ഡൗണ്‍ടൗണ്‍, ബുര്‍ജ് ജുമെയ്‌റ മെഗാ പദ്ധതികള്‍ പ്രഖ്യാപിച്ച് ഷേഖ് മുഹമ്മദ്

ഡൗണ്‍ടൗണ്‍, ബുര്‍ജ് ജുമെയ്‌റ മെഗാ പദ്ധതികള്‍ പ്രഖ്യാപിച്ച് ഷേഖ് മുഹമ്മദ്

ദുബായ് ഹോള്‍ഡിംഗിന്റെ ഈ ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടം 2023ഓടെ പൂര്‍ത്തിയാകും

ദുബായ്: ദുബായ് ഹോള്‍ഡിംഗിന്റെ മെഗാ പദ്ധതിയായ ബുര്‍ജ് ജുമെയ്‌റ പ്രഖ്യാപനവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മൗക്തൂം. ദുബായ്ക്ക് സമീപം അല്‍ സുഫൗ ജില്ലയില്‍ ബുര്‍ജ് അല്‍ അറബിനോട് ചേര്‍ന്ന് നിര്‍മ്മിക്കാനൊരുങ്ങുന്ന പുതിയ ടവറാണിത്.

മദീനത്ത് ജുമെയ്‌റ, ദുബായ് നോളജ് വില്ലേജ്, ദുബായ് ഇന്റെര്‍നെറ്റ് സിറ്റി തുടങ്ങിയ നിര്‍മ്മിതികളുടെ കേന്ദ്രമാണ് അല്‍ സുഫൗ മേഖല.

ഭാവിയിലെ നഗരമായി മാറുക- എന്ന ദുബായുടെ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ് ബുര്‍ജ് ജുമെയ്‌റയും ഡൗണ്‍ടൗണ്‍ ജുമെയ്‌റയുമെന്ന്് ഷേഖ് മുഹമ്മദ് വിശേഷിപ്പിച്ചു. ദുബായ് ഹോള്‍ഡിംഗ് നിര്‍മ്മിക്കുന്ന ഡൗണ്‍ടൗണ്‍ ജുമെയ്‌റയുടെ മുഖ്യ ആകര്‍ഷണം ബുര്‍ജ് ജുമെയ്‌റ തന്നെയായിരിക്കും. ദുബായുടെ ഭാവിസങ്കല്‍പ്പങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പദ്ധതിയായിരിക്കും ബുര്‍ജ് ജുമെയ്‌റയെന്നതിനുള്ള സ്ഥിരീകരണമാണ് ഈ പ്രഖ്യാപനമെന്ന് ദുബായ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ അബ്ദുള്ള അല്‍ ഹബ്ബായ് പറഞ്ഞു.സന്ദര്‍ശകര്‍ക്കും പ്രദേശവാസികള്‍ക്കും സമാനതകളില്ലാത്ത അനുഭവം സമ്മാനിക്കുന്ന അതുല്യ പദ്ധതികളായിരിക്കും ഡൗണ്‍ടൗണ്‍ ജുമെയ്‌റയും ബുര്‍ജ് ജുമെയ്‌റയുമെന്ന് അല്‍ ഹബ്ബായ് പറഞ്ഞു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 2023ഓടെ പൂര്‍ത്തിയാകുമെന്ന് ദുബായ് ഹോള്‍ഡിംഗ് അറിയിച്ചു. 550 മീറ്റര്‍ ഉയരത്തിലാണ് ബുര്‍ജ് ജുമെയ്‌റ നിര്‍മ്മിക്കുക. ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ ഡിജിറ്റല്‍ ഡിപ്ലേകള്‍ സാധ്യമാക്കുന്ന തരത്തിലായിരിക്കും ഇതിന്റെ മുന്‍വശം. നിരവധി അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് ബുര്‍ജ് ജുമെയ്‌റ വിഭാവനം ചെയ്തിരിക്കുന്നത്. ടവറിന്റെ അടിവശം ഷേഖ് മുഹമ്മദിന്റെ വിരല്‍ അടയാളത്തിന്റെ ഔട്ട്‌ലൈനിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

വിവിധ സാമൂഹിക സാംസ്‌കാരിക, കലാ പരിപാടികള്‍ നടത്താനുള്ള ദുബായിലെ ഏറ്റവും മികച്ച ഇടമായി മാറും ഭാവിയില്‍ ബുര്‍ജ് ജുമെയ്‌റ. ജലവിതാനങ്ങള്‍, ഔട്ട്‌ഡോര്‍ ആംപിതീയറ്റര്‍, ഇന്റെറാക്ടീവ് ലൈറ്റിംഗ് ഫയര്‍വര്‍ക് ഡിസ്‌പ്ലേ തുടങ്ങി സന്ദര്‍ശകരില്‍ സ്വപ്‌നലോകമെന്ന പ്രതീതി ഉളവാക്കുന്ന വിസ്മയ സജ്ജീകരണങ്ങളാണ് ബുര്‍ജ് ജുമെയ്‌റയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. താഴത്തെ നിലയോട് ചേര്‍ന്ന് റീട്ടെയ്ല്‍ വിഭാഗവും സജ്ജീകരിക്കും. ദുബായ് നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് ദൃശ്യം സാധ്യമാക്കുന്ന നിരവധി ഒബ്‌സെര്‍വേഷന്‍ ഡെകുകളും ടവറില്‍ സജ്ജീകരിക്കും. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പാര്‍പ്പിട സമുച്ചയങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ലോകോത്തര നിലവാരത്തിലുള്ള റെസ്റ്റോറന്റുകള്‍ തുടങ്ങിയ എല്ലാ തരത്തിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ഇവിടം നാഗരികരുടെ ഭാവിയിലെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായിരിക്കുമെന്ന് തീര്‍ച്ചയാണ്.

ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മൗക്തൂമിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപക കമ്പനിയാണ് ദുബായ് ഹോള്‍ഡിംഗ് എല്‍എല്‍സി.
……………………………..
ഭാവിയിലെ നഗരമായി മാറുക- എന്ന ദുബായുടെ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ് ബുര്‍ജ് ജുമെയ്‌റ ഷേഖ് മുഹമ്മദ്‌

Comments

comments

Categories: Arabia
Tags: Burj Jumaira