‍ നമ്പറുകള്‍ ശേഖരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര കൃഷി മന്ത്രി; തിരിച്ചറിയല്‍ കാര്‍ഡോ തൊഴില്‍ കാര്‍ഡോ പകരം ഉപയോഗിക്കാം

ന്യൂഡെല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷക ക്ഷേമ പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2,000 രൂപ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ പിന്നീടുള്ള രണ്ട് ഗഡുക്കള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമായിരിക്കും. അതേസമയം, ആദ്യ ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യാന്‍ കേന്ദ്ര കൃഷി മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്. പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഗഡു ഈ മാര്‍ച്ചില്‍ നല്‍കാനാണ് പരിപാടി.

”2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവിലേക്കുള്ള ആദ്യ ഗഡു കൈമാറുന്നതിനായി ലഭ്യമായവരില്‍ നിന്ന് ആധാര്‍ നമ്പര്‍ ശേഖരിക്കണം,” കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗ് സംസ്ഥാന സര്‍ക്കാരുകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. അധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് തുടങ്ങി കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ആദ്യ ഗഡു നേടുന്നതിനായി ഉപയോഗിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തുടര്‍ന്നുള്ള ഗഡുക്കള്‍ വാങ്ങുന്നതിനായി ആധാര്‍ നമ്പര്‍ നിര്‍ബന്ധിതമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഡാറ്റബേസ് തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുണഭോക്താക്കളുടെ പേര്, ലിംഗം, എസ്‌സി/ എസ്ടി വിഭാഗം, ആധാര്‍ നമ്പര്‍, ബാങ്ക് എക്കൗണ്ട് നമ്പര്‍, മൊബീല്‍ നമ്പര്‍ എന്നിവ ശേഖരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കുടുംബത്തിലെ ഭര്‍ത്താവിനും ഭാര്യയ്ക്കും 18 വയസ് തികയാത്ത മക്കള്‍ക്കും കൂടി ആകെ രണ്ട് ഹെക്റ്ററില്‍ താഴെ ഭൂമിയാണുള്ളതെങ്കില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ മാസം ഒന്ന് വരെയുള്ള ഉമടസ്ഥതാ രേഖകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പണം നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കും. ആനുകൂല്യത്തിന് അര്‍ഹതയുള്ളവരുടെ പട്ടിക ഗ്രാമ പഞ്ചായത്തില്‍ പരസ്യപ്പെടുത്തണം.

Comments

comments

Categories: FK News