നഷ്ടം കുറച്ച് ഒല; വരുമാനം 61% ഉയര്‍ന്നു

നഷ്ടം കുറച്ച് ഒല; വരുമാനം 61% ഉയര്‍ന്നു

2,842.2 കോടി രൂപയുടെ സംയോജിത നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി രേഖപ്പെടുത്തിയത്

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത കാബ് സര്‍വീസ് കമ്പനിയായ ഒലയുടെ സംയോജിത നഷ്ടം പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2,842.2 കോടി രൂപയുടെ സംയോജിത നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി രേഖപ്പെടുത്തിയത്. 2017 സാമ്പത്തിക വര്‍ഷം 4,897.8 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ഇന്ത്യന്‍ വിപണിയില്‍ യുബറുമായുള്ള കടുത്ത മത്സരത്തിലാണ് ഒല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സംയോജിത വരുമാനം 60.9 ശതമാനം ഉയര്‍ന്ന് 2,222.6 കോടി രൂപയിലെത്തിയതായും ഒല റെഗുലേറ്ററി രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം 1,380.7 രൂപയായിരുന്നു കമ്പനിയുടെ മൊത്തം വരുമാനം. സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തിലുള്ള നഷ്ടം 2,676.7 കോടി രൂപയിലേക്ക് ചുരുങ്ങിയതായും വരുമാനം 44.6 ശതമാനം ഉയര്‍ന്ന് 1,860.6 കോടി രൂപയിലെത്തിയതായും കമ്പനി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നുണ്ട്.

ലാഭക്ഷമത കൈവരിക്കുന്നതിനുള്ള പാതയിലാണ് തങ്ങളെന്ന് ഒല നേരത്തെ പറഞ്ഞിരുന്നു. 2011ല്‍ ഭവീഷ് അഗര്‍വാളും അന്‍കിത് ഭാട്ടിയും ചേര്‍ന്നാണ് ഒല സംരംഭം ആരംഭിച്ചത്. ഇന്ന് 110ല്‍ അധികം നഗരങ്ങളില്‍ ഒല സര്‍വീസ് നടത്തുന്നുണ്ട്. കാബുകളിലും ഓട്ടോറിക്ഷകളിലും ടാക്‌സികളിലുമായി പത്ത് ലക്ഷത്തിലധികം ഡ്രൈവര്‍മാരാണ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ളത്.

2018ല്‍ ഓസ്‌ട്രേലിയ, യുകെ, ന്യൂസീലന്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കും ഒല ചുവടുവെച്ചിരുന്നു. ഈ വിപണികളിലും യുബറുമായാണ് ഒല കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള യുബറിന്റെ വരുമാനം 21.5 കോടി രൂപയായി ഉയര്‍ന്നിരുന്നു. കമ്പനിയുടെ അറ്റാദായം 2016-2017ലെ 3.22 ലക്ഷം രൂപയില്‍ നിന്ന് 19.6 ലക്ഷം രൂപയായി വര്‍ധിച്ചിട്ടുണ്ട്.

രണ്ട് കമ്പനികളിലെയും പൊതു നിക്ഷേപകനാണ് സോഫ്റ്റ് ബാങ്ക്. ഇന്ത്യന്‍ ഫൂഡ് ഡെലിവെറി രംഗത്തും ഇരു കമ്പനികളും മത്സരിക്കുന്നുണ്ട് എന്നതാണ് രസകരമായ മറ്റൊരു കാര്യം. ഒലയുടെ നിയന്ത്രണത്തിലുള്ള ഫൂഡ് പാണ്ടയും യുബര്‍ഈറ്റ്‌സുമാണ് വിപണിയില്‍ ഏറ്റമുട്ടുന്ന ഫൂഡ് ഡെലിവെറി പ്ലാറ്റ്‌ഫോമുകള്‍.

Comments

comments

Categories: FK News
Tags: Ola loss