തൊഴിലില്ലായ്മ വര്‍ധിക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ എങ്ങനെ വളരും?

തൊഴിലില്ലായ്മ വര്‍ധിക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ എങ്ങനെ വളരും?

തൊഴിലില്ലായ്മ നിരക്ക് കൂടുമ്പോള്‍ സമ്പദ് വ്യവസ്ഥ ഏഴ് ശതമാനം വളരുകയെന്നത് ആശ്ചര്യമുളവാക്കുന്നുവെന്ന് മുന്‍ധനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തിലാണെന്ന കണക്കുകള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരം. തൊഴിലില്ലായ്മ നിരക്ക് നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി നില്‍ക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിലെത്തിനില്‍ക്കുന്നത് ആശ്ചര്യമാണെന്ന് ചിദംബരം പറഞ്ഞു.

ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) നിരക്കുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍ണയിച്ചപ്പോള്‍ തൊഴിലില്ലായ്മ നിരക്കിന്റെ കാര്യത്തില്‍ അത് വിട്ടുപോയെന്ന് ചിദംബരം സര്‍ക്കാരിനെ പരിഹസിച്ചു. നാഷണല്‍ സാംപിള്‍ സര്‍വേയുടെ തൊഴില്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഒരു പ്രമുഖ ദേശീയ ദിനപത്രം പുറത്തുവിട്ടതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 1972-73 കാലത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് നിലവിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അത് പൂര്‍ണ റിപ്പോര്‍ട്ടല്ലെന്നും കരട് മാത്രമാണെന്നുമാണ് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞത്. റിപ്പോര്‍ട്ടിന്റെ അന്തിമരൂപമല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മോദി വാഗ്ദാനം ചെയ്തത് രണ്ട് കോടി തൊഴിലുകളായിരുന്നുവെന്നും എന്നാല്‍ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ദേശീയ ദുരന്തമായി ആ വാഗ്ദാനം മാറിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. നോട്ട് അസാധുവാക്കലിന്റെ കാലത്ത് മികച്ച വളര്‍ച്ചയുണ്ടായെന്ന കണക്കുകളെയും ചിദംബരം പരിഹസിച്ചു. എന്നാല്‍ ഒരു തവണ കൂടി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കാമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.

Comments

comments

Categories: FK News
Tags: Unemployment