മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ തിരുത്തല്‍ നടപടിയില്‍ നിന്ന് പുറത്തേക്കെത്തി

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ തിരുത്തല്‍ നടപടിയില്‍ നിന്ന് പുറത്തേക്കെത്തി

ഈ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി അനുപാതം 6 ശതമാനത്തിന് താഴെയെത്തിയെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡെല്‍ഹി: സാമ്പത്തികാരോഗ്യം മോശമായതിനെ തുടര്‍ന്ന് ആരംഭിച്ച തിരുത്തല്‍ നടപടികളില്‍ നിന്ന് മൂന്ന് പൊതുമേഖലാ ബാങ്കുകളെ ഒഴിവാക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയെയാണ് തിരുത്തല്‍ നടപടികളുടെ ഭാഗമായ നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ടുള്ളത്. ചില നിബന്ധനകള്‍ക്കു വിധേയമായാണ് ഈ ബാങ്കുകളിലെ തിരുത്തല്‍ നടപടികള്‍ അവസാനിപ്പിക്കുന്നതെന്നും തുടര്‍ച്ചയായ നിരീക്ഷണം തുടര്‍ന്നും ഈ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുമെന്നും ആര്‍ബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മൂലധനപര്യാപ്തത അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലേക്ക് എത്തിയെന്ന് മൂന്നാം പാദ ഫലം വ്യക്തമാക്കുന്നുവെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി. ഇവയുടെ അറ്റ നിഷ്‌ക്രിയാസ്തി അനുപാതം 6 ശതമാനത്തിലേക്ക് താഴെയെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വേണ്ടത്ര മൂലധനം കൂട്ടിച്ചേര്‍ത്തതിന്റെ ഫലമായി ഓറിയന്റല്‍ ബാങ്കിന്റെയും നിഷ്‌ക്രിയാസ്തി അനുപാതം 6 ശതമാനത്തിന് താഴെയായി.  കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്നും ആസ്തികളുടെ നിലവാരം നിലനിര്‍ത്തുന്നതിന് ജാഗ്രത പാലിക്കണമെന്നും ആര്‍ബി ഐ യുടെ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് ധനകാര്യ സേവന സെക്രട്ടറി രാജിവ് കുമാര്‍ പറഞ്ഞു. 2017ലും 2018ലുമായി 11 പൊതുമേഖലാ ബാങ്കുകളെയാണ് ആര്‍ബി ഐ തിരുത്തല്‍ നടപടികള്‍ക്കായുള്ള ചട്ടക്കൂട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മൂന്നു ബാങ്കുകള്‍ ഇതില്‍ നിന്ന് പുറത്തുകടന്നതോടെ എട്ടു ബാങ്കുകളിലാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ തുടരുന്നത്.

കേന്ദ്ര ബാങ്കും സര്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കങ്ങളിലെ പ്രധാന ഘടകമായിരുന്നു
തിരുത്തല്‍ നടപടികള്‍ക്ക് വിധേയമാകുന്ന ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വായ്പാ നിയന്ത്രണം. രാജ്യത്തെ വായ്പാ ലഭ്യതയെ ചുരുക്കുന്നതിന് ആര്‍ബി ഐ നടപടി കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ച് ഈ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍ മെച്ചപ്പെട്ട പ്രകടനത്തില്‍ ബാങ്കുകള്‍ സ്ഥിരതയില്‍ എത്താതെ നിയന്ത്രണങ്ങള്‍ നീക്കാനാവില്ലെന്ന നിലപാടാണ് ആര്‍ബി ഐ കൈക്കൊണ്ടിരുന്നത്.

ഈ ബാങ്കുകളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലധന സഹായം സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡിസംബറില്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് 10,00 കോടി രൂപയുടെയും ഓറിയന്റല്‍ ബാങ്കിന് 5,500 കോടി രൂപയുടെയും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 4,500 കോടി രൂപയുടെയും മൂലധന സഹായം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Banking