സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്കുള്ള വിഹിതം കുറച്ചു, മേക്ക് ഇന്‍ ഇന്ത്യക്ക് കൂട്ടി

സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്കുള്ള വിഹിതം കുറച്ചു, മേക്ക് ഇന്‍ ഇന്ത്യക്ക് കൂട്ടി

സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്ക് 25 കോടി രൂപമാത്രമാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ സര്‍ക്കാന്‍ മുന്‍പ് വന്‍ പ്രചാരണത്തോടെ അവതരിപ്പിച്ച സ്വപ്‌ന പദ്ധതികള്‍ക്ക് പലതിനും വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലെന്ന് നിരീക്ഷണം. സ്മാര്‍ട്ട് സിറ്റികള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. സ്റ്റാര്‍ട്ട്പ്പ് ഇന്ത്യക്ക് 25 കോടി രൂപ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ വകയിരുത്തല്‍ പ്രകാരം 28 കോടി അനുവദിച്ച സ്ഥാനത്താണിത്. എന്നാല്‍ മേക്ക് ഇന്‍ ഇന്ത്യക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തുക നല്‍കിയിട്ടുണ്ട്.

ഇന്നൊവേഷനെയും സംരഭകത്വത്തെയും പ്രോല്‍സാഹിപ്പിച്ച് പുതിയ ബിസിനസ് ആശയങ്ങളുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന പരിസ്ഥിതി സൃഷ്ടിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ലക്ഷ്യം. 19 ഘടകങ്ങളാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പ്രവര്‍ത്തന പദ്ധതിക്ക് കീഴിലുള്ളത്. ചട്ടങ്ങലുടെ ലഘൂകരിക്കല്‍, ഫണ്ടിംഗ് സഹായം, വ്യാവസായിക- അക്കാഡമിക് സഹകരണം, ഇന്‍കുബേഷന്‍ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കൊടുക്കുന്നത്. എന്നാല്‍ രാജ്യവ്യാപകമായി നടപ്പാക്കുന്ന പദ്ധതിക്ക് അനുവദിക്കപ്പെട്ടിട്ടുള്ള തുക അപര്യാപ്തമാണ്.

മേക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് 473.3 കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. നിക്ഷേപ പ്രോല്‍സാഹനത്തിനായി 232.02 കോടി, മാനുഫാക്ചറിംഗ് നയത്തിന്റെ നടപ്പാക്കലിനായി 8.47 കോടി, ഫണ്ടുകളുടെ സഹായത്തിനായി 100 കോടി എന്നിങ്ങനെയാണ് നീക്കിവെച്ചിട്ടുള്ളത്. 149 കോടി രൂപയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മേക്ക് ഇന്‍ ഇന്ത്യക്കായി നീക്കിവെച്ചിട്ടുള്ളത്. ഇന്ത്യയെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബ് ആക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ 2014 സെപ്റ്റംബര്‍ 25നാണ് മേക്ക് ഇന്‍ ഇന്ത്യ അവതരിപ്പിക്കപ്പെട്ടത്.

വ്യാവസായിക നയ വികസന വകുപ്പിനുള്ള മൊത്തം വിഹിതം കുറയുകയാണ് ചെയ്തിട്ടുള്ളത്. 2018-19ല്‍ 6,140.23 കോടി രൂപ ലഭ്യമായെങ്കില്‍ ബജറ്റില്‍ 2019-20 സാമ്പത്തിക വര്‍ഷത്തിനായി നീക്കിവെച്ചിട്ടുള്ളത് 5,674.51 കോടി രൂപയാണ്. വ്യാവസായങ്ങളെയും ആഭ്യന്തര വ്യാപാരത്തെയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് എന്നതിലേക്ക് അടുത്തിടെ ഈ വകുപ്പിന്റെ പേരു മാറ്റിയിരുന്നു. വാണിജ്യ- വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് ഈ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Business & Economy