ആധുനിക ‘കാള്‍ മാര്‍ക്‌സി’നെ കൂട്ടുപിടിച്ച് രാഹുല്‍ ഗാന്ധി

ആധുനിക ‘കാള്‍ മാര്‍ക്‌സി’നെ കൂട്ടുപിടിച്ച് രാഹുല്‍ ഗാന്ധി

ആധുനിക കാള്‍ മാര്‍ക്‌സ് എന്ന് ഇക്കണോമിസ്റ്റ് വിശേഷിപ്പിച്ച തോമസ് പിക്കറ്റിയുടെ വിദഗ്ധനിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട ഇലക്ഷന്‍ വാഗ്ദാനത്തില്‍ നിര്‍ണായകമാകും

കര്‍ഷകരുടെ എക്കൗണ്ടിലേക്ക് 6,000 രൂപ നേരിട്ടെത്തിക്കുന്ന കിസാന്‍ സമ്മാന്‍ നിധി, നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ ഏറെ ജനകീയമായ പ്രഖ്യാപനമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നതത്. ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ച ജനകീയ ബജറ്റ് അതുകൊണ്ടുതന്നെ തിളങ്ങി നിന്നു, ജനങ്ങളെ കയ്യിലെടുത്തുള്ള ബജറ്റെന്നുള്ള അഭിപ്രായങ്ങളും വന്നുകഴിഞ്ഞു. എന്നാല്‍ ബിജെപി ആരാധകര്‍ അത്ര സന്തോഷിക്കാന്‍ വരട്ടെ. മിനിമം വരുമാന പദ്ധതിയെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതിനെ വെല്ലുന്ന നീക്കങ്ങള്‍ക്കാണത്രെ അണിയറയില്‍ ഒരുങ്ങുന്നത്. അതിന് കൂട്ടുപിടിച്ചിരിക്കുന്നതാകട്ടെ സാമ്പത്തിക ശാസ്ത്രത്തിലെ വമ്പന്മാരെയും.

പിക്കറ്റിയും ഡീറ്റണും

മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതി (എംഐജി-മിനിമം ഇന്‍കം ഗ്യാരന്റി) തയാറാക്കാന്‍ രാഹുലിനെ സഹായിക്കുന്നത് ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധനായ അന്‍ഗസ് ഡീറ്റണും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റിയുമാണ്. 2015ലെ നൊബേല്‍ സമ്മാനജേതാവാണ് ഡീറ്റണ്‍. തോമസ് പിക്കറ്റിയാകട്ടെ ആധുനിക കാള്‍ മാര്‍ക്‌സ് എന്ന് ഖ്യാതി നേടിയ വില്ലാളിവീരനും.

മേയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാല്‍ മിനിമം വേതനം ഉറപ്പ് നല്‍കുന്ന പദ്ധതി അവതരിപ്പിക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം. എത്രയായിരിക്കും തുകയെന്ന് രാഹുല്‍ പറഞ്ഞിട്ടില്ല. വിവിധ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 10,000 രൂപയ്ക്ക് മുകളിലുള്ള തുകയാണ് രാഹുലിന്റെ മനസിലുള്ളത്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.

പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ഡീറ്റണിനെയും പിക്കറ്റിയെയും രാഹുല്‍ ഗാന്ധി ബന്ധപ്പെട്ടതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിക്കറ്റിയുടെ ഏറെ പ്രസിദ്ധമായ പുസ്തകമാണ് കാപ്പിറ്റല്‍ ഇന്‍ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി, അഥവാ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മൂലധനം. വ്യാവസായിക വിപ്ലവത്തിന് ശേഷം അസമത്വത്തിന്റെ വളര്‍ച്ച എങ്ങനെ സംഭവിച്ചുവെന്നതും കുറച്ചാളുകളുടെ കയ്യിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നതെങ്ങനെയെന്നുമാണ് ഈ പുസ്തകം അന്വേഷിക്കുന്നത്.

സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാന്‍ സഹായിക്കുന്ന നയങ്ങളാണ് മോദിയുടേതെന്ന രാഹുലിന്റെ വിമര്‍ശനം പിക്കറ്റിയുടെ നയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന ചില വാദങ്ങളും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. മോദിക്കെതിരെയുള്ള ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ അതുകൊണ്ടുതന്നെ പിക്കറ്റിയുടെ ആശയങ്ങള്‍ രാഹുലിന് ഉപകാരപ്പെട്ടേക്കാനും സാധ്യതയുണ്ട്.

വരുമാന അസമത്വം, ആരോഗ്യം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യന്‍ സാഹചര്യങ്ങളെ ആസ്പദമാക്കി പഠനം നടത്തിയിട്ടുള്ള വിദഗ്ധനാണ് ഡീറ്റണ്‍. നൊബേല്‍ സമ്മാന ജേതാവായ അമര്‍ത്യ സെന്നുമായും ജീന്‍ ഡ്രീസുമായും ചേര്‍ന്ന് നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് ഡീറ്റണ്‍. സോണിയ ഗാന്ധി നയിച്ചിരുന്ന ദേശീയ ഉപദേശക സമിതിയിലെ അംഗം കൂടിയായിരുന്നു ജീന്‍ ഡ്രീസ്.

സമാനമായ പദ്ധതി മോദി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് തിങ്കളാഴ്ച്ച തന്നെ രാഹുല്‍ മിനിമം വേതനത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ തലവനായ പ്രവീണ്‍ ചക്രവര്‍ത്തിയും പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അഭിപ്രായങ്ങളും പരിഗണിച്ചാകും അന്തിമ സ്‌കീം രൂപകല്‍പ്പന ചെയ്യുക. പി ചിദംബരത്തിന്റെ പൂര്‍ണ പിന്തുണയും പദ്ധതിക്കുണ്ട്. അതേസമയം സബ്‌സിഡികളെല്ലാം ഒഴിവാക്കിയാകുമോ കോണ്‍ഗ്രസിന്റെ മിഗ് പ്രൊജക്‌റ്റെന്നത് വ്യക്തമല്ല. ചെലവുകള്‍ യുക്തിപരമാക്കിയായിരിക്കും ഇത് നടപ്പാക്കുകയെന്ന് മാത്രമാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

  • മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന പദ്ധതി തയാറാക്കുന്നത് തോമസ് പിക്കറ്റിയുടെയും അന്‍ഗസ് ഡീറ്റണിന്റെയും തോമസ് പിക്കറ്റിയുടെയും സഹായത്തോടെ
  • ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മൂലധനമെന്ന പ്രസിദ്ധ പുസ്തകം തോമസ് പിക്കറ്റിയുടേതാണ്. പദ്ധതിയുടെ ചെലവുകളെ സംബന്ധിച്ച വിശദമായ പഠനത്തിലാണ് രാഹുലും സംഘവും

Comments

comments

Categories: Business & Economy