തുടര്‍ച്ചയായ 18-ാം മാസവും വളര്‍ച്ച പ്രകടമാക്കി മാനുഫാക്ചറിംഗ് പിഎംഐ

തുടര്‍ച്ചയായ 18-ാം മാസവും വളര്‍ച്ച പ്രകടമാക്കി മാനുഫാക്ചറിംഗ് പിഎംഐ

ഫാക്റ്ററി ഓര്‍ഡറുകള്‍ 13 മാസത്തിലെ ഉയര്‍ന്ന നിലയില്‍

ന്യൂഡെല്‍ഹി: ജനുവരിയില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച മുന്‍മാസത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി. കഴിഞ്ഞ 13 മാസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഫാക്റ്ററി ഓര്‍ഡറുകളുടെ കാര്യത്തില്‍ ഉണ്ടായതെന്ന് നിക്കെയ് ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ വ്യക്തമാക്കുന്നു. ഡിസംബറില്‍ 53.2 രേഖപ്പെടുത്തിയിരുന്ന പിഎംഐ ജനുവരിയില്‍ 53.9 എന്ന തലത്തിലേക്കെത്തി. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്റക്‌സ് 50 പോയിന്റിന് മുകളില്‍ നില്‍ക്കുന്ന തുടര്‍ച്ചയായ 18-ാമത്തെ മാസമാണിത്. മാനുഫാക്ചറിംഗ് മേഖലയുടെ ആരോഗ്യം സുസ്ഥിരമായി വളര്‍ച്ച നിലനിര്‍ത്തുന്നു എന്ന് വ്യക്തമാക്കുന്നതാണിത്. ഇന്റക്‌സ് 50 പോയിന്റിന് മുകളില്‍ ഉള്ളത് വളര്‍ച്ചയെയും 50 പോയിന്റിന് താഴെയുള്ളത് മാന്ദ്യത്തെയുമാണ് കാണിക്കുന്നത്.
2016 ഒക്‌റ്റോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉല്‍പ്പാദന വളര്‍ച്ചയാണ് കഴിഞ്ഞ മാസം മാനുഫാക്ചറിംഗ് മേഖലയില്‍ രേഖപ്പെടുത്തിയത്. കമ്പനികളുടെ ഉല്‍പ്പാദനത്തിലും തൊഴില്‍ സൃഷ്ടിയിലും വര്‍ധന പ്രകടമായിട്ടുണ്ട്. ആവശ്യകത ശക്തമായതിനൊപ്പം മികച്ച വില്‍പ്പനയും ജനുവരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് സാമ്പത്തിക ഘടകങ്ങളും അനുകൂലമാണ്. ഡിസംബറില്‍ വളര്‍ച്ചയില്‍ നേരിട്ട ചെറിയ തിരിച്ചടിക്കു ശേഷം മാനുഫാക്ചറിംഗ് മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ പ്രധാന സാമ്പത്തിക വിദഗ്ദ പോല്യാന്ന ഡി ലിമ പറഞ്ഞു. ആഭ്യന്തര ഓര്‍ഡറുകളാണ് പ്രധാനമായും ഈ വളര്‍ച്ചയെ നയിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാനുഫാക്ചറിംഗ് മേഖലയില വളര്‍ച്ച കൂടുതല്‍ താഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇടയായിട്ടുണ്ട്. പുതിയ ഓര്‍ഡറുകള്‍ കണക്കിലെടുത്ത് കമ്പനികള്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ചു. മാനുഫാക്ചറിംഗ് മേഖലയിലെ തൊഴിലുകള്‍ തുടര്‍ച്ചയായ പത്താം മാസമാണ് വര്‍ധിക്കുന്നത്. എങ്കിലും നേരിയ വര്‍ധന മാത്രമാണ് പ്രകടമായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
വിപണി സാഹചര്യങ്ങള്‍ ബിസിനസ് മനോഭാവത്തെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഞ്ചു മാസത്തെ ഉയര്‍ന്ന നിലയിലാണ് ബിസിനസ് ശുഭാപ്തി വിശ്വാസമുള്ളത്. ആവശ്യകത വര്‍ധിച്ചതില്‍ നിന്നും നേട്ടം കൊയ്യുന്നതിന്റെ ഭാഗമായി കമ്പനികള്‍ മാര്‍ക്കറ്റിംഗില്‍ കൂടുതല്‍ ചെലവിടല്‍ നടത്താന്‍ ഒരുങ്ങുകയാണെന്നും ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും പോല്യാന്ന ഡി ലിമ പറയുന്നു. പണപ്പെരുപ്പ സമ്മര്‍ദം താരതമ്യേന കുറവാണ്. അടുത്ത നയ അവലോകനത്തില്‍ ഇതിന് അനുസരിച്ച ഒരു നയം റിസര്‍വ് ബാങ്ക് കൈക്കൊള്ളുമെന്നാണ് ബിസിനസുകള്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy