ഇത്തിഹാദിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചു; നരേഷ് ഗോയല്‍ ജെറ്റില്‍ നിന്ന് പുറത്തു പോയേക്കും

ഇത്തിഹാദിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചു; നരേഷ് ഗോയല്‍ ജെറ്റില്‍ നിന്ന് പുറത്തു പോയേക്കും

ജെറ്റ് എയര്‍വെയ്‌സില്‍ ഇത്തിഹാദിനുള്ള ഓഹരികള്‍ 24ല്‍ നിന്നും 40 ശതമാനമായി ഉയരും, ഗോയലിന്റേത് 51ല്‍ നിന്ന് 22 ശതമാനമായി കുറയും

സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ പുറത്തുപോകലടക്കം ഇത്തിഹാദ് മുന്നോട്ടുവെച്ച മിക്ക വ്യവസ്ഥകളും അംഗീകരിച്ച് ജെറ്റ് എയര്‍വെയ്‌സ്. കടക്കെണിയില്‍ മുങ്ങിയ ജെറ്റ് എയര്‍വെയ്‌സ് നിലവിലെ അവസ്ഥയില്‍ നിന്നും രക്ഷപ്പെടുന്നതിനുളള ഏകപിടിവള്ളി എന്ന നിലയിലാണ് ഇത്തിഹാദ് മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ അനുകൂല നിലപാട് സ്വീകരിച്ചത്.

ദിവസങ്ങള്‍ക്കുള്ളില്‍ ഇരുകമ്പനികളും വ്യവസ്ഥകള്‍ സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പിടുമെന്നാണ് സൂചന. അന്തിമ ധാരണ അനുസരിച്ച് ജെറ്റ് എയര്‍വെയ്‌സില്‍ ഇത്തിഹാദിനുള്ള ഓഹരികള്‍ 24 ശതമാനത്തില്‍ നിന്നും 40 ശതമാനമായി ഉയരും. ഇതോടെ നരേഷ് ഗോയലിന് കമ്പനിയില്‍ ഉള്ള ഓഹരി വിഹിതം 51 ശതമാനത്തില്‍ നിന്നും 22 ശതമാനമായി കുറയുകയും സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയല്‍ ബോര്‍ഡില്‍ നിന്ന് പുറത്തുപോകേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്യും. അതേസമയം ഗോയലിന്റെ മകന്‍ നിവാന്‍ ഗോയലിനെ ബോര്‍ഡില്‍ ഉള്‍ക്കൊള്ളിക്കും.

വ്യവസ്ഥകളെല്ലാം അംഗീകരിച്ചാല്‍ 35 മില്യണ്‍ ഡോളര്‍ അടിയന്തരമായി നല്‍കാനൊരുങ്ങി നില്‍ക്കുകയാണ് ഇത്തിഹാദ്. ഫെബ്രുവരി 14ലെ ബോര്‍ഡ് യോഗത്തിലും പിന്നീട് ഫെബ്രുവരി 21ന് നിശ്ചയിച്ചിരിക്കുന്ന പൊതുയോഗത്തിലും ഇടപാട് സംബന്ധിച്ചും എത്തരത്തില്‍ അത് നടപ്പാക്കണമെന്നത് സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കും.

ജെറ്റിന്റെ നിലവിലെ ഓഹരിമൂല്യമായ 265 രൂപയിലും താഴ്ന്ന, ഓഹരിയൊന്നിന് 150 രൂപയെന്ന കണക്കില്‍ ഗള്‍ഫ് എയര്‍ലൈന്‍ കമ്പനി മുന്നോട്ടുവെച്ച വ്യവസ്ഥയിലുള്ള നിക്ഷേപത്തിന് നരേഷ് ഗോയലും സമ്മതം അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia