ഫിയറ്റ് ഈ വര്‍ഷം ഇന്ത്യ വിടും ?

ഫിയറ്റ് ഈ വര്‍ഷം ഇന്ത്യ വിടും ?

ഫിയറ്റ് മോഡലുകള്‍ പുതിയ സുരക്ഷാ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല

ന്യൂഡെല്‍ഹി : ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന് (എഫ്‌സിഎ) കീഴിലെ ഫിയറ്റ് ബ്രാന്‍ഡ് ഈ വര്‍ഷം ഇന്ത്യ വിടാന്‍ സാധ്യത വര്‍ധിച്ചു. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഫിയറ്റ് ലീനിയയും ഫിയറ്റ് പുന്തൊയുടെ വിവിധ വേര്‍ഷനുകളും രാജ്യത്ത് പ്രാബല്യത്തിലാകാന്‍ പോകുന്ന സുരക്ഷാ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്നതാണ് ഇതിന് അടിസ്ഥാനം. പത്ത് വര്‍ഷത്തോളമായി ഇന്ത്യയില്‍ വിറ്റുവരുന്ന ഈ മോഡലുകള്‍ ഇപ്പോള്‍ ഊര്‍ദ്ധ്വന്‍ വലിക്കുകയാണ്. വില്‍പ്പനയാണെങ്കില്‍ മഹാമോശം. 2017 ഡിസംബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള പന്ത്രണ്ട് മാസ കാലയളവില്‍ ആകെ 101 യൂണിറ്റുകളാണ് (ലീനിയ, വിവിധ പുന്തൊ വേര്‍ഷനുകള്‍ ഉള്‍പ്പെടെ) വിറ്റുപോയത്. ഇന്ത്യയിലെ പുതിയ സുരക്ഷാ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിക്കുംവിധം ഈ മോഡലുകള്‍ പരിഷ്‌കരിക്കുന്നതിന് ഫിയറ്റ് പണം മുടക്കുമോ ?

ഫിയറ്റിന്റെ ഇന്ത്യയിലെ കണ്ടകശ്ശനി ഇവിടംകൊണ്ട് തീരുന്നില്ല. 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തിലാകുന്നത് ഫിയറ്റിന് അടുത്ത തിരിച്ചടിയാണ്. ഇന്ത്യയിലെ പ്രധാന ഡീസല്‍ എന്‍ജിന്‍ വിതരണക്കാരായിരുന്നു ഫിയറ്റ്. മാരുതി സുസുകിയും ടാറ്റ മോട്ടോഴ്‌സുമാണ് അവശേഷിക്കുന്ന ഉപയോക്താക്കള്‍. എന്നാല്‍ ഭാരത് സ്‌റ്റേജ് 6 വരുന്നതോടെ ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി ഇരുവരും സ്വന്തമായി വികസിപ്പിച്ച പവര്‍ട്രെയ്‌നുകള്‍ ഉപയോഗിച്ചുതുടങ്ങും. സ്വന്തം എന്‍ജിനുകള്‍ ബിഎസ് 6 പാലിക്കുന്നതിന് തനിച്ചു പണംമുടക്കാന്‍ കഴിയുന്ന സ്ഥിതിയിലല്ല ഫിയറ്റ്. എന്‍ജിനുകള്‍ ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല.

ഇന്ത്യയില്‍ ഫിയറ്റ് ബ്രാന്‍ഡ് തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിലവിലെ വയസ്സന്‍ മോഡലുകള്‍ ഒഴിവാക്കി പുതിയ വാഹനങ്ങള്‍ കൊണ്ടുവരണം. മാത്രമല്ല, പുതിയ എന്‍ജിനുകളും ആവശ്യമായി വരും. ഇതിനായി ഏറ്റവും കുറഞ്ഞത് 600 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 43,000 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപമാണ് നടത്തേണ്ടത്. ഇന്ത്യന്‍ വിപണിയിലെ ഫിയറ്റിന്റെ വില്‍പ്പനക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നിക്ഷേപത്തിന് തീരെ സാധ്യതയില്ല.

ഒന്നുകില്‍ നിക്ഷേപം നടത്തൂ, അല്ലെങ്കില്‍ കടക്ക് പുറത്ത് എന്ന ധര്‍മ്മസങ്കടത്തിലാണ് ഇന്ത്യയിലെ ഫിയറ്റ്. നിലവിലെ മോഡലുകള്‍ 2019 ഒക്‌റ്റോബര്‍ ഒന്ന് മുതലാണ് പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത്. എന്നാല്‍ വില്‍പ്പന പരിഗണിക്കുമ്പോള്‍ ലീനിയ, പുന്തൊ വേര്‍ഷനുകള്‍ ഫിയറ്റ് പരിഷ്‌കരിക്കുമോ ? കൂടാതെ, 2019 ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ കാറുകളിലും എബിഎസ് നിര്‍ബന്ധമാണ്. ഇതിനുമുമ്പായി എബിഎസ് ഇല്ലാത്ത കാറുകള്‍ അതിവേഗം വിറ്റൊഴിക്കാനാണ് ഡീലര്‍മാര്‍ക്ക് എഫ്‌സിഎ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഫിയറ്റ് ബ്രാന്‍ഡ് ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം വിടപറയുന്നതിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന് കീഴിലെ ജീപ്പ് ബ്രാന്‍ഡ് ഇന്ത്യയില്‍ തുടരും.

Comments

comments

Categories: Auto
Tags: Fiat, Fiat India