ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് വരുമാനം മൂന്നിലൊന്ന് ഇടിഞ്ഞു

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് വരുമാനം മൂന്നിലൊന്ന് ഇടിഞ്ഞു

പുതിയ എഫ്ഡിഐ നയം ഇ-കൊമേഴ്‌സ് കമ്പനികളെ ബാധിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ നിക്ഷേപ നയങ്ങള്‍ രാജ്യത്തെ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളെ ബാധിച്ചു തുടങ്ങി. ആമസോണ്‍, ഫഌപ്പ്കാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ വില്‍പ്പന മൂന്നില്‍ ഒന്നായി ചുരുങ്ങി. വിദേശ ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്ലാറ്റ്‌ഫോമില്‍ അവര്‍ക്ക് ഓഹരി വിഹിതമുളള ഉല്‍പ്പാദകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കരുത് എന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ പുതിയ നിയമപ്രകാരം നിലവില്‍ വന്നിരുന്നു.

പുതിയ നയപ്രകാരം ഒരു പ്രത്യേക ഇ-കൊമേഴ്‌സ് പോര്‍ട്ടലിന് ഒരു വില്‍പ്പനക്കാരനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റുകൊണ്ട് സമ്പാദിക്കാവുന്ന വരുമാനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. മൊത്ത വരുമാനത്തിന്റെ 25 ശതമാനം എന്നതാണ് ഈ പരിധി. ഏതെങ്കിലും ഒരു വില്‍പ്പനക്കാരനിലേക്ക്് ഉപഭോക്താവ് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്ന രീതിയില്‍ ആ വില്‍പ്പനക്കാരന് പോര്‍ട്ടലില്‍ അമിത പ്രാധാന്യം നല്‍കാന്‍ കമ്പനിക്ക് സാധിക്കില്ല. പുതിയ നിയമം പ്രാബല്യത്തില്‍ വന്ന ഈ മാസം ഒന്നാം തിയതി മുതല്‍ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുമായി സംയുക്ത സംരംഭത്തിലുള്ള കമ്പനികളുടെയും മുന്‍ഗണന കല്‍പ്പിക്കുന്ന വില്‍പ്പനക്കാരുടെയും ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു. ഇത് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം പരിമിതപ്പെടുത്തുകയും ഉയര്‍ന്ന വില ഈടാക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. വിതരണ സമയവും വര്‍ധിച്ചിട്ടുണ്ട്. കമ്പനികളുടെ വില്‍പ്പനയില്‍ 25-35 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.

വെള്ളിയാഴ്ച മുതല്‍ സിംബല്‍, മിക്‌സ്, സോളിമോ, ബേസിക്‌സ് തുടങ്ങിയ ലേബലുകള്‍ ആമസോണിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് അപ്രത്യക്ഷമായി. ആമസോണിന് ഭാഗിക ഉടമസ്ഥതയുള്ള ക്ലൗഡ്‌ടെയ്ല്‍, അപ്പാരിയോ എന്നിവയാണ് ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ഷോപ്പേസ് സ്റ്റോപ്പ് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളും ആമസോണ്‍ ഒഴിവാക്കിയിട്ടുണ്ട്. ഷോപ്പേസ് സ്റ്റോപ്പിലെ അഞ്ച് ശതമാനം ഓഹരികള്‍ 2017ല്‍ ആമസോണ്‍ ഏറ്റെടുത്തിരുന്നു. തങ്ങള്‍ മുന്‍ഗണന കല്‍പ്പിക്കുന്ന വില്‍പ്പനക്കാരായ ഡബ്ല്യുഎസ് റീട്ടെയ്‌ലില്‍ നിന്നുള്ള വില്‍പ്പന ഫഌപ്പ്കാര്‍ട്ട് ഒഴിവാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy