ആഗോള വില്‍പ്പനയില്‍ ഫോക്‌സ്‌വാഗണ്‍ ഒന്നാമത്

ആഗോള വില്‍പ്പനയില്‍ ഫോക്‌സ്‌വാഗണ്‍ ഒന്നാമത്

ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനെയും നിസാന്‍-റെനോ-മിറ്റ്‌സുബിഷി സഖ്യത്തെയും പിന്തള്ളി

ന്യൂഡെല്‍ഹി : കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റത് ഫോക്‌സ്‌വാഗണ്‍. 2018 ല്‍ 10.83 മില്യണ്‍ വാഹനങ്ങളാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ഡെലിവറി ചെയ്തത്. നിസാന്‍-റെനോ-മിറ്റ്‌സുബിഷി സഖ്യത്തെയും ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനെയുമാണ് ഫോക്‌സ്‌വാഗണ്‍ പിന്നിലാക്കിയത്. നിസാന്‍-റെനോ-മിറ്റ്‌സുബിഷി സഖ്യത്തിന് 10.76 മില്യണ്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞപ്പോള്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ വിറ്റതാകട്ടെ 10.59 മില്യണ്‍ വാഹനങ്ങള്‍. വാഹന നിര്‍മ്മാതാക്കള്‍ക്കിടയിലെ ശക്തമായ മല്‍സരം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വില്‍പ്പന കണക്കുകള്‍.

2018 ല്‍ നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ആഗോളതലത്തില്‍ 5.65 മില്യണ്‍ വാഹനങ്ങളാണ് വിറ്റത്. നിസാന്റെ 43 ശതമാനം ഓഹരി കയ്യാളുന്ന ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ 3.9 മില്യണ്‍ വാഹനങ്ങള്‍ വിറ്റു. സഖ്യത്തിലെ മറ്റൊരു ജാപ്പനീസ് കമ്പനിയായ മിറ്റ്‌സുബിഷി 1.2 മില്യണ്‍ വാഹനങ്ങളാണ് വിറ്റത്. മിറ്റ്‌സുബിഷി മോട്ടോഴ്‌സ് കോര്‍പ്പറേഷന്റെ 34 ശതമാനം ഓഹരി സ്വന്തമാക്കിയിരിക്കുന്നത് നിസാനാണ്.

മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2018 ല്‍ ടൊയോട്ടയുടെ വാഹന വില്‍പ്പന രണ്ട് ശതമാനം വര്‍ധിച്ചു. നിസാന്‍-റെനോ-മിറ്റ്‌സുബിഷി സഖ്യം 1.4 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. എന്നാല്‍ ജപ്പാനിലെ രണ്ടാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായ നിസാന്‍ നേരിട്ടത് മൂന്ന് ശതമാനത്തോളം ഇടിവാണ്. 18 ശതമാനം വില്‍പ്പന വളര്‍ച്ച നേടി മിറ്റ്‌സുബിഷി ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. റെനോ നേടിയത് മൂന്ന് ശതമാനം വര്‍ധന.

2008 ല്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനുമുന്നില്‍ അടിയറവ് പറയുന്നതുവരെ, ഏഴ് ദശാബ്ദത്തിലധികമായി ജനറല്‍ മോട്ടോഴ്‌സ് കമ്പനിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുഎസ് വാഹന നിര്‍മ്മാതാക്കളുടെ വില്‍പ്പന കുറഞ്ഞു. ഡിട്രോയിറ്റ് ആസ്ഥാനമായ ജനറല്‍ മോട്ടോഴ്‌സ് ഇപ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒരു എതിരാളിയേ അല്ല.

Comments

comments

Categories: Auto
Tags: Volkswagen