ആമസോണിന്റെ വാര്‍ഷിക വില്‍പ്പന 200 ബില്യണ്‍ ഡോളര്‍ കടന്നു

ആമസോണിന്റെ വാര്‍ഷിക വില്‍പ്പന 200 ബില്യണ്‍ ഡോളര്‍ കടന്നു

ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന് ഇന്ത്യയില്‍ പ്രൈം ഉപയോക്താക്കള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഒരുക്കും

സാന്‍ഫ്രാന്‍സിസ്‌കോ: ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ ആമസോണ്‍ വെബ് സര്‍വീസസിന്റെ വരുമാനം 72.4 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ ഉണ്ടായത്. ക്ലൗഡ് വിഭാഗമാണ് വരുമാന വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത്. ഡിസംബര്‍ പാദത്തിലെ ശക്തമായ പ്രകടനത്തോടെ 2018ലെ കമ്പനിയുടെ മൊത്തം വില്‍പ്പന വരുമാനം 239.9 ബില്യണ്‍ ഡോളറിലേക്കെത്തി.
2017 നാലം പാദത്തില്‍ അറ്റവരുമാനം 1.9 ബില്യണ്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ അത് 3 ബില്യണിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ആമസോണിന്റെ സ്മാര്‍ട്ട് സ്പീക്കര്‍ അലക്‌സ മികച്ച വളര്‍ച്ച കഴിഞ്ഞ വര്‍ഷം സ്വന്തമാക്കി. 2020നുള്ളില്‍ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എക്കോ ഡോട്ട് ആണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആമസോണ്‍ ഉല്‍പ്പന്നമെന്നും കമ്പനി വ്യക്തമാക്കുന്നു.

4500 ബ്രാന്‍ഡുകളില്‍ നിന്നായി അലക്‌സയെ പിന്തുണക്കുന്ന 28,000 സ്മാര്‍ട്ട് ഹോം ഡിവൈസുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മെഷീന്‍ ലേണിംഗിന്റ ഫലമായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാനുമുള്ള അലക്‌സയുടെ ശേഷി കഴിഞ്ഞ വര്‍ഷം 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 80,000ലധികം ശേഷികളിലേക്ക് ഡെവലപര്‍മാര്‍ അലക്‌സയെ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2018ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ബില്യണ്‍ ഇരട്ടിയിലധികം സമയം അലക്‌സ ഉപയോക്താക്കളുമായി സംസാരിച്ചിട്ടുണ്ട്.

ലെനോവോ സ്മാര്‍ട്ട് ടാബ് ഉള്‍പ്പടെയുള്ള പുതിയ ഡിവൈസുകളില്‍ അലക്‌സ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. ഫസ്റ്റ് അലര്‍ട്ട്, ജബ്ര, ജെബിഎല്‍, കോഹ്‌ലെര്‍, എല്‍ജി, റാസെര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ അലക്‌സ ഉള്‍ച്ചേര്‍ത്ത ഡിവൈസുകള്‍ ഉടന്‍ അവതരിപ്പിക്കും.

ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന് ഇന്ത്യയില്‍ പ്രൈം ഉപയോക്താക്കള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഒരുക്കുമെന്നും കമ്പനി അറിയിക്കുന്നു. ഈ കാര്‍ഡുപയോഗിച്ച് ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്ന വാങ്ങലുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Amazon