അധ്യാപന പരിശീലനത്തിനായി ഇന്ത്യ കൂടുതല്‍ ചെലവഴിക്കണം

അധ്യാപന പരിശീലനത്തിനായി ഇന്ത്യ കൂടുതല്‍ ചെലവഴിക്കണം

രാജ്യത്തെ പ്രാഥമിക വിദ്യാലയങ്ങളിലെ മിക്ക അധ്യാപകരും പ്രൊഫഷണല്‍ പരിശീലനം നേടിയവരല്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകര്‍ പലരും പ്രൊഫഷണല്‍ പരീശിലനം നേടിയവരല്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്നുള്ള ആറ് അധ്യാപകരെ എടുത്താല്‍ അതില്‍ ഒരാള്‍ പ്രൊഫഷണല്‍ പരിശീലനം നേടിയതായിരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപന പരിശീലനത്തിനായുള്ള ചെലവിടലില്‍ ഇന്ത്യ കാര്യമായ വര്‍ധന വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ‘സമഗ്ര ശിക്ഷാ അഭിയാന്‍’ പദ്ധതിക്ക് അനുവദിച്ചിട്ടുള്ള വിഹിതത്തിന്റെ രണ്ട് ശതമാനം മാത്രമാണ് രാജ്യം അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി വിനിയോഗിച്ചിട്ടുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പദ്ധതിക്കായി 34,489 കോടി രൂപ അനുവദിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 10.5 ശതമാനം കൂടുതലായിരിക്കും ഇത്.

സ്‌കൂള്‍ തലത്തില്‍ നിലവിലുണ്ടായിരുന്ന സര്‍വ ശിക്ഷാ അഭിയാനും (എസ്എസ്എ) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനും (ആര്‍എംഎസ്എ) മറ്റ് അധ്യാപക വിദ്യാഭ്യാസ പ്രോഗ്രാമുകളും സമന്വയിപ്പിച്ചാണ് സമഗ്ര ശിക്ഷാ അഭിയാന്‍ രൂപീകരിച്ചത്. ആഗോള നിലവാരത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.

ഇന്ത്യന്‍ വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപന പരീശീലനം അനിവാര്യമാണ്. നിതി അയോഗിന്റെ മൂന്ന് വര്‍ഷത്തെ കര്‍മ പദ്ധതിയിലും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിന് പ്രൊഫഷണല്‍ പരിശീലനം നേടിയ അധ്യാപകര്‍ ആവശ്യമാണെന്നതിന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രസംഗത്തിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിരുന്നു.

യോഗ്യതയുള്ള അധ്യാപകരുടെ അഭാവം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൊതു സ്വഭാവമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ അധ്യാപകരും എന്‍സിടിഇ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍) നിര്‍ദേശിക്കുന്ന യോഗ്യതകള്‍ ഉള്ളവരായിരിക്കണമെന്ന് നിര്‍ബന്ധിത വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം ഉറപ്പുനല്‍കുന്ന 2009ലെ നിയമത്തിലെ 23-ാം സെക്ഷനില്‍ പറയുന്നുണ്ട്.

2010ല്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള യോഗ്യത നേടുന്നതിന് അധ്യാപകര്‍ക്ക് 2015 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിരുന്നു. 2015-2016ല്‍ 6.6 മില്യണ്‍ അധ്യാപകരാണ് പ്രാഥമിക വിദ്യാലയങ്ങളില്‍ തൊഴിലിലുണ്ടായിരുന്നത്. ഇതില്‍ 1.1 മില്യണ്‍ പേര്‍ പരിശീലനം സിദ്ധിച്ചവരല്ല. ഇതില്‍ 512,000 പേര്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കുളുകളിലും 598,000 പേര്‍ സ്വകാര്യ സ്‌കൂളുകളിലുമായിരുന്നു. സെക്കന്‍ഡറി തലത്തില്‍ രണ്ട് മില്യണ്‍ അധ്യാപകരില്‍ 14 ശതമാനം പേര്‍ പ്രൊഫഷണല്‍ യോഗ്യത നേടിയവരല്ലെന്നും വിദ്യാഭ്യാസ മന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: FK News