ആമസോണിനും വാള്‍മാര്‍ട്ടിനും വിപണി മൂല്യത്തില്‍ കനത്ത നഷ്ടം

ആമസോണിനും വാള്‍മാര്‍ട്ടിനും വിപണി മൂല്യത്തില്‍ കനത്ത നഷ്ടം

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എഫ്ഡിഐ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇ-കൊമേഴ്‌സ് കമ്പനികളെ ബാധിച്ചുതുടങ്ങി. പുതിയ ഇ-ടെയ്ല്‍ നയം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ആമസോണും വാള്‍മാര്‍ട്ടും വിപണി മൂല്യത്തില്‍ 50 ബില്യണ്‍ ഡോളറിലധികം സംയോജിത നഷ്ടം കുറിച്ചു. ഈ മാസം ഒന്നാം തീയതിയാണ് പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നത്.

ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ വമ്പന്‍ വാഗ്ദാനങ്ങളാണ് ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടുള്ളത്. വിപണിയില്‍ കടുത്ത മത്സരം നടത്തുന്ന ഇ-കൊമേഴ്‌സ് വമ്പന്മാരെ സംബന്ധിച്ച് പുതിയ നയം വെല്ലുവിളിയാകും. അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ആമസോണ്‍ രാജ്യത്ത് വാഗ്ദാനം നല്‍കിയിട്ടുള്ളത്. ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കുന്നതിന് 16 ബില്യണ്‍ ഡോളര്‍ വാള്‍മാര്‍ട്ടും കഴിഞ്ഞ വര്‍ഷം ചെലവഴിച്ചിരുന്നു.

പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ പ്രബാല്യത്തില്‍ വന്നതോടെ വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ നാസ്ഡാക്ക് ലിസ്റ്റഡ് കമ്പനിയായ ആമസോണിന്റെ ഓഹരി മൂല്യം 5.38 ശതമാനം ഇടിഞ്ഞ് 1626.23 ഡോളറായി. 45.22 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇത് കമ്പനിയുടെ വിപണി മൂല്യത്തില്‍ ഉണ്ടാക്കിയത്. വാള്‍മാര്‍ട്ട് ഓഹരി മൂല്യം 2.06 ശതമാനം ഇടിഞ്ഞ് 93.86 ഡോളറായി. കമ്പനിയുടെ വിപണി മൂല്യത്തില്‍ 5.7 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 795.18 ബില്യണ്‍ ഡോളറായിരുന്നു ആമസോണിന്റെ വിപണി മൂല്യം. വാള്‍മാര്‍ട്ടിന്റേത് 272.69 ബില്യണ്‍ ഡോളറും.

ഇന്ത്യയുമായി ബന്ധമില്ലാത്ത ചെലവിടല്‍ വര്‍ധിപ്പിക്കാനുള്ള ആമസോണിന്റെ പദ്ധതിയാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായ ഇടിവില്‍ ഒരു ഭാഗം പങ്കുവഹിക്കുന്നത്. ഇന്ത്യന്‍ ബിസിനസ് അടക്കമുള്ള ആമസോണിന്റെ അന്താരാഷ്ട്ര വില്‍പ്പനയില്‍ പുതിയ നയം പ്രാബല്യത്തില്‍ വരുന്നതിനുമുന്‍പ് തന്നെ മാന്ദ്യം കണ്ടുതുടങ്ങിയിരുന്നു. ആമസോണിന്റെ അന്താരാഷ്ട്ര അറ്റ വില്‍പ്പനയില്‍ 15 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. 20.83 ബില്യണ്‍ ഡോളറായിരുന്നു ഇക്കാലയളവില്‍ കമ്പനിയുടെ വില്‍പ്പന വരുമാനം. ഇതേ കാലയളവില്‍ അന്താരാഷ്ട്ര ബിസിനസില്‍ നിന്നുള്ള നഷ്ടം 30 ശതമാനം കുറയ്ക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. 642 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഡിസംബര്‍ പാദത്തില്‍ കമ്പനിക്കുണ്ടായത്.

ഈ മാസം അവസാനത്തോടെ ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം വാള്‍മാര്‍ട്ട് പുറത്തുവിട്ടേക്കും. ഇ-കൊമേഴ്‌സ് നയത്തിലെ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ തിരക്കുപിടിച്ച് നടപ്പാക്കിയതില്‍ നിരാശയുണ്ടെന്ന് ഫ്‌ളിപ്കാര്‍ട്ട് പറഞ്ഞു. ബിസിനസ് ഘടനയില്‍ മാറ്റം വരുത്തുന്നതിനുള്ള സമയം സര്‍ക്കാര്‍ നല്‍കിയില്ലെന്നും ഫ്‌ളിപ്പ്കാര്‍ട്ട് ആരോപിച്ചു. നയം തങ്ങളുടെ ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് ആമസോണും അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ബിസിനസില്‍ 75-80 ശതമാനം പങ്കുവഹിക്കുന്നത് ആമസോണും ഫ്‌ളിപ്കാര്‍ട്ടുമാണ്.

Comments

comments

Categories: Business & Economy, Slider
Tags: Amazon, Walmart