ടെസ്‌ല മോഡല്‍ 3 ചൈനയിലെത്തി

ടെസ്‌ല മോഡല്‍ 3 ചൈനയിലെത്തി

മോഡല്‍ 3 സെഡാന്റെ ‘പെര്‍ഫോമന്‍സ് ഓള്‍ വീല്‍ ഡ്രൈവ്’ വേര്‍ഷനാണ് പുറത്തിറക്കിയത്

ബെയ്ജിംഗ് : ടെസ്‌ല മോഡല്‍ 3 ചൈനീസ് വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. മോഡല്‍ 3 സെഡാന്റെ ‘പെര്‍ഫോമന്‍സ് ഓള്‍ വീല്‍ ഡ്രൈവ്’ വേര്‍ഷനാണ് പുറത്തിറക്കിയത്. 5.60 ലക്ഷം റെന്‍മിന്‍ബി മുതലാണ് വില. ഏകദേശം 83,000 യുഎസ് ഡോളര്‍. മോഡല്‍ 3 നിര്‍മ്മിക്കുന്ന യുഎസ്സിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ് ചൈനയിലെ വില. കഴിഞ്ഞ മാസമാണ് ചൈനയില്‍ ടെസ്‌ല മോഡല്‍ 3 യുടെ ബുക്കിംഗ് ആരംഭിച്ചത്. എന്നാല്‍ വില കൂടിയ ‘പെര്‍ഫോമന്‍സ് ഓള്‍ വീല്‍ ഡ്രൈവ്’, ‘ലോംഗ് റേഞ്ച് ഡുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ്’ വേര്‍ഷനുകള്‍ മാത്രമേ തല്‍ക്കാലം ലഭിക്കൂ.

അതേസമയം മോഡല്‍ 3 യുടെ വില കുറഞ്ഞ ‘ലോംഗ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ്’ വേര്‍ഷന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ആരംഭിച്ചതായി ടെസ്‌ല ചൈന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ മൂന്നാം പാദത്തില്‍ മാത്രമായിരിക്കും ഈ വേര്‍ഷന്‍ ചൈനീസ് വിപണിയിലെത്തുന്നത്. 4.33 ലക്ഷം റെന്‍മിന്‍ബി ആയിരിക്കും വില. ഏകദേശം 64,400 യുഎസ് ഡോളര്‍. എന്നാല്‍ ഇതേ വേരിയന്റിന് യുഎസ്സില്‍ 51,000 ഡോളര്‍ മുതലാണ് വില.

ടെസ്‌ലയുടെ മൂന്നാമത്തെ ജിഗാഫാക്റ്ററി ഈ വര്‍ഷം ഷാങ്ഹായില്‍ പ്രവര്‍ത്തനമാരംഭിക്കും. അമേരിക്കയുടെ വെളിയില്‍ ടെസ്‌ല നിര്‍മ്മിക്കുന്ന ആദ്യ ഫാക്റ്ററിയാണ് ചൈനയിലേത്. ഷാങ്ഹായ് ഫാക്റ്ററിയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ ചൈനയില്‍ മോഡല്‍ 3 സെഡാന്റെ വില പിന്നെയും കുറയും. യൂറോപ്പില്‍ പുറത്തിറക്കുന്നതിനുമുമ്പ് മോഡല്‍ 3 ‘ലോംഗ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ്’ വേര്‍ഷന്‍ ചൈനയില്‍ അവതരിപ്പിക്കാനാണ് ടെസ്‌ലയുടെ തീരുമാനം.

Comments

comments

Categories: Auto