ഡിജിറ്റല്‍ ഇന്ത്യക്ക് കുതിപ്പേകും

ഡിജിറ്റല്‍ ഇന്ത്യക്ക് കുതിപ്പേകും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി രാജ്യത്തിന്റെ പരിവര്‍ത്തനപ്രക്രിയയില്‍ നിര്‍ണായകമാകും

ജനകീയവും രാഷ്ട്രീയ നേട്ടം തരുന്നതുമായ ബജറ്റായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ വെള്ളിയാഴ്ച്ച അവതരിപ്പിച്ചത്. ബജറ്റിന്റെ വിവിധ വശങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്തുകഴിഞ്ഞു. വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമീണ ഇന്ത്യയെ ഡിജിറ്റലായി ശാക്തീകരിക്കാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ പദ്ധതികള്‍ വലിയ പരിവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ്. മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോക നേതാവായി ഇന്ത്യ മാറിക്കഴിഞ്ഞതോടെ, അതിന്റെ ഫലപ്രാപ്തി രാജ്യത്തെ വിദൂര ഗ്രാമങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഒരു ലക്ഷം ഗ്രാമങ്ങളെ അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റലാക്കുമെന്ന് 2019-20ലെ ഇടക്കാല ബഡ്ജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കവേ കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ, റെയ്ല്‍വേ, കല്‍ക്കരി മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞത്. പൊതു സേവന കേന്ദ്രങ്ങള്‍ വ്യാപകമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇതിനുള്ള ശ്രമം നടത്തുന്നത്.

ഗ്രാമങ്ങളെ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കി മാറ്റുന്നതിന് പൊതുസേവന കേന്ദ്രങ്ങള്‍ അവയുടെ സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുകയും ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയും കണക്റ്റിവിറ്റി ഉള്‍പ്പെടെ വിശാലമാക്കുകയും ചെയ്യുമെന്നാണ് ഇടക്കാല ധനമന്ത്രിയുടെ കൂടി ചുമതല വഹിക്കുന്ന പിയുഷ് ഗോയല്‍ വ്യക്തമാക്കിയത്.

ഏകദേശം 12 ലക്ഷം ആളുകള്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങളാണുള്ളത്. രാജ്യത്തെ ജനങ്ങള്‍ക്ക് വിവിധതലങ്ങളിലുള്ള നിരവധി സേവനങ്ങള്‍ ഇവ നല്‍കുന്നു. ലോകത്തില്‍ ഇന്ന് ഏറ്റവും കുറഞ്ഞ മൊബീല്‍-ഡാറ്റ നിരക്കുള്ള രാജ്യമായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ തന്നെ ഇന്ത്യയിലെ മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വ്യാപകമായ വര്‍ധനയ്ക്കാണ് ഇനിയും സാധ്യതയുള്ളത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 50 ഇരട്ടി വര്‍ധനയാണ് ഉണ്ടായത്. ഡാറ്റയുടെയും വോയിസ് കോളുകളുടെയും നിരക്ക് വലിയ തോതില്‍ കുറഞ്ഞതാണ് ഇതിന് കാരണം. റിലയന്‍സ് ജിയോയുമായി മുകേഷ് അംബാനി ടെലികോം രംഗത്തേക്ക് വീണ്ടുമെത്തിയതാണ് ഇതിന് വഴിവെച്ചതെന്നതും ഓര്‍ക്കേണ്ടതുണ്ട്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിലൂടെ മൊബീല്‍ ഉല്‍പ്പാദന വ്യവസായത്തിന്റെ പുതിയ കേന്ദ്രമായി ഇന്ത്യ മാറുന്നുവെന്നതും ഡിജിറ്റല്‍ ഇന്ത്യക്ക് ഗുണം ചെയ്യും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍ മൊബീലിന്റെയും അതിന്റെ ഭാഗങ്ങളുടെയും നിര്‍മാണ കമ്പനികള്‍ രണ്ടില്‍ നിന്ന് 268 ആയി ഉയര്‍ന്നു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഉത്‌പ്രേരകമായതിനൊപ്പം ഇത് വലിയ തോതില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കുകയുണ്ടായി. ഗ്രാമങ്ങളുടെ ഡിജിറ്റല്‍ ശാക്തീകരണ പദ്ധതിയുടെ വേഗത കുറയ്ക്കാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിവേഗം വളരുന്ന ലോകത്ത് അതിജീവനത്തിനുള്ള വഴി കൂടിയാണ് ഡിജിറ്റല്‍ മുന്നേറ്റം.

മൊബീല്‍ ഫോണ്‍ വിപ്ലവത്തെ നാടിന്റെ തലവര മാറ്റാനുള്ള മാര്‍ഗം കൂടിയായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഗ്രാമങ്ങളെ ഡിജിറ്റല്‍ സങ്കേതങ്ങളിലൂടെ ബന്ധിപ്പിക്കുന്നതിനൊപ്പം തന്നെ ഗ്രാമീണര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്ന തരത്തിലുള്ളതുമാകണം ഈ മുന്നേറ്റങ്ങള്‍. 40,000ത്തോളം വില്ലേജുകളില്‍ ഇതിനോടകം വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സജ്ജീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നതും മികച്ച കാര്യമാണ്.

Comments

comments

Categories: Editorial, Slider