ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ അസംബിള്‍ ചെയ്യുമെന്ന് മെഴ്‌സേഡീസ് ബെന്‍സ്

ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ അസംബിള്‍ ചെയ്യുമെന്ന് മെഴ്‌സേഡീസ് ബെന്‍സ്

മെഴ്‌സേഡീസ് ബെന്‍സിന്റെ ചാകണ്‍ പ്ലാന്റില്‍ നിലവില്‍ ഒമ്പത് മോഡലുകളാണ് അസംബിള്‍ ചെയ്യുന്നത്

ന്യൂഡെല്‍ഹി : ഭാവിയില്‍ കൂടുതല്‍ മോഡലുകള്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യാന്‍ സാധിക്കുമെന്ന് മെഴ്‌സേഡീസ് ബെന്‍സ് ഇന്ത്യ. ഇറക്കുമതി വാഹനങ്ങള്‍ സംബന്ധിച്ച മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അയവ് വരുത്തിയ പശ്ചാത്തലത്തിലാണ് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ പ്രതികരണം. ഇനിമുതല്‍ ഹോമോലോഗേഷന്‍ നടത്താതെ ഓരോ കാര്‍ നിര്‍മ്മാതാക്കള്‍ക്കും പ്രതിവര്‍ഷം 2,500 പാസഞ്ചര്‍ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയും. ഇതോടെ വാഹന നിര്‍മ്മാതാക്കള്‍ക്ക് പുതിയ നിക്ഷേപം നടത്താതെ പുതിയ മോഡലുകള്‍ അതിവേഗം ഇന്ത്യയിലെത്തിക്കുന്നതിന് വഴി തുറന്നുകിട്ടി.

വാഹനഘടകങ്ങള്‍ തദ്ദേശീയമായി കൂട്ടിച്ചേര്‍ത്ത് കാര്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്ന് മെഴ്‌സേഡീസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മാര്‍ട്ടിന്‍ ഷ്വെന്‍ക് പറഞ്ഞു. ഇളവ് പ്രഖ്യാപിച്ചതിനുശേഷമാണ് ഈയിടെ ഇന്ത്യയിലേക്ക് വി-ക്ലാസ് ആഡംബര എംപിവി കൊണ്ടുവന്നത്. പുതിയ മോഡലുകള്‍ അധികം കാലതാമസമില്ലാതെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഇനി കഴിയുമെന്ന് മാര്‍ട്ടിന്‍ ഷ്വെന്‍ക് കൂട്ടിച്ചേര്‍ത്തു.

പുണെയ്ക്കു സമീപം ചാകണ്‍ പ്ലാന്റില്‍ നിലവില്‍ ഒമ്പത് മോഡലുകളാണ് മെഴ്‌സേഡീസ് ബെന്‍സ് അസംബിള്‍ ചെയ്യുന്നത്. മെഴ്‌സേഡീസ് ബെന്‍സ് മേബാക്ക് എസ് 560, എസ്-ക്ലാസ്, ഇ-ക്ലാസ്, സി-ക്ലാസ്, സിഎല്‍എ, ജിഎല്‍എ, ജിഎല്‍ഇ, ജിഎല്‍സി, ജിഎല്‍എസ് എന്നീ മോഡലുകളുടെ വാഹനഘടകങ്ങളും പാര്‍ട്ടുകളും കൂട്ടിച്ചേര്‍ത്താണ് പൂര്‍ണ്ണ വാഹനം നിര്‍മ്മിക്കുന്നത്. നിലവില്‍ 40,000 കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. മാനുഫാക്ച്ചറിംഗ് പ്ലാന്റില്‍ 2,200 കോടി രൂപയുടെ നിക്ഷേപമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

Comments

comments

Categories: Auto