സിപിഎസ്ഇ വഴി 2019-2020ല്‍ 90,000 കോടി രൂപ സ്വരൂപിക്കാന്‍ പദ്ധതി

സിപിഎസ്ഇ വഴി 2019-2020ല്‍ 90,000 കോടി രൂപ സ്വരൂപിക്കാന്‍ പദ്ധതി

പത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് അടുത്ത സാമ്പത്തിക വര്‍ഷം ഐപിഒ വിപണിയിലേക്ക് പ്രവേശിക്കാന്‍ തയാറായിട്ടുള്ളത്

ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) ഓഹരി വില്‍പ്പന വഴി അടുത്ത സാമ്പത്തിക വര്‍ഷം (2019-2020) 90,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. ഓഹരി വില്‍പ്പന വഴി സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്ന തുകയില്‍ 12.5 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 80,000 കോടി രൂപയുടെ നിക്ഷേപം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ കണ്ടെത്താണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, പത്ത് മാസം പിന്നിട്ടിട്ടും ഇതിന്റെ പകുതിയോളം തുക പോലും സമാഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ 35,532 കോടി രൂപയാണ് സിപിഎസ്ഇകളുടെ ഓഹരി വില്‍പ്പന വഴി സര്‍ക്കാര്‍ സ്വരൂപിച്ചത്. എന്നാല്‍, ജനുവരി-മാര്‍ച്ച് പാദത്തില്‍ കൂടുതല്‍ കമ്പനികളുടെ ഓഹരി വില്‍പ്പന നടക്കുമെന്നും ബജറ്റിലെ പ്രഖ്യാപിത ലക്ഷ്യം നേടാനാകുമെന്നും സര്‍ക്കാര്‍ ആന്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയിലധികം ഓഹരി വില്‍പ്പന വഴി സര്‍ക്കാരിലേക്കെത്തിയിരുന്നു. 80,000 കോടി രൂപയിലുമധികം തുക ഈ സാമ്പത്തിക വര്‍ഷവും സ്വരൂപിക്കാന്‍ കഴിയുമെന്നാണ് ഇടക്കാല ബജറ്റവതരണത്തിനിടെ പീയുഷ് ഗോയല്‍ പറഞ്ഞത്.

അടുത്ത സാമ്പത്തിക വര്‍ഷം സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്ന 90,000 കോടി രൂപ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും റെയ്ല്‍വേയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ക്കുമായി വിനിയോഗിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. പത്ത് പൊതുമേഖലാ സ്ഥാപനങ്ങളാണ് അടുത്ത സാമ്പത്തിക വര്‍ഷം ഐപിഒ വിപണിയിലേക്ക് പ്രവേശിക്കാന്‍ തയാറായി നില്‍ക്കുന്നത്.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ സിപിഎസ്ഇകളുടെ അഞ്ചാമത്തെ പട്ടിക നിതി ആയോഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. 35 കമ്പനികളാണ് പട്ടികയിലുള്ളത്. ഇവ ഇനി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. എയര്‍ ഇന്ത്യ, അനുബന്ധ സ്ഥാപനമായ എഐഎടിഎസ്എല്‍, ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍, ബിഇഎംഎല്‍, സ്‌കൂട്ടേഴ്‌സ് ഇന്ത്യ, ഭാരത് പമ്പ്‌സ് കംപ്രസേഴ്‌സ്, സെയിലിന്റെ ഭദ്രാവതി, സേലം, ദുര്‍ഗ്ഗപ്പൂര്‍ യൂണിറ്റുകള്‍ എന്നിവയാണ് പട്ടികയിലുള്ള കമ്പനികള്‍.

ഹിന്ദുസ്ഥാന്‍ ഫഌൂറോകാര്‍ബണ്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, എച്ച്എല്‍എല്‍ ലൈഫ് കെയര്‍, സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ്, ബ്രിഡ്ജ് ആന്‍ഡ് റൂഫ് ഇന്ത്യ, എന്‍എംഡിസിയുടെ നാഗര്‍ണര്‍ സ്റ്റീല്‍, സിമന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യൂണിറ്റ്, ഐടിഡിസി എന്നിവയുടെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭ ഇതിനകം അനുമതി നല്‍കികഴിഞ്ഞു. കമ്പനികളുടെ ഓഹരി വില്‍പ്പന വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പരമാവധി കുറയ്ക്കുന്ന കാര്യം ധനമന്ത്രാലയം പരിഗണിക്കുന്നുണ്ട്. ദീര്‍ഘകാല വില്‍പ്പന നടപടികള്‍ ലളിതമാകുന്നതോടെ ഒന്നിലധികം സിപിഎസ്ഇകള്‍ക്ക് ഒരേസമയം ഓഹരി വില്‍പ്പന നടത്താനാകുമെന്ന് ഡിഐപിഎഎം സെക്രട്ടറി അതനു ചക്രബര്‍ത്തി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പേറേഷനില്‍ (എച്ച്പിസിഎല്‍) സര്‍ക്കാരിനുള്ള 51 ശതമാനം ഓഹരികള്‍ ഒഎന്‍ജിസി ഏറ്റെടുത്തിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളായ ആര്‍ഐടിഇഎസും ഐആര്‍കോണ്‍ ഇന്റര്‍നാഷണലും ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സുമാണ് പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) സംഘടിപ്പിച്ചത്. ഇതിനുപുറമെ സിപിഎസ്ഇ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴി 17,000 കോടി രൂപയും സര്‍ക്കാര്‍ സ്വരൂപിച്ചു. നിലവില്‍ 57 സിപിഎസ്ഇകളാണ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 13 ലക്ഷം കോടി രൂപയിലുമധികമാണ് ഇവയുടെ മൊത്തം വിപണി മൂല്യം.

ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യം നേടുമോ?

  • സിപിഎസ്ഇകളുടെ ഓഹരി വില്‍പ്പന വഴി 80,000 കോടി രൂപ സ്വരൂപിക്കുമെന്ന് പ്രഖ്യാപനം
  • ഇതുവരെ (ഏപ്രില്‍-ജനുവരി) സമാഹരിച്ചത് 35,532 കോടി രൂപ. ലക്ഷ്യം നേടാന്‍ ഇനിയും 44,468 കോടി രൂപ സമാഹരിക്കണം
  • 35 സിപിഎസ്ഇകളുടെ ഓഹരി വില്‍പ്പന കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയില്‍. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ട് മാസം മാത്രം
  • ഓഹരി വില്‍പ്പന നടപടിക്രമങ്ങള്‍ ലളിതമാക്കിയേക്കും. ഇത് ഒന്നിലധികം സിപിഎസ്ഇകള്‍ക്ക് ഒരേസമയം ഓഹരി വില്‍പ്പന നടത്താന്‍ സഹായിക്കും.
  • നിലവില്‍ 57 സിപിഎസ്ഇകളാണ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 13 ലക്ഷം കോടി രൂപയിലുമധികമാണ് ഇവയുടെ മൊത്തം വിപണി മൂല്യം

Comments

comments

Categories: Business & Economy