ഭൂട്ടാന്‍ ചങ്ങാത്തത്തിന് ചൈന; ഇന്ത്യക്ക് ഭീഷണി

ഭൂട്ടാന്‍ ചങ്ങാത്തത്തിന് ചൈന; ഇന്ത്യക്ക് ഭീഷണി

ഭൂട്ടാനുമായി കൂടുതല്‍ ചങ്ങാത്തത്തിന് ചൈന. ബെയ്ജിംഗിന്റെ നയം ഇന്ത്യക്ക് എല്ലാ തലങ്ങളിലും ഭീഷണി ഉയര്‍ത്തുമെന്നകാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ ചൈനയുമായി യാതൊരു നയതന്ത്ര ബന്ധങ്ങളും ഇല്ലാത്ത നാടാണ് ഹിമഗിരിനിരയിലെ ഈ കൊച്ചു രാജ്യം. ഇന്ത്യയിലെ ചൈനീസ് അംബാസിഡറായ ലുവോ ഷാഹുയിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം ഈ ദിശയിലുള്ള സൂചനകളാണ് നല്‍കുന്നത്. കഴിഞ്ഞ മാസം 21 മുതല്‍ 25 വരെ അഞ്ചു ദിവസത്തെ വിശദമായ സന്ദര്‍ശനമാണ് അദ്ദേഹം നടത്തിയത്. രാജാവുമായും എല്ലാ നേതാക്കളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. ഇതിനു മുമ്പ് ദോക്‌ലാം സംഘര്‍ത്തിനുശേഷമായിരുന്നു ഷാഹുയി തിമ്പുവിലെത്തിയത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോഗ്‌ബെ, രാജാവ് കേസര്‍ നംഗ്യേല്‍ വാങ്ചുക്ക് എന്നിവരുമായി അന്നും അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ചൈനയുടെ ഭൂട്ടാനിലേക്കുള്ള പ്രവേശം ഇന്ത്യയുടെ വിദേശനയത്തില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. കാരണം തിമ്പുവിലെ ഭൂട്ടാനിലെ പുതിയ സര്‍ക്കാര്‍ അതിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതില്‍ പങ്കാളിയാകാനുള്ള താല്‍പ്പര്യം ബെയ്ജിംഗ് അറിയിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരു സാംസ്‌കാരിക സംഘവും നയതന്ത്ര പ്രതിനിധിയോടൊപ്പം ഭൂട്ടാനിലെത്തിയിരുന്നു.

ഇന്ത്യയുമായി മാത്രം സഹകരിച്ചു വന്നിരുന്ന ഒരു അയല്‍ രാജ്യമായിരുന്നു ഭൂട്ടാന്‍. പലവിധത്തിലും ചൈന അവിടെ പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇതുവരെ അത് പരാജയപ്പെട്ട ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ രാജഭരണം മാറി ജനാധിപത്യത്തിലേക്ക് ഈ കൊച്ചു രാജ്യം പ്രവേശിച്ചപ്പോള്‍ ബെയ്ജിംഗിന്റെ പ്രതീക്ഷകളേറിയിരുന്നു. തുടര്‍ന്ന് അവിടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനായിരുന്ന ചൈന. ഈ നീക്കത്തിനാണ് ഇപ്പോള്‍ ഭാഗികമായ വിജയം കൈവന്നിരിക്കുന്നത്. ബെയ്ജിംഗിനെ സംബന്ധിച്ചിടത്തോളം ഭൂട്ടാന് സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്.

ഭൂട്ടാനിലെ പ്രധാന വരുമാനങ്ങളിലൊന്ന് മിച്ച വൈദ്യുതിയുടെ വില്‍പ്പനയാണ്. അത് വില്‍ക്കുന്നത് ഇന്ത്യക്കാണ്. എന്നാല്‍ ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതിനാലും കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തേണ്ടതിനാലും പുതിയ സര്‍ക്കാര്‍ ജലവൈദ്യുത പദ്ധതികളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഇന്ത്യക്ക് തിരിച്ചടിയാകും. നിലവില്‍ ആകെ വരുമാനത്തിന്റെ 40 ശതമാനവും ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ് ലഭിക്കുന്നത്. ഇത് ഭൂട്ടാന്റെ ജിഡിപിയുടെ 25ശതമാനമാണ്. ഇതിനു സമാന്തരമായി തങ്ങളുടെ സാമ്പത്തിക മേഖലയില്‍ പരിഷ്‌ക്കരണം കൊണ്ടുവരികയാണ് പുതിയ സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഭൂട്ടാനിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഹൈഡ്രോ പ്രോജക്റ്റുകളാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നതായി ഭരണകക്ഷി പാര്‍ട്ടിയായ ഡിഎന്‍ടി വ്യക്തമാക്കി. എന്നാല്‍ ഭാവിയില്‍ കാലാവസ്ഥാ വ്യതിയാനവും മറ്റും ഈ മേഖലയെ കൂടുതല്‍ ആശ്രയിക്കുന്നത് ഒഴിവാക്കുന്ന അവസ്ഥയിലെത്തിക്കും.

അപ്പോള്‍ ഈ രംഗത്ത് നല്‍കുന്ന ശ്രദ്ധ മറ്റ് പല മേഖലകളിലേക്കും മാറ്റാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിട്ടുള്ളതായി പാര്‍ട്ടി മാനിഫെസ്റ്റോയില്‍ തന്നെ പറയുന്നുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്തേണ്ടതും ഉണ്ട്. നിലവില്‍ ഭൂട്ടാന്റെ വ്യാപാരത്തിന്റെ 80 ശതമാനവും ഇന്ത്യയുമായിട്ടാണ് നടക്കുന്നത്. ഇവിടെ വ്യത്യാസം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന നേരത്തുതന്നെ ചൈന അവിടെ ഇടപെട്ടു കഴിഞ്ഞു. ഇതാണ് ഇന്ത്യ അപകടം തിരിച്ചറിയാന്‍ കാരണം.

കഴിഞ്ഞവര്‍ഷം ഭൂട്ടാന്റെ നാഷണല്‍ അസംബ്ലി പിരിച്ചുവിട്ടതിനു തൊട്ടുമുമ്പുതന്നെ അവിടെയുള്ള കൂടുതല്‍ വ്യാപാര സാധ്യതകളെക്കുറിച്ച് ചൈന ആരാഞ്ഞിരുന്നു. ചൈനയുടെ ഉപ വിദേശകാര്യമന്ത്രി കോംഗ് സുവാന്‍യു തിമ്പു സന്ദര്‍ശിച്ചത് ഇത് മുന്നില്‍ക്കണ്ടാണ്. ഭൂട്ടാന്‍ നേതാക്കളുമായി കോംഗ് അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തു. ബെല്‍റ്റ് റോഡ് പദ്ധതിയിലേക്ക്് അവരെ ക്ഷണിക്കുകയും ചെയ്തു. ചൈനയുടെ ഈ പദ്ധതിയില്‍ ഇന്ത്യക്കൊപ്പം നിന്ന ഏക അതിര്‍ത്തി രാജ്യമാണ് ഭൂട്ടാന്‍.

ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയില്‍ ഭൂട്ടാന്റെ 12ാം പഞ്ച പത്സര പദ്ധതികക്കായി 4500 കോടിയുടെ ഗ്രാന്റ് പ്രഖ്യാപിച്ചു. വ്യാപാര ,സാമ്പത്തിക സഹകരണത്തിനായി 400 കോടിയുടെ സഹായവും പുറമേ അനുവദിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി മോദിയെ ഷെറിംഗ് ഭൂട്ടാനിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഭൂട്ടാനില്‍നിന്നും ചൈനയെ അകറ്റി നിര്‍ത്താന്‍ ഉപകരിക്കുന്ന നടപടികള്‍ ഒന്നും തന്നെ ഇന്ത്യയുടെ ഭാഗത്തുനിന്ന് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഒരു തിരിച്ചടിയാണ്. ഇന്ത്യ നിരവധി പദ്ധതികള്‍ ആ രാജ്യത്ത് നടപ്പാക്കുന്നുണ്ട്. എന്നാല്‍ വൈവിധ്യം കൊണ്ടുവന്ന്് വ്യാപാരത്തില്‍ വിള്ളലുണ്ടാക്കുകയാണ് ബെയ്ജിംഗിന്റെ ലക്ഷ്യം. ഇതിനായി സഹായ ധനം പ്രഖ്യാപിക്കല്‍ ,അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരുക്കും ചൈനയുടെ പ്രവര്‍ത്തനം. ഇതുവഴി നിരവധി തൊഴിലവസരങ്ങളും അവര്‍ വാഗ്ദാനം ചെയ്യും.

അതേസമയം ചൈനയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഭൂട്ടാന്‍ താല്‍പ്പര്യപ്പെടുന്നതായി ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിനും വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനും താല്‍പ്പര്യമുള്ളതായി പ്രധാനമന്ത്രി ഷെറിംഗ് പറഞ്ഞതായാണ് വാര്‍ത്തകള്‍. ചൈനയിലെ ഇന്ത്യന്‍ അംബാസിഡറുമായി കഴിഞ്ഞ വ്യാഴാഴ്ച ചര്‍ച്ച നടത്തിയതിനുശേഷമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചൈനയുമായുള്ള ബന്ധത്തിന് തങ്ങള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നതായി ഷെറിംഗ് പറഞ്ഞു. ചൈനീസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഇന്ത്യക്ക് തലവേദന ഉണ്ടാക്കുന്നതുതന്നെയാണ്.

Comments

comments

Categories: Politics

Related Articles