അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള ബജറ്റ്

അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള ബജറ്റ്

സര്‍വരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു മോദി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള അവസാന ബജറ്റ്. കൃത്യമായ ആസൂത്രണത്തോടെ തയാറാക്കിയ ബജറ്റ് വരുന്ന തെരഞ്ഞെടുപ്പില്‍ ജയത്തില്‍ കുറഞ്ഞൊന്നും മോദി പ്രതീക്ഷിക്കുന്നില്ലെന്ന സന്ദേശം കൂടി നല്‍കുന്നു

അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള സൂക്ഷമ ബജറ്റാണ് ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ ഇന്നലെ അവതരിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആറാമത് ബജറ്റ് അതുകൊണ്ടുതന്നെ ആരെയും നിരാശരാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൃത്യമായ ആസൂത്രണത്തോടെ പ്രധാനമന്ത്രിയുടെ തന്ത്രപരമായ കയ്യൊപ്പ് പതിഞ്ഞതായിരുന്നു ബജറ്റെന്നത് വ്യക്തം. ഇടക്കാല ബജറ്റ് എന്നതിനപ്പുറം തങ്ങള്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ ഇതെല്ലാം നടപ്പാക്കുമെന്ന സന്ദേശം കൂടിയായി ബജറ്റ്.

ബിജെപിയുടെയും മോദിയുടെയും പ്രധാന വോട്ട് ബാങ്കുകളിലൊന്നായ മധ്യവര്‍ഗ്ഗ വിഭാഗത്തിനായിരിക്കും കൂടുതല്‍ സന്തോഷം. ആദായനികുതിയുടെ പരിധി 2.5 ലക്ഷം രൂപയില്‍ നിന്ന് ഒറ്റയടിക്ക് അഞ്ച് ലക്ഷം രൂപയാക്കി മാറ്റിയത് കൈയടി നേടുന്ന നീക്കമാണ്. ഇതോടുകൂടി 6.5 ലക്ഷം രൂപവരെയുള്ള (80 സി പ്രകാരമുള്ള ഇളവ് 1.5 ലക്ഷം രൂപയില്‍ തുടരും) തുകയ്ക്ക് നികുതി അടയ്ക്കാതിരിക്കാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്. മൂന്നു കോടി നികുതിദായര്‍ക്ക് ഏകദേശം 18,500 കോടി രൂപയുടെ ഗുണം ഇതിന്റെ ഭാഗമായി ലഭിച്ചേക്കും. യുപിഎ സര്‍ക്കാര്‍ വന്നാലും ഈ പരിധി കുറയ്ക്കാന്‍ മടിക്കുമെന്നത് മോദിയുടെ മാസ്റ്റര്‍സ്‌ട്രോക് നീക്കമായി മാറി.

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ദുരിതക്കയത്തില്‍ കഴിയുന്ന ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ പ്രതിവര്‍ഷം 6000 രൂപ നേരിട്ട് എക്കൗണ്ടിലെത്തിക്കാനുള്ള പദ്ധതിയാണിത്. സര്‍ക്കാരിന് പ്രതിവര്‍ഷം 75,000 കോടി രൂപയുടെ ചെലവ് വരുന്ന പദ്ധതി കര്‍ഷകരില്‍ മികച്ച പ്രതികരണമുണ്ടാക്കുമെന്ന് ബിജെപി കരുതുന്നുണ്ട്. രാഹുല്‍ ഗാന്ധി നടപ്പാക്കുമെന്ന് പറയുന്ന മിനിമം വേതന പദ്ധതിക്കുള്ള ചെറിയൊരു പ്രതിരോധം കൂടിയായി ഇത്. രണ്ട് ഹെക്റ്ററില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ദന്‍ പദ്ധതിയും ജനങ്ങളുടെ പിന്തുണ നേടാന്‍ ലക്ഷ്യമിട്ടുള്ള മികച്ച നീക്കമാണ്.

പ്രതിരോധമേഖലയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിവെച്ച് രാഷ്ട്രത്തിന്റെ രക്ഷകരോടുള്ള പ്രതിബദ്ധത സര്‍ക്കാര്‍ വ്യക്തമാക്കിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്തായാലും മൂന്ന് ലക്ഷം കോടി രൂപ പ്രതിരോധ മേഖലയ്ക്കായി മാറ്റിവെച്ചത് സ്വാഗതാര്‍ഹമായ നീക്കമാണ്. ഇന്ത്യയിലെ സാമാന്യ ജനവിഭാഗത്തെയും പ്രതിരോധ മേഖലയെയും കര്‍ഷകരെയുമെല്ലാം മുന്നില്‍ക്കണ്ടുള്ളതാണ് ബജറ്റെന്നത് സുവ്യക്തമാണ്. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്ക് വിഭാഗങ്ങളെയും കര്‍ഷകരെയും പരമാവധി തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. ജനകീയമായ ഈ തെരഞ്ഞെടുപ്പ് ബജറ്റിലൂടെ മോദി വീണ്ടും അധികാരത്തിലേറുമോയെന്നതാണ് ഇനി അറിയേണ്ടത്.

Comments

comments

Categories: Editorial, Slider