ഏഷ്യയില്‍ വ്യാവസായിക തളര്‍ച്ച; ആഗോള സാമ്പത്തിക വളര്‍ച്ച കുറയും

ഏഷ്യയില്‍ വ്യാവസായിക തളര്‍ച്ച; ആഗോള സാമ്പത്തിക വളര്‍ച്ച കുറയും

ഏഷ്യയിലെ കേന്ദ്ര ബാങ്കുകള്‍ നടപ്പു വര്‍ഷം അടിസ്ഥാന പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്തിയേക്കും

ന്യൂഡെല്‍ഹി: ഏഷ്യയുടെ ഭൂരിഭാഗം മേഖലയിലും ജനുവരിയില്‍ വ്യാവസായിക ഉല്‍പ്പാദനം ചുരുങ്ങിയതായി റിപ്പോര്‍ട്ട്. നിരവധി രാജ്യങ്ങളില്‍ ഫാക്റ്ററി ഉല്‍പ്പാദനം ഏതാനും വര്‍ഷത്തിനിടയിലെ താഴ്ന്ന തലത്തിലേക്ക് പോയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വ്യാപാര യുദ്ധവും ചൈനയിലെ മാന്ദ്യവും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണി ഉയര്‍ത്തിയേക്കുമെന്ന ആശങ്കകളും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട്.

ഏഷ്യയിലെ കേന്ദ്ര ബാങ്കുകള്‍ നടപ്പു വര്‍ഷം അടിസ്ഥാന പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്തിയേക്കുമെന്ന പ്രതീക്ഷകള്‍ ഊട്ടിഉറപ്പിക്കുന്നതാണ് ജനുവരിയില്‍ മേഖലയിലെ വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ അനുഭവപ്പെട്ട തളര്‍ച്ച. എന്നാല്‍, ചൈന, ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങിയ ചില രാജ്യങ്ങളില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ട്.

വാണിജ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ദകേന്ദ്രീകരിച്ച് ഏഷ്യന്‍ മേഖലയെ സംബന്ധിച്ച് ഇതുവരെ നേരിട്ടതില്‍ ഏറ്റവും പ്രകടമായ തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥ ഏറ്റവും താഴ്ന്ന തലത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണെന്നും നിരവധി വികസ്വര വിപണികളിലും പ്രതിസന്ധി നേരിടുന്നുണ്ട്. യുഎസ് സമ്പദ്‌വ്യവസ്ഥ ചെറിയ പതര്‍ച്ച അനുഭവിക്കുന്നുണ്ടെങ്കിലും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യുഎസിന്റെ വളര്‍ച്ചാ വേഗം കുറയും.

മാര്‍ച്ചില്‍ നടക്കുന്ന പാര്‍ലമെന്ററി യോഗത്തില്‍ സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ കൈകൊള്ളുന്നതിനും അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ശക്തിപ്രാപിക്കുന്നത് ഒഴിവാക്കുന്നതിനുള്ള പൊതു പരിഹാരം കണ്ടെത്തുന്നതിനും ഇത് ബെയ്ജിംഗിനുമേല്‍ സമ്മര്‍ദം ചെലുത്തും.

ഏഷ്യയിലെ മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും തളര്‍ച്ച നേരിടുമെന്ന് എഎന്‍ഇസെഡ് ഏഷ്യ സ്ട്രാറ്റജിസ്റ്റ് ഐറിന്‍ ചുംഗ് പറഞ്ഞു. യുഎസും ചൈനയും തമ്മില്‍ യുക്തിസഹമായ ഒരു കരാറിലെത്തുമോ എന്നതിനെ ആശ്രയിച്ചായിരിക്കും മേഖലയിലെ മിക്ക പ്രവര്‍ത്തനങ്ങളും. ഇരുരാജ്യങ്ങളും തമ്മില്‍ സമവായതത്തിലെത്തുകയാണെങ്കില്‍ സംഭവിക്കാന്‍ സാധ്യതയുള്ള മാന്ദ്യം ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമഗ്ര വ്യാപാര കരാറിലെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസില്‍ ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ഉന്നതതല ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായതായും ട്രംപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് ലോക ശക്തികളും തമ്മില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് വലിയ കരാറില്‍ എത്തിച്ചേരുമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ചൈനയിലെ വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ മാസം ഉണ്ടായത്. പുതിയ ബിസിനസ് ഓര്‍ഡറുകളിലും ഫാക്റ്ററി ഉല്‍പ്പാദനത്തിലും ഇടിവുണ്ടായി. 2015 സെപ്റ്റംബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും മോശം പ്രകടനമാണ് തായ്‌വാന്റെ വ്യാവസായിക മേഖലയില്‍ രേഖപ്പെടുത്തിയത്. ഇന്തോനേഷ്യയിലെ വ്യാവസായിക മേഖലയില്‍ ആദ്യമായി ചുരുക്കം നേരിട്ടു.

ജപ്പാനിലും വ്യാവസായിക രംഗം കഴിഞ്ഞ മാസം ക്ഷീണം നേരിട്ടു. 29 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് രാജ്യത്തെ വ്യാവസായിക രംഗം ജനുവരിയില്‍ രേഖപ്പെടുത്തിയത്. രാജ്യത്തെ ദുര്‍ബലമായ കയറ്റുമതിയും ഉല്‍പ്പാദനവും ഉടന്‍ ചുരുങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരിയില്‍

  • മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ചൈനയിലെ വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ മാസം ഉണ്ടായത്. പുതിയ ബിസിനസ് ഓര്‍ഡറുകളിലും ഫാക്റ്ററി ഉല്‍പ്പാദനത്തിലും ഇടിവുണ്ടായി
  • 2015 സെപ്റ്റംബര്‍ മുതലുള്ള കാലയളവിലെ ഏറ്റവും മോശം പ്രകടനമാണ് തായ്‌വാന്റെ വ്യാവസായിക മേഖലയില്‍ രേഖപ്പെടുത്തിയത്
  • ഇന്തോനേഷ്യയിലെ വ്യാവസായിക മേഖലയില്‍ ആദ്യമായി ചുരുക്കം നേരിട്ടു
  • 29 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് ജപ്പാന്റെ വ്യാവസായിക മേഖലയില്‍ രേഖപ്പെടുത്തിയത്.
  • ഇന്ത്യയുടെ ഫാക്റ്ററി ഉല്‍പ്പാദനം അപ്രതീക്ഷിതമായി വര്‍ധിച്ചു. 2017 മുതലുള്ള കാലയളവിലെ ഏറ്റവും വേഗത്തിലുള്ള വര്‍ധനയാണ് ഫാക്റ്ററി ഓര്‍ഡറുകളില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

Comments

comments

Categories: Business & Economy