പിച്ചെയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് വിശ്വാസം കുറയുന്നു

പിച്ചെയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് വിശ്വാസം കുറയുന്നു

ന്യൂഡെല്‍ഹി: ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചെയുടെ നേതൃത്വത്തിലും അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് ടീമിലും കമ്പനിയിലെ ജീവനക്കാര്‍ക്കുള്ള വിശ്വാസം കുറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് ഭാവിയില്‍ ഗൂഗിളിനെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാന്‍ പിച്ചെയ്ക്കും അദ്ദേഹത്തിന്റെ ടീമിനും കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനക്കാരുടെ സംതൃപ്തി സംബന്ധിച്ച ഗൂഗിളിന്റെ പുതിയ വാര്‍ഷിക സര്‍വേയെ ഉദ്ധരിച്ച് യുഎസ് മാഗസിന്‍ ആയ വയേഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ 74 ശതമാനം (നാലില്‍ മൂന്ന്) ജീവനക്കാരാണ് കമ്പനിയെ കാര്യക്ഷമമായി നയിക്കാനുള്ള പിച്ചെയുടെ കഴിവില്‍ ആന്മവിശ്വാസം പ്രകടിപ്പിച്ചത്. മുന്‍ വര്‍ഷം 92 ശതമാനം ജീവനക്കാര്‍ക്ക് അദ്ദേഹത്തില്‍ നേതൃത്വത്തില്‍ വിശ്വാസമുണ്ടായിരുന്നു.

കഴിഞ്ഞ മാസമാണ് ഗൂഗിള്‍ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട് കമ്പനിക്കകത്ത് അവതരിപ്പിക്കപ്പെട്ടത്. ഗൂഗിളില്‍ ജീവനക്കാര്‍ക്കുള്ള ആന്മവിശ്വാസം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തിയതായാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ പ്രതിഫലത്തില്‍ ജീവനക്കാര്‍ക്ക് സംതൃപ്തി കുറഞ്ഞതായും സര്‍വേ വ്യക്തമാക്കുന്നുണ്ട്. 54 ശതമാനം പേര്‍ മാത്രമാണ് പ്രതിഫലത്തില്‍ തൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്. 2017ല്‍ 64 ശതമാനം പേര്‍ സമാന അഭിപ്രായ പങ്കുവെച്ചിരുന്നു.

ഗൂഗിളിലെ ലൈംഗികാതിക്രമ നയങ്ങള്‍ക്കെതിരെ നവംബറില്‍ ജീവനക്കാര്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചുവടുപിടിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 20,000ല്‍ അധികം ജീവനക്കാരാണ് കമ്പനിയിലെ ലൈംഗിക പീഠനങ്ങള്‍ക്കെതിരെയും മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും പ്രതിഷേധത്തിനിറങ്ങിയത്. ഇതേ തുടര്‍ന്ന് ആശങ്കകള്‍ പരിഹരിക്കുന്നതില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുമെന്ന് പിച്ചെ പറഞ്ഞിരുന്നു. ജീവനക്കാര്‍ക്ക് മികച്ച പിന്തുണയും സുരക്ഷയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Comments

comments

Categories: Business & Economy, Slider