സൗജന്യ വൈഫൈ 4000 റെയ്ല്‍വേ സ്റ്റേഷനുകളിലേക്ക്

സൗജന്യ വൈഫൈ 4000 റെയ്ല്‍വേ സ്റ്റേഷനുകളിലേക്ക്

ടാറ്റാ ഗ്രൂപ്പിന്റെ സിഎസ്ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്

ന്യൂഡെല്‍ഹി: നാലായിരത്തിനു മുകളില്‍ സ്റ്റേഷനുകളില്‍ ഉടന്‍ ഫ്രീ വൈഫൈ സേവനമൊരുക്കാന്‍ റെയ്ല്‍വേ ഒരുങ്ങുന്നു. സ്റ്റേഷനുകളില്‍ ഹൈ സ്പീഡ് വൈഫൈ സംവിധാനം ഒരുക്കുന്നതിനായി ടാറ്റാ ഗ്രൂപ്പിനെയാണ് റെയ്ല്‍വേ നിയോഗിച്ചിട്ടുള്ളത്. ടാറ്റാ ഗ്രൂപ്പിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളുടെ( സിഎസ്ആര്‍) ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ മൈസൂര്‍ മുതല്‍ ബെംഗളൂരു വരെയുള്ള എട്ട് സ്റ്റേഷനുകളില്‍ ടാറ്റാ ഗ്രൂപ്പ് ഉടന്‍ വൈഫൈ സൗകര്യമൊരുക്കും. പിന്നീട് ഇത് രാജ്യ വ്യാപകമാക്കും. ടാറ്റയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ചെലവിടല്‍ വേണ്ടി വരില്ല. നിലവില്‍ ഗൂഗിള്‍ രാജ്യത്തെ 400 സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നുണ്ട്.
ടാറ്റാ ഗ്രൂപ്പുമായി ഉടന്‍ ധാരണാപത്രം ഒപ്പിടുമെന്ന് റെയ്ല്‍വേ ബോര്‍ഡ് സിഗ്‌നല്‍ ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ജനറല്‍ എന്‍ കാശിനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. റെയ്ല്‍വേയില്‍ നടപ്പാക്കപ്പെടുന്ന ഏറ്റവും വിപുലമായ സിഎസ്ആര്‍ പദ്ധതിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റേഷനുകളില്‍ എത്രയും വേഗം വൈഫൈ സേവനം സൗജന്യമായി ലഭ്യമാക്കണമെന്ന നിലപാടാണ് റെയ്ല്‍വേ മന്ത്രി പിയുഷ് ഗോയലും എടുത്തിട്ടുള്ളത്. വേഗത്തില്‍ ഇത് നടപ്പാക്കുന്ന റെയ്ല്‍വേ ഡിവിഷനുകള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുവരെ രാജ്യത്തെ 700 റെയ്ല്‍വേ സ്റ്റേഷനുകളാണ് യാത്രക്കാര്‍ക്ക് സൗജന്യ റെയ്ല്‍വേ സേവനം നല്‍കുന്നത്. ഗൂഗിളിനു പുറമേ റെയ്ല്‍ ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയും സ്റ്റേഷനുകളില്‍ വൈഫൈ ഒരുക്കിയിരിക്കുന്നു. 2000 സ്റ്റേഷനുകളിലെങ്കിലും വേഗത്തില്‍ വൈഫൈ എത്തിക്കാനാണ് ഇപ്പോള്‍ റെയ്ല്‍വേ ശ്രമിക്കുന്നത്.

Comments

comments

Categories: FK News