ഗ്രാമീണ ചെലവിടല്‍ വര്‍ധിക്കും, എഫ്എംസിജിക്ക് ഗുണകരം

ഗ്രാമീണ ചെലവിടല്‍ വര്‍ധിക്കും, എഫ്എംസിജിക്ക് ഗുണകരം

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് അനുകൂലമായാണ് എഫ്എംസിജി ഓഹരികള്‍ ഇന്നലെ വിപണിയില്‍ പ്രതികരിച്ചത്

ന്യൂഡെല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ലഭിച്ച വലിയ പ്രാധാന്യം രാജ്യത്തെ എഫ്എംസിജി മേഖലയ്ക്കും ഉണര്‍വേകും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പേരില്‍ അനുവദിച്ച പദ്ധതിക്കായി 75,000 കോടി രൂപയാണ് ബജറ്റില്‍ ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വില വ്യതിയാനം മൂലം പ്രതിസന്ധിയിലാകുന്ന കര്‍ഷകരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിക്കുന്നത്.

രണ്ടു ഹെക്റ്റര്‍ ഭൂമി വരെ സ്വന്തമായുള്ള കര്‍ഷകര്‍ക്ക് 6,000 രൂപ ഒരു വര്‍ഷം കൈമാറുമെന്നും കര്‍ഷകര്‍ക്കുള്ള പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു തുല്യ ഗഡുക്കളി ഈ തുക നേരിട്ട് എക്കൗണ്ടിലേക്കാണ് നല്‍കുക. ഡിസംബര്‍ 1 2018 മുതലുള്ള മുന്‍കാല പ്രാബല്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് ഇതില്‍ നിന്നുള്ള പ്രയോജനം ലഭിക്കും.
കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്കായി നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുകയാണെങ്കില്‍ ഗ്രാമീണ ഉപഭോഗത്തില്‍ ഉണര്‍വ് പ്രകടമാകുമെന്ന് ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിലെ ലീഡ് ഇക്ക്‌ണോമിസ്റ്റ് അരുണ്‍ സിംഗ് പറയുന്നു. നിലവില്‍ ഗ്രാമീണ ഉപഭോഗത്തിലെ വളര്‍ച്ച മാന്ദ്യത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഉപഭോഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന ബജറ്റാണിതെന്നാണ് എഫ്എംസിജി മേഖലയും റീട്ടെയ്ല്‍ വ്യവസായവും വിലയിരുത്തുന്നത്. ഗ്രാമീണ മേഖലയിലെ വരുമാനം വര്‍ധിക്കുന്നതിലൂടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
2018ലെ 13.8 ശതമാനത്തെ അപേക്ഷിച്ച് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ മേഖല 11-12 ശതമാനം വളര്‍ച്ച 2019ല്‍ കൈവരിക്കുമെന്നാണ് ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ ഇന്ത്യ വിലയിരുത്തുന്നത്. സമഗ്ര അടിസ്ഥാന വരുമാന പദ്ധതിയുടെ സാധ്യതയെകുറിച്ച് നീല്‍സണ്‍ ഇന്ത്യ നിലവില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. തൊഴിലുറപ്പു പദ്ധതിക്ക് 60,000 കോടി രൂപയാണ് ഗോയല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതല്‍ ഫണ്ട് കര്‍ഷകരുടെ വരുമാനം ഉറപ്പുവരുത്തുന്നതിനും തൊഴിലുറപ്പ് പദ്ധതിക്കുമായി കണ്ടെത്തുമെന്നും സര്‍ക്കാര്‍ പറയുന്നു.

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് അനുകൂലമായാണ് എഫ്എംസിജി ഓഹരികള്‍ ഇന്നലെ വിപണിയില്‍ പ്രതികരിച്ചത്. ഐടിസി, ഹിന്ദുസ്ഥാന്‍ യുനിലിവര്‍, മാരികോ, ഡാബര്‍ എന്നിവയുടെ ഓഹരികള്‍ 1-2 ശതമാനം ഉയര്‍ച്ച പ്രകടമാക്കി. രാജ്യത്തെ എഫ്എംസിജി മേഖലയുടെ വില്‍പ്പന വരുമാനത്തില്‍ 40 ശതമാനം വരെ സംഭാവന ചെയ്യുന്നത് ഗ്രാമീണ മേഖലയാണ്.

Comments

comments

Categories: Business & Economy
Tags: FMCG