ജനുവരയില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

ജനുവരയില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

നടപ്പു സാമ്പത്തിക വര്‍ഷം ഇത് മൂന്നാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയക്ക് മുകളിലെത്തുന്നത്

ന്യൂഡെല്‍ഹി: ജനുവരിയിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 94,725 കോടി രൂപയുടെ വരുമാനമാണ് ഏകീകൃത ചരക്ക് സേവന നികുതി വഴി സര്‍ക്കാരിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ ജിഎസ്ടി വരുമാനം 89,825 കോടി രൂപയായിരുന്നുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ജനുവരിയിലെ വരുമാനവുമായി ബന്ധപ്പെട്ട അന്തിമ വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും ധനമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ഉപഭോക്താക്കള്‍ക്കുമേലുള്ള നികുതി ഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും ജിഎസ്ടി വരുമാനം ഉയര്‍ന്നിട്ടുണ്ടെന്നാണ് ധനമന്ത്രാലയം പറയുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഇത് മൂന്നാം തവണയാണ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം രേഖപ്പെടുത്തുന്നത്. ഏപ്രില്‍ മാസവും ഒക്‌റ്റോബറിലുമാണ് ഇതിനുമുന്‍പ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നത്.

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം തവണയും ഏകീകൃത ചരക്ക് സേവന നികുതിയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപയിലധികം വരുമാനം നേടാനായത് സര്‍ക്കാരിന് ആശ്വസമാണ്. പ്രത്യേകിച്ച് കഴിഞ്ഞ മാസം ജിഎസ്ടി വരുമാനത്തിലുണ്ടായ ഇടിവുമായി താരതമ്യം ചെയ്യുമ്പോള്‍. പുതിയ നികുതി സംവിധാനം ലളിതമാകുകയും നിരക്കുകള്‍ കുറയുകയും ചെയ്യുമ്പോള്‍ ജിഎസ്ടി വരുമാനം കുത്തനെ ഉയരുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പിഡബ്ല്യുസി ഇന്ത്യയില്‍ നിന്നുള്ള പരോക്ഷ നികുതി വിഭാഗം മേധാവി പ്രതീക് ജയ്ന്‍ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തെ മൊത്തം നികുതി വരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് പ്രതീക് ജയ്ന്‍ പറയുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം പ്രതീക്ഷിത വരുമാനം നിശ്ചയിക്കുന്നത് ഈ വര്‍ഷത്തെ വരുമാന പ്രവണത അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസംബറില്‍ 23 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് ജിഎസ്ടി കൗണ്‍സില്‍ വെട്ടിക്കുറച്ചിരുന്നു. ജനുവരി ഒന്നാം തീയതി മുതലാണ് ഇവയ്ക്ക് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. ഇത് ഈ മാസത്തെ ജിഎസ്ടി വരുമാനത്തില്‍ വീണ്ടും ഇടിവുണ്ടാക്കിയേക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

86,703 കോടി രൂപയായിരുന്നു 2017 ഡിസംബറിലെ ജിഎസ്ടി വരുമാനം. ഇത് 2017-2018 സാമ്പത്തിക വര്‍ഷത്തെ ശരാശരി പ്രതിമാസ വരുമാനത്തേക്കാള്‍ നാല് ശതമാനം കുറവായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കണക്കാക്കിയ ജിഎസ്ടി വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ പ്രതിമാസ വരുമാനത്തില്‍ ഉണ്ടായിട്ടുള്ള മൊത്തം കുറവ് ഏകദേശം 15,000 കോടി രൂപയാണ്.

ഏപ്രിലില്‍ 1.03 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. മേയിലിത് 94,016 കോടി രൂപയായി കുറഞ്ഞു. ജൂണില്‍ വരുമാനം വീണ്ടും ഉയര്‍ന്ന് 95,610 കോടി രൂപയിലെത്തി. ജൂലൈയില്‍ വരുമാനം 96,483 കോടി രൂപയിലെത്തിയെങ്കിലും ഓഗസ്റ്റില്‍ വീണ്ടും വരുമാനം ഇടിഞ്ഞ് 93,960 കോടി രൂപയായി. 94,442 കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് സെപ്റ്റംബറില്‍ സര്‍ക്കാരിലേക്കെത്തിയത്. ഒക്‌റ്റോബറില്‍ ഇത് കുത്തനെ ഉയര്‍ന്ന് 100,710 കോടി രൂപയായി. നവംബറില്‍ 97,637 കോടി രൂപയിലേക്ക് ചുരുങ്ങി വീണ്ടും ഡിസംബറില്‍ ഒരു ലക്ഷം കോടി കടന്നു.

Comments

comments

Categories: Business & Economy
Tags: GST