മൂന്ന് ധാതു ഖനികളുടെ ലേലം ഉടന്‍

മൂന്ന് ധാതു ഖനികളുടെ ലേലം ഉടന്‍

അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കും

ന്യൂഡെല്‍ഹി: ഫെബ്രുവരിയിലും മാര്‍ച്ചിലുമായി മൂന്ന് ധാതു ഖനികളുടെ ലേലം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. 280.295 മില്യണ്‍ ടണ്ണിന്റെ ധാതു സമ്പത്ത് ഈ ബ്ലോക്കുകളില്‍ മൊത്തമായി ഉണ്ടെന്നാണ് കണക്കാക്കുന്നത്. രണ്ട് ലൈംസ്‌റ്റോണ്‍ ഖനികളുടെയും ഒരു ഗ്രാഫൈറ്റ് ഖനിയുടെയും ഖനനം ഉടനുണ്ടാകുമെന്നാണ് ഖനന മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നത്.

ചത്തീസ്ഗഡിലെ ലൈംസ്റ്റോണ്‍ ഖനികള്‍ക്കായുള്ള ലേലം ഫെബ്രുവരി 8, 11 തീയതികളിലായാണ് നടക്കുക. ജാര്‍ഖണ്ഡിലെ ഗ്രാഫൈറ്റ് ഖനിക്കായുള്ള ലേലം മാര്‍ച്ച് 2ന് നടക്കും. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ 6നാണ് ലൈംസ്റ്റോണ്‍ ഖനികള്‍ക്കായുള്ള ലേലത്തിന് ടെന്‍ഡറുകള്‍ ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഗ്രാഫൈറ്റ് ഖനിക്കായുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചത് ഡിസംബര്‍ 25നാണ്.

ധാതു ഖനികള്‍ വില്‍പ്പനയ്ക്ക് മുമ്പു തന്നെ പാരിസ്ഥിതിക അനുമതി ഉള്‍പ്പടെയുള്ള എല്ലാ അംഗീകാരങ്ങളും നല്‍കുന്നത് പരിഗണിക്കുകയാണെന്ന് നേരത്തേ സര്‍ക്കാര്‍ പറഞ്ഞിരുന്നു. കൂടുതല്‍ പേരേ ലേലത്തിന് ആകര്‍ഷിക്കുന്നതിനാണ് ഇത്. പുതുതായി പാട്ടത്തിന് നല്‍കിയ 288 ഖനികളുടെ പാരിസ്ഥിതിക, വന അനുമതികള്‍ ഏക ജാലകമായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമാണ് ഇവയുടെ പാട്ട കാലാവധി.

2015ലാണ് ഖനാനുമതികള്‍ നല്‍കുന്നത് കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള നിയമ ഭേദഗതി സര്‍ക്കാര്‍ നടപ്പാക്കിയത്. ലേലവും അനുബന്ധ നടപടികളും വേഗത്തിലാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: FK News
Tags: mining