അഴിമതി വിരുദ്ധ നടപടികളിലൂടെ 107 ബില്യണ്‍ തിരിച്ചുപിടിച്ചെന്ന് സൗദി

അഴിമതി വിരുദ്ധ നടപടികളിലൂടെ 107 ബില്യണ്‍ തിരിച്ചുപിടിച്ചെന്ന് സൗദി

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമെന്ന് പറഞ്ഞ് ബിസിനസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കൈക്കൊണ്ട നടപടികള്‍ അവസാനിപ്പിച്ചുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് പുതിയ നീക്കത്തിലൂടെ സൗദി ശ്രമിക്കുന്നതെന്നുവേണം കരുതാന്‍

റിയാദ്: അഴിമതിയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളിലൂടെ 107 ബില്യണ്‍ ഡോളര്‍ തിരിച്ചുപിടിച്ചതായി സൗദി അറേബ്യ. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് നഷ്ടമുണ്ടാക്കി ബിസിനസ് സമൂഹത്തെ പരിഭ്രമത്തിലാഴ്ത്തിയ അഴിമതിവിരുദ്ധമെന്ന പേരില്‍ നടന്ന വേട്ടയാടല്‍ നടപടി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച നാളുകളായി സൗദി അറേബ്യയെ വിവാദക്കുരുക്കില്‍ തളച്ചിട്ടിരുന്നു.

അഴിമതിക്കുറ്റം ചുമത്തപ്പെട്ട 87 ഓളം പേരില്‍ നിന്നാണ് ഈ തുക പിടിച്ചെടുത്തിട്ടുള്ളതെന്ന് സല്‍മാന്‍ രാജകുമാരന്‍ നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ കമ്മീഷന്‍ അറിയിച്ചു. പണം, റിയല്‍ എസ്റ്റേറ്റ്, കമ്പനികള്‍, സെക്യൂരിറ്റി എന്നീ രൂപങ്ങളിലാണ് പണം തിരിച്ചുപിടിച്ചിരിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ തുകയും പിടിച്ചെടുത്തോ എന്ന കാര്യം കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. 35 ബില്യണ്‍ ഡോളര്‍ തിരിച്ചുപിടിച്ചുവെന്നും ശേഷിക്കുന്ന തുക രണ്ട് വര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിക്കും എന്നുമായിരുന്നു കഴിഞ്ഞ ഒക്‌റ്റോബറില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയിരുന്നത്. അഴിമതിയെ അമര്‍ച്ച ചെയ്യാനുള്ള നടപടികളുടെ ഭാഗമായി 60ഓളം പേര്‍ നിയമവിചാരണ നേരിടുന്നതായി ഔദ്യോഗിക മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായെന്ന് പറഞ്ഞ് ബിസിനസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കൈക്കൊണ്ട നടപടികള്‍ അവസാനിപ്പിച്ചുവെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് പുതിയ നീക്കത്തിലൂടെ സൗദി ശ്രമിക്കുന്നതെന്നുവേണം കരുതാന്‍. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം വിവിധ ലോകരാജ്യങ്ങള്‍ സൗദിക്കെതിരെ തിരിയുന്നതിന് കാരണമായിരുന്നു. സൗദിയില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം ഇടിയുകയും ചെയ്തു. അഴിമതി വിരുദ്ധ വേട്ട അവസാനിച്ചുവെന്നുള്ള സന്ദേശം നല്‍കി നിക്ഷേപകരെ വീണ്ടും ആകര്‍ഷിക്കാനാണ് ഇപ്പോള്‍ സൗദി ശ്രമിക്കുന്നത്. പുതിയ പ്രസ്താവനയിലൂടെ പ്രാദേശിക ബിസിനസ് സമൂഹത്തിന്റെ ഭയം പൂര്‍ണ്ണമായി അവസാനിക്കില്ലെങ്കിലും പ്രധാനപ്പെട്ട അറസ്റ്റുകളൊന്നും ഉടന്‍ ഉണ്ടാകില്ലെന്ന വിശ്വാസം അവരില്‍ ജനിപ്പിക്കാന്‍ ഈ വാര്‍ത്ത സഹായകമായേക്കും.

അഴിമതി വിരുദ്ധനടപടികളുടെ ഭാഗമായുള്ള അറസ്റ്റുകള്‍ അനിവാര്യമാണെന്നായിരുന്നു നേരത്തെ ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. കൂടുതല്‍ സുതാര്യമായ ബിസിനസ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് ഹ്രസ്വകാല നിക്ഷേപത്തകര്‍ച്ച വിലയായി നല്‍കുന്നതില്‍ തെറ്റില്ല എന്നാണ് സല്‍മാന്‍ രാജകുമാന്റെ അനുകൂലികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സുതാര്യതയില്ലാത്ത, ബിസിനസ് രംഗത്തെ ഒന്നടങ്കം പിടിച്ചുകുലുക്കുന്ന ഒന്നായിട്ടാണ് ഈ വേട്ടയാടല്‍ നടപടി മാറിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ പൊതുജനങ്ങള്‍ക്കായി വിട്ടുനല്‍കിയ രാജകുടുംബത്തിന്റേതായിരുന്ന റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ഡസണ്‍ കണക്കിന് രാജകുടുംബാംഗങ്ങളെയും ബിസിനസ് നേതാക്കളെയും വിളിച്ചുവരുത്തി തടങ്കലില്‍ പാര്‍പ്പിക്കുന്ന നാടകീയ നടപടികള്‍ വരെ ഇതിന്റെ ഭാഗമായി അരങ്ങേറി. വേട്ടയാടല്‍ നടപടികളുടെ ഭാഗമായി ജയിലില്‍ അടക്കപ്പെട്ട രാജകുടുംബ, ബിസിനസ് വ്യക്തിത്വങ്ങളില്‍ സൗദി ബില്യണയര്‍ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനും സൗദി-എത്യോപ്യ ബില്യണയര്‍ മുഹമ്മദ് അല്‍ അമൗദിയും ഉള്‍പ്പെടുന്നു. ധാരണാപത്രങ്ങളില്‍ ഒപ്പിട്ട ശേഷമാണ് ഇരുവരും ജയില്‍ മോചിതരായത്.

വിചാരണയ്ക്ക് വിധിക്കപ്പെട്ട 56 പേര്‍ മറ്റ് ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അഴിമതി വിരുദ്ധ കമ്മീഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രത്യക്ഷത്തില്‍ തെളിവുകള്‍ ഉണ്ടായിട്ടുപോലും ഏട്ടുപേര്‍ ഒത്തുതീര്‍പ്പിന് തയ്യാറായിട്ടില്ലെന്നും അവരുടെ വിഷയം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് വിട്ടുനല്‍കിയിരിക്കുകയാണെന്നും കമ്മീഷന്‍ അറിയിച്ചു.

Comments

comments

Categories: Arabia