ടെക്‌സ്‌റ്റൈല്‍സ് മേഖലയ്ക്ക് മികച്ച വളര്‍ച്ചാ സാധ്യത: ഇന്ത്യാ റേറ്റിംഗ്‌സ്

ടെക്‌സ്‌റ്റൈല്‍സ് മേഖലയ്ക്ക് മികച്ച വളര്‍ച്ചാ സാധ്യത: ഇന്ത്യാ റേറ്റിംഗ്‌സ്

ടെക്‌സ്റ്റൈല്‍ മേഖലയുടെ വായ്പാ ഭാരത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം കുറവുണ്ടായേക്കും

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യമിടിവും ഉയര്‍ന്ന ആഭ്യന്തര ആവശ്യകതയും മൂലം രാജ്യത്തെ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് മികച്ച വളര്‍ച്ചാ സാധ്യതയാണുള്ളതെന്ന് ഇന്ത്യാ റേറ്റിംഗ്‌സിന്റെ വിലയിരുത്തല്‍. ടെക്‌സ്റ്റൈല്‍ മേഖലയെ കുറിച്ചുള്ള വീക്ഷണം സുസ്ഥിരം എന്ന നിലയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നോട്ട് അസാധുവാക്കലും ചരക്കു സേവന നികുതിയുടെ നടപ്പാക്കലും സൃഷ്ടിച്ച പ്രതിസന്ധികള്‍ ഇല്ലാതാകുകയാണെന്നും രൂപയുടെ മൂല്യമിടിവ് കയറ്റുമതിക്ക് ഗുണകരമായി എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അടുത്ത സാമ്പത്തിക വര്‍ഷം ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന നേടും. നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിവയ്ക്ക് ശേഷം പ്രവര്‍ത്തന മൂലധനം സ്ഥിരത കൈവരിക്കുകയാണ്. വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടെക്‌സ്റ്റൈല്‍ മേഖലയുടെ വായ്പാ ഭാരത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം കുറവുണ്ടായേക്കുമെന്നും ഇന്ത്യാ റേറ്റിംഗ്‌സ് വിലയിരുത്തുന്നുണ്ട്.

മതിയായ പണമൊഴുക്ക് ഈ മേഖലയിലെ പ്രധാന കമ്പനികള്‍ക്കെല്ലാം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള ചെലവും സ്ഥിരതയിലാണ്. ആഭ്യന്തര തലത്തില്‍ കോട്ടണ്‍ വില നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കിലോയ്ക്ക് 134 രൂപയായിരുന്നത്. മൂന്നാം പാദത്തില്‍ 128 രൂപയായി കുറഞ്ഞിട്ടുണ്ട്. ചൈനയിലെ ഉയര്‍ന്ന ഉല്‍പ്പാദനാണ് കോട്ടണ്‍ വിലയെ താഴ്ത്തിനിര്‍ത്തുന്നത്. 2018-19 കോട്ടണ്‍ വര്‍ഷത്തില്‍ ആഗോള തലത്തില്‍ കോട്ടണ്‍ ഉല്‍പ്പാദനം ഇടിയുമെന്നാണ് കണക്കാക്കുന്നത്. മോശം കാലാവസ്ഥയും കാര്‍ഷിക വിസ്തൃതിയിലുണ്ടായ കുറവുമാണ് ഇതിന് പ്രധാന കാരണം.

2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസങ്ങളില്‍ വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ മറ്റ് പ്രധാന ടെക്‌സ്റ്റൈല്‍സ് കയറ്റുമതി രാഷ്ട്രങ്ങളിലെ കറന്‍സിയെ അപേക്ഷിച്ച് രൂപയുടെ മൂല്യത്തില്‍ കൂടുതല്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യയില്‍ നിന്നുള്ള ടെക്‌സ്റ്റൈല്‍സ് കയറ്റുമതിയെ കൂടുതല്‍ മല്‍സരക്ഷമമാക്കി.

Comments

comments

Categories: FK News