പൊതുമേഖലാ എണ്ണ കമ്പനികളുടെ മൂലധന ചെലവിടല്‍ നാലുവര്‍ഷത്തെ താഴ്ചയിലെത്തും

പൊതുമേഖലാ എണ്ണ കമ്പനികളുടെ മൂലധന ചെലവിടല്‍ നാലുവര്‍ഷത്തെ താഴ്ചയിലെത്തും

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികളുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ മൂലധന ചെലവിടല്‍ നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് വിലയിരുത്തല്‍. 2019-20ല്‍ 93,693 കോടി രൂപയുടെ മൊത്തം ചെലവിടലാണ് പര്യവേഷണം, റിഫൈനിംഗ്, പെട്രോ കെമിക്കല്‍സ് എന്നീ മേഖലകളിലായി പൊതുമേഖലാ കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്.

ഒഎന്‍ജിസി, ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, മാംഗ്ലൂര്‍ റിഫൈനറീസ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് എന്നിവയുടെയും അവയുടെ ഉപകമ്പനികളുടെയും മൂലധന ചെലവിടല്‍ പദ്ധതി 2014-15 ശേഷമുള്ള ഏറ്റവും കുറഞ്ഞതാണെന്നാണ് കേന്ദ്ര ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 89,335 കോടി രൂപയുടെ ചെലവിടലാണ് എണ്ണക്കമ്പനികള്‍ ആസൂത്രണം ചെയ്തിരുന്നതെങ്കിലും അത് 94, 438ലേക്ക് ഉയര്‍ന്നിട്ടുണ്ട്. 2017-18ല്‍ 132,003 കോടി രൂപയുടെയും 2016-17ല്‍ 104,426 കോടി രൂപയുടെയും 2015-16ല്‍ 97,223 കോടി രൂപയുടെയും ചെലവിടല്‍ നടന്ന സ്ഥാനത്താണിത്. 2014-15ല്‍ 89,180 കോടി രൂപയായിരുന്നു ചെലവിടല്‍.

എണ്ണ ഇറക്കുമതിയുടെ ഭാരിച്ച ചെലവും അത് സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളും കുറയ്ക്കുന്നതിന് ആഭ്യന്തര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് ഉല്‍പ്പാദനം ഉയര്‍ത്താനുള്ള ചെലവിടലുകള്‍ വെട്ടിക്കുറച്ചിട്ടുള്ളത്. 2017-18ല്‍ 109.1 ബില്യണ്‍ ഡോളറാണ് എണ്ണ, വാതക ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം ഇത് 130 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ബജറ്റ് രേഖകള്‍ പ്രകാരം ഒഎന്‍ജിസി അടുത്ത സാമ്പത്തിക വര്‍ഷം 32,921 കോടി രൂപയുടെ ചെലവിടലാണ് ലക്ഷ്യം വെക്കുന്നത്. നടപ്പുവര്‍ഷം ഇത് 33,007 കോടി രൂപയാണ്. ഐഒസി യുടെ 2019-20ലെ മൂലധന ചെലവിടല്‍ രണ്ട് ശതമാനം ഇടിവോടെ 25,083 കോടി രൂപയാണ്. എന്നാല്‍ എച്ച്പിസിഎലിന്റെയും ബിപിസിഎലിന്റെയും ചെലവിടല്‍ വര്‍ധിക്കുകയാണ്. ഇവ യഥാക്രമം 9,500 കോടി രൂപയിലും 7,900 കോടി രൂപയിലും എത്തും.
ഗെയ്ല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറവോടെ 5,339 കോടി രൂപയുടെ മൂലധന ചെലവിടലാണ് അടുത്ത സാമ്പത്തിക വര്‍ഷത്തിനായി മുന്നോട്ടുവെക്കുന്നത്. ഒഎന്‍ജിസി വിദേശിന്റെ മൂലധന ചെലവിടല്‍ പദ്ധതി 15.5 ശതമാനം ഇടിവോടെ 5,161 കോടി രൂപയിലാണ്.

Comments

comments

Categories: Business & Economy, Slider