ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ ആഗോള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിക്കും

ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ ആഗോള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിക്കും

നിലവില്‍ രാജ്യത്തെ മൊത്തം നിക്ഷേപത്തില്‍ 50 ശതമാനത്തോളം ഓഫീസ് പ്രോപ്പര്‍ട്ടികള്‍ കേന്ദ്രീകരിച്ചുള്ളതാണ്

ബെംഗളൂരു: ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ആഗോള നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യം വര്‍ധിക്കുമെന്ന് നിരീക്ഷണം. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റിയല്‍റ്റി വിപണിയിലേക്കുള്ള ആഗോള നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിക്കുമെന്നും ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവുകള്‍ അഭിപ്രായപ്പെട്ടു. ശക്തമായ അടിസ്ഥാന ഘടകങ്ങളും അനിവാര്യമായ നയ പരിഷ്‌കരണങ്ങളും മേഖലയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം പ്രോപ്പര്‍ട്ടി വിപണിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള നിക്ഷേപത്തിന്റെ ഒഴുക്കാണ് ഇക്കാലയളവില്‍ വിപണിയില്‍ രേഖപ്പെടുത്തിയത്. വിപണിയിലെ വിവിധ വിഭാഗങ്ങളിലായി ജിഐസി, അസെന്‍ഡാസ്- സിംഗ്ബ്രിഡ്ജ്, ടെമാസെക് തുടങ്ങിയ ഏഷ്യന്‍ ഫണ്ടുകള്‍ തങ്ങളുടെ നേരിട്ടുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നുണ്ട്.

റിയല്‍റ്റി ഡെവലപ്പര്‍മാരും ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തും. പുതിയ പ്രൊഡക്റ്റുകളിലും റിയല്‍റ്റി വൈദഗ്ധ്യത്തിലും ഇവര്‍ നിക്ഷേപിക്കുമെന്നും അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സംരംഭമായ സാവില്‍സ് ഇന്ത്യ കാപിറ്റല്‍ മാര്‍ക്കറ്റ് വിഭാഗം എംഡി ദിവാകര്‍ റാണ പറഞ്ഞു. വാടക വരുമാനം നേടാന്‍ കഴിയുന്ന ഓഫീസുകള്‍ക്ക് പുറത്ത് ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ്, ഡാറ്റ സെന്ററുകള്‍, നഗരവല്‍ക്കരണ പദ്ധതികള്‍ തുടങ്ങിയവയിലും നിക്ഷേപകര്‍ തല്‍പ്പര്യം കാണിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

നിലവില്‍ രാജ്യത്ത് നടക്കുന്ന മൊത്തം നിക്ഷേപത്തില്‍ 50 ശതമാനത്തോളവും ഓഫീസ് പ്രോപ്പര്‍ട്ടികള്‍ കേന്ദ്രീകരിച്ചാണ്. ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യം ശക്തമാണ്. വരുമാന നേട്ടമുള്ള ആസ്തികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന നിരവധി ഫണ്ടുകളുണ്ടെന്നും അവ ഇപ്പോള്‍ കൂടുതല്‍ സാധ്യതകള്‍ തിരയുന്നതായും സാവില്‍സ് ഏഷ്യ-പസഫിക് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ കല്ലൂം യോംഗ് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ തന്ത്രപ്രധാന നിക്ഷേപ കേന്ദ്രങ്ങളിലൊന്നായാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ ഇന്ത്യന്‍ റിയല്‍റ്റി വിപണിയെ കാണുന്നത്. മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും ഉണ്ടായ അനുകൂല മാറ്റങ്ങളും രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കും. ഇതില്‍ ചില ഫണ്ടുകള്‍ പുറത്തുകടക്കുമ്പോള്‍ വിപണിയില്‍ നിന്നുണ്ടായ മികച്ച നേട്ടത്തിന്റെ ട്രാക് റെക്കോഡ് കാണിക്കാനാകും. ഇത് വീണ്ടും വിപണിയില്‍ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുമെന്നും സാവില്‍സ് അസോസിയേറ്റ് ഡയറക്റ്റര്‍ ബെന്‍ വിക്കെറി പറഞ്ഞു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായതിനുശേഷം ഇന്ത്യന്‍ വിപണിയില്‍ അവസരങ്ങള്‍ കൂടിയിട്ടുണ്ട്. കരാറുകളുടെ കാര്യത്തില്‍ ബില്‍ഡര്‍മാര്‍ കൂടുതല്‍ വിവേകം കാണിക്കുന്നുണ്ടെന്നും ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവുകള്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy