മെസഞ്ചറും, വാട്‌സ് ആപ്പും, ഇന്‍സ്റ്റാഗ്രാമും ഏകോപിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് സുക്കര്‍ബെര്‍ഗ്

മെസഞ്ചറും, വാട്‌സ് ആപ്പും, ഇന്‍സ്റ്റാഗ്രാമും ഏകോപിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് സുക്കര്‍ബെര്‍ഗ്

കാലിഫോര്‍ണിയ: ഫേസ്ബുക്ക് മെസഞ്ചറിനെയും വാട്‌സ് ആപ്പിനെയും ഇന്‍സ്റ്റാഗ്രാമിനെയും ഏകോപിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ച് ആദ്യമായി പ്രതികരണം അറിയിച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് രംഗത്ത്. ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും ഒരുമിപ്പിക്കുന്നതിലൂടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൂടുതല്‍ സുരക്ഷിതമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആശയവിനിമയം നടത്തുന്ന ഉപയോക്താക്കള്‍ക്കു മാത്രം സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുന്ന സംവിധാനമാണു എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. മൂന്ന് പ്ലാറ്റ്‌ഫോമുകളെ ഏകോപിപ്പിക്കുന്നത് ദീര്‍ഘകാല പദ്ധതിയാണെന്നും അത് യൂസര്‍ എക്‌സ്പീരിയന്‍സിനു നല്ലതായിരിക്കുമെന്നും സുക്കര്‍ബെര്‍ഗ് പറഞ്ഞു. ഭാവിയില്‍ നമ്മള്‍ കൂടുതല്‍ സഞ്ചരിക്കാന്‍ പോകുന്നത് ഈ ദിശയിലായിരിക്കുമെന്നാണു താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് പ്ലാറ്റ്‌ഫോമുകളെ സംയോജിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നിരവധി ഗൃഹപാഠങ്ങള്‍ ഇതിനു വേണ്ടി നടത്തേണ്ടതുണ്ട്. അതു കൊണ്ടു തന്നെ ഈ സംവിധാനം ഉടന്‍ നടപ്പിലാക്കുവാനും സാധിക്കില്ല. എങ്കിലും ഈ പുതിയ സംവിധാനം യൂസര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നു സുക്കര്‍ബെര്‍ഗ് പറഞ്ഞു.
ഡാറ്റ ദുരുപയോഗത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം നിരവധി വിമര്‍ശനങ്ങള്‍ക്കു വിധേയമാകേണ്ടി വന്നിരുന്നു സുക്കര്‍ബെര്‍ഗിന്. ഇതേ തുടര്‍ന്നു നിരവധി അംഗങ്ങള്‍ ഫേസ്ബുക്കില്‍നിന്നും പിന്‍മാറുകയും ചെയ്തു. എന്നാല്‍ ഫേസ്ബുക്ക് മെസഞ്ചറിനെയും വാട്‌സ് ആപ്പിനെയും ഇന്‍സ്റ്റാഗ്രാമിനെയും സംയോജിപ്പിക്കുന്നതിലൂടെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുകയാണു സുക്കര്‍ബെര്‍ഗ്.

Comments

comments

Categories: Tech