‘സ്ത്രീകളുടെ അതിജീവനചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം’

‘സ്ത്രീകളുടെ അതിജീവനചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം’

ബിനാലെയില്‍ ശ്രദ്ധേയമായി ഗോവന്‍ ആര്‍ട്ടിസ്റ്റ് ആഫ്രാ ഷഫീക്കിന്റെ പ്രതിഷ്ഠാപനം

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദികളിലൊന്നായ കാശി ടൗണ്‍ ഹൗസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഗോവന്‍ ആര്‍ട്ടിസ്റ്റ് ആഫ്രാ ഷഫീക്കിന്റെ കലാസൃഷ്ടി സ്ത്രീകളുടെ ചരിത്രത്തിന്റെ പരിഛേദമാണ്. സ്റ്റിച്ച്, സുല്‍ത്താനാസ് റിയാലിറ്റി എന്നീ രണ്ട് പ്രതിഷ്ഠാപനങ്ങളാണ് കാശി ടൗണ്‍ ഹൗസില്‍ ഒരുക്കിയിട്ടുള്ളത്.

ഇംഗ്ലണ്ടിലെ സ്ത്രീകളുടെ ഏറ്റവും പഴയ തൊഴിലുകളിലൊന്നായ തുന്നല്‍ അടിസ്ഥാനമാക്കിയാണ് ആഫ്ര സ്റ്റിച്ച് എന്ന സൃഷ്ടിയൊരുക്കിയത്. കൊച്ചി-ബിനാലെയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഈ സൃഷ്ടിയെന്ന് ആഫ്ര പറയുന്നു. വീഡിയോ, ക്യു ആര്‍ കോഡുകള്‍, ചരിത്ര ചിത്രങ്ങള്‍, എന്നിവ ഈ പ്രതിഷ്ഠാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചില ജോലികള്‍ സ്ത്രീകള്‍ക്ക് മാത്രമെന്ന് പറഞ്ഞ് മാറ്റി വയ്ക്കുന്നതിലെ അബദ്ധമാണ് ഈ പ്രതിഷ്ഠാപനത്തിലൂടെ ആഫ്ര എടുത്തു കാണിക്കുന്നത്. ഈ ജോലികള്‍ നീക്കി വയ്ക്കുന്നതിലൂടെ വീടിനുള്ളില്‍ സ്ത്രീകളെ തളച്ചിടാനാണ് സമൂഹം ശ്രമിച്ചത്. എന്നാല്‍ തുന്നലിലൂടെ ഭാവനാ സമ്പന്നമായ കാര്യങ്ങള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് സാധിച്ചുവെന്നും ആഫ്ര പറഞ്ഞു.

ഇന്ത്യയിലെ സ്ത്രീകളും പുസ്തകങ്ങളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ് സുല്‍ത്താനാസ് റിയാലിറ്റി എന്ന സൃഷ്ടി. ഒരു സ്‌ക്രീനും അതില്‍ ക്ലിക്ക് ചെയ്ത് വായിക്കാന്‍ പറ്റുന്ന രീതിയില്‍ മൗസും ക്രമീകരിച്ചിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഓരോ പേജിലുമുള്ള ചരിത്രവസ്തുതകള്‍, നര്‍മ്മം, ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ എന്നിവ ആസ്വദിക്കാനാവും വിധമാണ് ഇത് ഒരുക്കിയിരിക്കുന്നത്.

Comments

comments

Categories: FK News