ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭരിക്കുന്ന ഒരു നഗരം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭരിക്കുന്ന ഒരു നഗരം

ഒരു സൂപ്പര്‍ കമ്പ്യൂട്ടറില്‍ അല്‍ഗോരിതം ഉപയോഗിച്ച് വലിയ അളവില്‍ ഡാറ്റ ശേഖരിക്കുകയും പ്രൊസസ് ചെയ്യുകയും ചെയ്തു കൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ചൈനയിലെ ഹാങ്‌സു നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്നത്. ആലിബാബ ക്ലൗഡ് ആണ് ഇതിനുള്ള സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കിയിരിക്കുന്നത്. 2015-ല്‍ ആരംഭിച്ച ഈ സംവിധാനത്തിലൂടെ ഹാങ്‌സു നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു വലിയ അളവില്‍ പരിഹാരം കണ്ടെത്താന്‍ സഹായിച്ചിരിക്കുന്നു.

ഇന്ന് ലോകത്തിലെ ഭൂരിഭാഗം നഗരങ്ങളും സ്മാര്‍ട്ടായി കൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളെ ഏതെങ്കിലുമൊരു സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന പ്രവണത ഏറിയും വരുന്നു. കാരണം ഇന്ന് അടിസ്ഥാനസൗകര്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണണമെങ്കില്‍ ടെക്‌നോളജിയുടെ സഹായം വേണമെന്ന അവസ്ഥയാണുള്ളത്. ചൈനയിലെ ഹാങ്‌സു നഗരവും ഇത്തരത്തില്‍ അടിസ്ഥാനസൗകര്യങ്ങളിലൊന്നായ ഗതാഗതരംഗത്തെ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ട്രാഫിക് കുരുക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണിത്. സിറ്റി ബ്രെയ്ന്‍ എന്നാണ് ഈ പദ്ധതിയുടെ പേര്. ആലിബാബയാണ് പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത്. രണ്ട് വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കി വിജയം വരിച്ചതോടെ ചൈനയിലെ മറ്റ് നഗരങ്ങളിലേക്കും കഴിഞ്ഞ വര്‍ഷം മുതല്‍ മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലും സിറ്റി ബ്രെയ്ന്‍ നടപ്പിലാക്കുകയുണ്ടായി.

ആഗോളതലത്തില്‍ നഗരങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

ആഗോള നഗരങ്ങളുടെ എണ്ണം അതിശയിപ്പിക്കും വിധം വളരുകയാണ്. യുഎന്നിന്റെ കണക്കനുസരിച്ച് 2050-ാടെ ആഗോളജനസംഖ്യയുടെ മുക്കാല്‍ ഭാഗവും (3/4) നഗര കേന്ദ്രീകൃതമാകുമെന്നാണ്. മാത്രമല്ല, ഏഷ്യയും ആഫ്രിക്കയുമായിരിക്കും വരുന്ന ദശാബ്ദങ്ങളില്‍ നഗരവത്കരണത്തിനു നേതൃത്വം നല്‍കുകയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. വളര്‍ന്നു വരുന്ന നഗരങ്ങള്‍ അവിടെയുള്ള ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോള്‍ തന്നെ ബുദ്ധിമുട്ടുകയാണ്. ഈ നഗരങ്ങളിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഏറ്റവും സാധാരണ വിഷയങ്ങളിലൊന്നാണു ഗതാഗത കുരുക്ക്. ലോകത്ത്, ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അഭിമുഖീകരിക്കുന്ന പത്ത് നഗരങ്ങളില്‍ ആറും ഏഷ്യയില്‍നിന്നുള്ളവയാണെന്നു ടോം ടോം ഇന്‍ഡെക്‌സ് (TomTom Index) സൂചിപ്പിക്കുന്നു. മഴക്കാലം പോലുള്ള സമയങ്ങളില്‍ വെള്ളപ്പൊക്കം, മഴ എന്നിവയും ഗതാഗതക്കുരുക്കിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയില്‍ മുംബൈ നഗരത്തിലും ഇന്തൊനേഷ്യയില്‍ ജക്കാര്‍ത്തയിലും ഗതാഗതക്കുരുക്ക് പരിഹാരമില്ലാത്ത പ്രശ്‌നമായി തന്നെ അവശേഷിക്കുന്നു. കൂടാതെ ഈ നഗരങ്ങളിലൊക്കെ വന്‍തോതിലുള്ള വികസന പദ്ധതികളാണു നടക്കുന്നത്. നിരത്തുകളും, ബഹുജന ഗതാഗത സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ദിവസേന ജോലിക്ക് പോകുന്ന യാത്രക്കാര്‍ക്കു വലിയ തോതിലുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടിയും വരുന്നു. ഗതാഗതക്കുരുക്ക് എന്ന പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ തന്നെ, റോഡ് അപകടങ്ങള്‍ കുറച്ചു കൊണ്ടു വരിക എന്നത് നഗരാസൂത്രണത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കു സങ്കീര്‍ണത നിറഞ്ഞ വെല്ലുവിളിയായി അവശേഷിക്കുന്നുമുണ്ട്. പല നഗരങ്ങളിലും സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് റോഡുകളുടെ മോശം അവസ്ഥ കാരണം അറ്റകുറ്റപ്പണി ചെയ്യേണ്ടി വരുന്നതും പതിവാണ്.

സാങ്കേതികവിദ്യ ഉണ്ടാക്കിയ മുന്നേറ്റം അല്ലെങ്കില്‍ വികസനം പട്ടണങ്ങളിലെ ജീവിതനിലവാരം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും നഗരവാസികള്‍ക്കു പുതിയ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇന്നു നഗരവാസികള്‍ക്ക് അവരുടെ ഒരു ദിവസത്തിന്റെ വലിയൊരു ഭാഗം യാത്രയ്ക്കായി നീക്കിവയ്‌ക്കേണ്ടി വരുന്നു. ഇതാകട്ടെ, ജോലിയും ജീവിതവും അസന്തുലിതമാകുന്ന (work-life balance) സാഹചര്യമുണ്ടാക്കുന്നു. കൂടാതെ, മലിനീകരണവും, പുകയും നഗരങ്ങളില്‍ പൊതുജനാരോഗ്യത്തെയും ബാധിച്ചു. ചില നഗരങ്ങള്‍, പ്രകൃതി വിഭവങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിലാണു വെല്ലുവിളികളെ അഭിമുഖീകരിക്കുന്നത്. ഉദാഹരണമായി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ നഗരം സമീപകാലത്ത് അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇടം നേടുകയുണ്ടായി. വലിയ തോതില്‍ ജലക്ഷാമം നേരിടുന്ന ലോകത്തിലെ ആദ്യ നഗരമെന്നതിന്റെ പേരിലായിരുന്നു അത്.

(നഗരങ്ങളിലെ അസന്തുലിതമായ ജനസംഖ്യാ വളര്‍ച്ചയ്ക്കു കാരണമാകുന്ന സമൂഹത്തെ സൃഷ്ടിക്കുന്നത് ടെക്‌നോളജിയാണെന്ന് ലുഡൈറ്റുകള്‍ കുറ്റപ്പെടുത്തുന്നു. 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ടെക്‌സ്‌റ്റൈല്‍ തൊഴിലാളികളുടെ രഹസ്യ സ്വഭാവമുള്ള ഒരു സംഘടനയായിരുന്നു ലുഡൈറ്റ്. ഈ സംഘടനയിലെ തീവ്രസ്വഭാവമുള്ള വിഭാഗക്കാര്‍ ടെക്‌സ്‌റ്റൈല്‍ മെഷിനറി നശിപ്പിക്കുകയുണ്ടായി. യന്ത്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഇവരെ മെഷിനറികള്‍ നശിപ്പിക്കാന്‍ പ്രേരിപ്പിച്ചത്).

ലുഡൈറ്റുകള്‍ ടെക്‌നോളജിയെ എതിര്‍ക്കുമ്പോഴും, പ്രതീക്ഷയ്ക്കു വക നല്‍കുന്നുണ്ട് ടെക്‌നോളജി. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളില്‍, നഗരവത്കരണവുമായി ബന്ധപ്പെട്ടു നേരിടുന്ന പൊതുവായ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യയ്ക്കു മാത്രമേ സാധിക്കൂ എന്നത് ഒരു വസ്തുതയാണ്. ഇന്നു ഭൂരിഭാഗം ആഗോളനഗരങ്ങളുടെയും പ്രശ്‌നം, അവ അവിചാരിതമായി, അല്ലെങ്കില്‍ വല്ലവിധേയനയും വളര്‍ന്നുവെന്നതാണ്. മുന്‍കാലങ്ങളില്‍ ജനസംഖ്യാ വര്‍ധനയ്ക്ക് ആര്‍ക്കിടെക്റ്റുകളും, ടൗണ്‍ പ്ലാനര്‍മാരും, സിവില്‍ എന്‍ജിനീയര്‍മാരും പരിഹാരം കണ്ടെത്തിയിരുന്നു. എന്നാല്‍ ഭാവിയില്‍, സുസ്ഥിര സ്മാര്‍ട്ട് നഗരങ്ങളുടെ വികസനത്തിനു സാങ്കേിതകവിദ്യയായിരിക്കും നിര്‍ണായക പങ്ക് വഹിക്കുന്നത്. ഇപ്പോള്‍ തന്നെ മൊബൈല്‍, ഓഗ്‌മെന്റഡ് റിയല്‍റ്റി ടെക്‌നോളജിയിലൂടെ സ്മാര്‍ട്ട് നഗരങ്ങളുടെ വികസനം മുന്നേറുന്നുണ്ടെന്നതും ഒരു യാഥാര്‍ഥ്യമാണ്.

സിറ്റി ബ്രെയ്ന്‍

കിഴക്കന്‍ ചൈനീസ് നഗരവും, ടെക് ഭീമനായ ആലിബാബയുടെ ആസ്ഥാനകേന്ദ്രവുമായ ഹാങ്‌സുവിലെ ജനങ്ങള്‍ ദീര്‍ഘകാലമായി അനുഭവിച്ചു കൊണ്ടിരുന്ന ഒരു തലവേദനയായിരുന്നു ഗതാഗതക്കുരുക്ക്. ഏകദേശം ഏഴ് ദശലക്ഷം പേര്‍ താമസിക്കുന്ന ഹാങ്‌സു, ചൈനയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് അലങ്കരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പട്ടികയില്‍ 57-ാം സ്ഥാനത്തേയ്ക്കു താഴ്ന്നു. സിറ്റി ബ്രെയ്ന്‍ എന്ന സംവിധാനം നടപ്പിലാക്കിയതോടെയാണിത്. 2015ലാണു സിറ്റി ബ്രെയ്ന്‍ നടപ്പിലാക്കിയത്.
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബ്യൂറോ, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ്, മാപ്പ് ചെയ്യുന്ന ആപ്പ്, ആയിരക്കണക്കിനു ക്യാമറകള്‍ എന്നിവയില്‍നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണു സിറ്റി ബ്രെയ്ന്‍ ട്രാഫിക്കിനെ മോണിറ്ററിംഗ് ചെയ്യുന്നത്.

കവലകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്റര്‍സെക്ഷന്‍ ക്യാമറയിലെ വീഡിയോയില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങളും, കാറിന്റെയും ബസിന്റെയും ലൊക്കേഷനുകളുടെ ജിപിഎസ് ഡാറ്റയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണു സിറ്റി ബ്രെയ്ന്‍. വിവരങ്ങള്‍ ശേഖരിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ്. ഇത്തരത്തില്‍ ട്രാഫിക് ക്യാമറകളിലൂടെ ഗതാഗതത്തിലെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു വിശകലനം ചെയ്യാന്‍ സാധിച്ചതിലൂടെ ഹാങ്‌സുവിലെ ഗതാഗത കുരുക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിച്ചു. ഹാങ്‌സു നഗരത്തില്‍ ആയിരത്തിലേറെ റോഡ് സിഗ്നലുകളെ ഏകോപിച്ചു കൊണ്ട് തത്സമയം വിവരങ്ങളെ വിശകലനം ചെയ്യാന്‍ സിറ്റി ബ്രെയ്ന്‍ സംവിധാനത്തിനു സാധിക്കുന്നു. ഇതിലൂടെ ഗതാഗതക്കുരുക്കിനും പരിഹാരം കണ്ടെത്താനായി. മാത്രമല്ല, നിരത്തില്‍ ഒരു അപകടം നടന്നാല്‍ അതിനോട് ഉടന്‍ തന്നെ പ്രതികരിക്കാനും സാധിക്കുന്നു. രണ്ട് വര്‍ഷത്തോളം ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു. സംവിധാനം വിജയകരമായി തീരുകയും ചെയ്തു. സിറ്റി ബ്രെയ്ന്‍ സംവിധാനം ആലിബാബയുടെ നേതൃത്വത്തിലാണു നടപ്പിലാക്കിയിരിക്കുന്നത്.
‘നമ്മള്‍ക്ക് അറിയാം ചൈനയിലെ നഗരങ്ങളിലാണ് ലോകത്തു തന്നെ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ മെഷീന്‍ ലേണിംഗ്്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുകയാണെന്ന് ‘ ആലിബാബയുടെ ടെക്‌നോളജി സ്റ്റീറിംഗ് കമ്മിറ്റി ചെയര്‍മാന്‍ വാങ് ജിയാന്‍ പറയുന്നു.

Comments

comments

Categories: FK Special, Slider
Tags: AI