കര്‍ഷകര്‍ക്കുള്ള ധനസഹായം ഭാവിയില്‍ വര്‍ധിക്കും: അരുണ്‍ ജയ്റ്റ്‌ലി

കര്‍ഷകര്‍ക്കുള്ള ധനസഹായം ഭാവിയില്‍ വര്‍ധിക്കും: അരുണ്‍ ജയ്റ്റ്‌ലി

പദ്ധതിയില്‍ ഇടം കിട്ടാത്ത 15 കോടി കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മറ്റ് സഹായങ്ങള്‍; സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ വിഹിതം കൂടി ചേര്‍ത്ത് കര്‍ഷകരെ സഹായിക്കാം

  • പിഎം കിസാന്‍ സമ്മാന്‍ യോജന പ്രകാരം 12 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ലഭിക്കും
  • ആദ്യ വര്‍ഷം പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ ചെലവാക്കുക 75,000 കോടി രൂപ
  • മൂന്ന് ഗഡുക്കളായാവും കര്‍ഷകര്‍ക്ക് പണം ലഭിക്കുക
  • പൂര്‍ണ ചെലവ് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ യോജനയിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് അനുവിദിച്ചിരിക്കുന്ന 6,000 രൂപ സഹായം തുടക്കം മാത്രമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വരും വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ വിഭവശേഷി ഉയരുമ്പോള്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കുന്ന സഹായധനവും ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ ചികിത്സയിലുള്ള ധനമന്ത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ധനസഹായം കൂടി ചേര്‍ത്ത് ഈ തുക വര്‍ധിപ്പിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭവനങ്ങള്‍, ഭക്ഷ്യ സബ്‌സിഡി, സൗജന്യ ആരോഗ്യ പരിരക്ഷ, ആശുപത്രിയിലെ കിടത്തി ചികിത്സ, ശുചിത്വം, വൈദ്യുതി, റോഡുകള്‍, പാചകവാതക കണക്ഷനുകള്‍ എന്നിവയ്‌ക്കൊപ്പം 12 കോടി ചെറുകിട കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6,000 രൂപ നല്‍കുന്ന പദ്ധതി കാര്‍ഷിക മേഖലയിലെ ദുരിതം അഭിസംബോധന ചെയ്യാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് ധനമന്ത്രി പറഞ്ഞു. ‘പദ്ധതി ആരംഭിച്ച ആദ്യ വര്‍ഷമാണിത്. സര്‍ക്കാരിന്റെ വരുമാന വിഭവങ്ങള്‍ മെച്ചപ്പെട്ടാല്‍ ഈ തുക വര്‍ധിച്ചേക്കാം,” അദ്ദേഹം പറഞ്ഞു.

സ്‌കീമില്‍ ഉള്‍പ്പെടാത്ത 15 കോടി കര്‍ഷകര്‍ക്ക് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പടെയുള്ള മറ്റ് പദ്ധതികള്‍ വഴി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ”ഗ്രാമീണ മേഖലയുടെ വികസനത്തിനായി പ്രതിവര്‍ഷം 75,000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഈ തുക വര്‍ധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ചില സംസ്ഥാനങ്ങള്‍ നിലവില്‍ത്തന്നെ പദ്ധതി ഏറ്റെടുത്തു കഴിഞ്ഞു. മറ്റുള്ളവര്‍ അതിനായി പരിശ്രമിക്കും. അങ്ങനെയാകുമ്പോള്‍ തുക വര്‍ധിക്കും,” ജയ്റ്റ്‌ലി വ്യക്തമാക്കി. തങ്ങളുടേതായ വരുമാന പദ്ധതികള്‍ കൊണ്ടുവരുക വഴി കാര്‍ഷിക പ്രതിസന്ധി അഭിസംബോധന ചെയ്യാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടികളുടെ അതിരുകള്‍ മറികടന്ന് കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ കൊണ്ടുവരേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. മിക്ക കേന്ദ്ര-സംസ്ഥാന പദ്ധതികളും 60: 40 എന്ന അനുപാതത്തിലുള്ളതാണെന്നും വിമര്‍ശനങ്ങള്‍ മറന്ന് 40 ശതമാനം ഉറപ്പു വരുത്താന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിത്തേര്‍ത്തു.

ഇടക്കാല ബജറ്റില്‍ അവതരിപ്പിച്ച കര്‍ഷക ക്ഷേമ പദ്ധതിയെ പരിഹസിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം ശക്തമായ മറുപടി നല്‍കി. പ്രതിപക്ഷ നേതാവ് ഇനിയും വളരേണ്ടതുണ്ടെന്നും കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പിലല്ല ദേശീയ തെരഞ്ഞെടുപ്പിലാണ് മത്സരിക്കുന്നത് എന്ന് അദ്ദേഹം തിരിച്ചറിയണമെന്നും ജയ്റ്റ്‌ലി വിമര്‍ശിച്ചു. ‘കോണ്‍ഗ്രസ് ഇതു വരെ കര്‍ഷകര്‍ക്കായി ചെയ്ത ഏറ്റവും വലിയ കാര്യം 70,000 കോടി രൂപയുടെ കടമെഴുതിത്തള്ളല്‍ പ്രഖ്യാപനമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ വിതരണം ചെയ്തത് 52,000 കോടി രൂപ മാത്രം. ഇതില്‍ത്തന്നെ വലിയൊരു തുക കച്ചവടക്കാരും വ്യാപാരികളും തട്ടിയെടുത്തെന്നാണ് സിഎജി റിപ്പോര്‍ട്ട്,’ ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

Comments

comments

Categories: FK News, Slider
Tags: Farmers aid