പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലെ വിതരണം ഈ മാസം തന്നെ തുടങ്ങും

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലെ വിതരണം ഈ മാസം തന്നെ തുടങ്ങും

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കായി നടത്തിയ ഏറ്റവും സുപ്രധാനമായ തീരുമാനമായ ‘പ്രധാനമന്ത്രി കാര്‍ഷിക സമ്മാന്‍ നിധി’ പ്രകാരമുള്ള ചെലവിടല്‍ ഈ മാസം തന്നെ ആരംഭിക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു. 2 ഹെക്റ്റര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് മൂന്നു ഗഡുക്കളായി പ്രതിവര്‍ഷം 6000 രൂപ നല്‍കുന്ന പദ്ധതിയാണിത്. 2018 ഡിസംബര്‍ 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി പിയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആരൊക്കെ എന്ന ഡാറ്റ ഇപ്പോള്‍ തന്നെ ലഭ്യമാണ്. ലാന്‍ഡ് റെക്കോഡ് ഡാറ്റാ പ്രകാരം ചെറുകിട, ഇടത്തരം കര്‍ഷകരെ കണ്ടെത്താനായിട്ടുണ്ടെന്നും നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കുന്നതിനായി 20,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറയുന്നു. 12 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കാര്‍ഷിക സെന്‍സസ് 2015-16ന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതു കൂടാതെ മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ കാര്‍ഷിക മേഖലയിലെ വിവരങ്ങള്‍ ഇലക്ട്രോണിക്കായി സൂക്ഷിക്കുന്നുണ്ട്. ഈ വിവരങ്ങളെല്ലാം ഒത്തുനോക്കി പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന കുടുംബങ്ങളുടെ അന്തിമ പട്ടിക തയാറാക്കുക എന്ന പ്രവര്‍ത്തനമാണ് കാര്‍ഷിക മന്ത്രാലയം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് ഇത് വളരേ വേഗം നടപ്പാക്കാനാകുമെന്നും ഫെബ്രുവരിയില്‍ തന്നെ വലിയൊരു പങ്ക് ആനുകൂല്യ വിതരണം നടത്താനാകുമെന്നും പ്രതീക്ഷിക്കുന്നതായി സുഭാഷ് ചന്ദ്ര ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.

0.5 ഹെക്റ്റര്‍ വരെ, 0.5-1 ഹെക്റ്റര്‍, 1-2 ഹെക്റ്റര്‍, 2-4 ഹെക്റ്റര്‍ എന്നിങ്ങനെ കാര്‍ഷിക ഭൂമി ഉടമസ്ഥതയുടെ തരംതിരിച്ച കണക്ക് കാര്‍ഷിക സെന്‍സസ് 2015-16ല്‍ നിന്ന് ലഭ്യമാണ്. 20,000 കോടി രൂപയുടെ ചെലവിടല്‍ നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിക്കായി ചെലവിടുന്നതിന് ഇപ്പോള്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി തേടും. ഫെബ്രുവരി 13നാണ് ബജറ്റ് സമ്മേളനം അവസാനിക്കുന്നത്.

Comments

comments

Categories: Current Affairs, Slider