നാല് വലിയ ഐടി കമ്പനികളുടെ നിയമനം 70,000ത്തില്‍

നാല് വലിയ ഐടി കമ്പനികളുടെ നിയമനം 70,000ത്തില്‍

2017-18ല്‍ ഉണ്ടായ മൊത്തം നിയമനങ്ങളുടെ അഞ്ച് മടങ്ങാണിത്

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കുറഞ്ഞ തൊഴില്‍ വളര്‍ച്ചയില്‍ നിന്ന് ഇന്ത്യയുടെ ഐടി മേഖല കരകയറുന്നുവെന്ന് വിലയിരുത്തല്‍. രാജ്യത്തെ പ്രമുഖമായ നാലു ഐടി കമ്പനികളില്‍ നിന്നുള്ള നിയമന വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, വിപ്രൊ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ സംയുക്തമായി 70,000 നിയമനങ്ങള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസങ്ങളില്‍ നടത്തിയിട്ടുണ്ട്. 2017-18ല്‍ ഉണ്ടായ മൊത്തം നിയമനങ്ങളുടെ അഞ്ച് മടങ്ങാണിത്.

46 ബില്യണിനടുത്ത് വരുമാനം മൊത്തമായി ഉള്ള ഈ 4 കമ്പനികളും ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 13,972 നിയമനങ്ങള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. ഏറ്റവും വലിയ തൊഴില്‍ അനിശ്ചിതത്വം ഇന്ത്യന്‍ ഐടി മേഖലയില്‍ പ്രകടമായ വര്‍ഷമാണിത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് ക്ലൈന്റുകള്‍ അതിവേഗം മാറിയത്, പരമ്പരാഗത ഐടി ബിസിനസുകളില്‍ ഉണ്ടായ സമ്മര്‍ദം, ഓട്ടോമേഷന്‍ എന്നിവയ്‌ക്കൊപ്പം പ്രധാന വിപണികളിലെ സംരക്ഷണവാദ നടപടികളും ഇന്ത്യന്‍ ഐടി കമ്പനികളിലെ നിയമനങ്ങളെ 2017-18ല്‍ ദോഷകരമായി ബാധിച്ചു. ഇതില്‍ മൂന്നു കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒരു പാദത്തിലെങ്കിലും നിയമനങ്ങളേക്കാള്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബിസിനസ് വളര്‍ച്ച തിരികെ വന്നുവെന്നും ഇരട്ടയക്ക വളര്‍ച്ചയില്‍ സ്ഥിരത പുലര്‍ത്തുന്നുവെന്നുമാണ് ടിസിഎസിന്റെ ഗ്ലോബല്‍ എച്ച്ആര്‍ ഹെഡ് അജോയേന്ദ്ര മുഖര്‍ജി പറയുന്നത്. 22,931 ജീവനക്കാരെയാണ് നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ 9 മാസങ്ങളില്‍ ടിസിഎസ് നിയമിച്ചത്. 28,000 കാംപസ് ഓഫറുകള്‍ കമ്പനി നല്‍കി. 21,398 ജീവനക്കാരെയാണ് ഇന്‍ഫോസിസ് നിയമിച്ചത്. എച്ച്‌സിഎല്‍ 12,247 ജീവനക്കാരുടെ നിയമനം നടത്തി. വിപ്രൊ 12,456 ജീവനക്കാരെ കൂട്ടിച്ചേര്‍ത്തു.

വിപ്രൊ കഴിഞ്ഞ വര്‍ഷം നിയമനങ്ങളില്‍ നെഗറ്റിവ് തലത്തിലായിരുന്നു കഴിഞ്ഞ വര്‍ഷമെങ്കില്‍ ഈ വര്‍ഷം അതിവേഗം ജീവനക്കാരെ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ്. കാംപസ് നിയമനങ്ങള്‍ ഇരട്ടിയാക്കും. മറ്റ് മൂന്ന് പ്രമുഖ ഐടി കമ്പനികളും ആയിരക്കണക്കിന് പുതിയ എന്‍ജിനീയര്‍മാരെ കാംപസുകളില്‍ നിന്ന് കണ്ടെത്തുകയാണ.് 167 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ഇന്ത്യയുടെ ഐടി- ബിപിഎം മേഖലയ്ക്ക് കണക്കാക്കുന്നത്.

Comments

comments

Categories: FK News
Tags: IT companies