മോദി അടുത്തയാഴ്ച്ച വടക്കുകിഴക്കന്‍ മേഖലയിലേക്ക്

മോദി അടുത്തയാഴ്ച്ച വടക്കുകിഴക്കന്‍ മേഖലയിലേക്ക്
  • ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ നീക്കം
  • പൗരത്വബില്ലുമായി ബന്ധപ്പെട്ടുയരുന്ന പ്രതിഷേധങ്ങള്‍ ബിജെപിക്ക് തലവേദന ഉയര്‍ത്തുന്നുണ്ട്. സന്ദര്‍ശനം നിര്‍ണായകം

ന്യൂഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച്ച വടക്കുകിഴക്കന്‍ മേഖലയിലേക്ക്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ ശക്തമായ വികരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. പൗരത്വ നിയമഭേദഗതി ബില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ സാധ്യതകളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായാണ് രാഷ്ട്രീയ നിരകീക്ഷകരുടെ വിലയിരുത്തല്‍.

ഫെബ്രുവരി എട്ടിന് മോദി ഗുവാഹത്തിയിലെത്തും. ഏഴ് സംസ്ഥാനങ്ങളുടെ ചുമതലുയള്ള ബിജെപി നേതാക്കളുമായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യുമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഫെബ്രുവരി 9നുള്ള മോദിയുടെ പരിപാടികള്‍ക്ക് അന്തിമ രൂപമായി വരുന്നതേയുള്ളൂ. ത്രിപുര സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അവിടുത്തെ ചില വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് സൂചന.

അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, നാഗാലന്‍ഡ്, മേഘാലയ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലായി 25 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 21 എണ്ണത്തിലും വിജയിക്കണമെന്നാണ് ബിജെപി പ്രസിഡന്റ് അമിത് ഷാ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സന്ദേശം.

2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 11 സീറ്റുകളാണ് മേഖലയില്‍ നിന്ന് എന്‍ഡിഎക്ക് ലഭിച്ചത്. അസമില്‍ ഏഴ് സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് ജയിച്ചു, അരുണാചലില്‍ ഒരു സീറ്റിലും. നാഗാലന്‍ഡിലും സിക്കിമിലും സഖ്യകക്ഷികളായ നാഗ പീപ്പിള്‍സ് ഫ്രന്റും സിക്കിം ഡെമോക്രാറ്റിക് ഫ്രന്റും ഓരോ സീറ്റ് വീതം ജയിച്ചു. മേഘാലയയിലെ തുറ മണ്ഡലത്തില്‍ നിന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഒരു സീറ്റ് നേടിക്കൊടുത്തു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെ കഷ്ടപ്പെട്ടാണ് ബിജെപി മുന്‍തൂക്കം നേടിയെടുത്തത്. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതോടെയാണ് പാര്‍ട്ടിയുടെ സാധ്യതകള്‍ മേഖലയില്‍ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത്. വടക്കുകിഴക്കന്‍ മേഖലയില്‍ ഏത് നിലയ്ക്കും ബിജെപി സ്വാധീനം നിലനിര്‍ത്തണമെന്ന നിലപാടാണ് ആര്‍എസ്എസിനുമുള്ളത്.

പ്രതിഷേധം

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഒരുമിച്ച് നീങ്ങാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പത്ത് രാഷ്ട്രീയകക്ഷികള്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാംഗ്മയുടെയും അസം ഗണപരിഷത് അധ്യക്ഷന്‍ അതുല്‍ ബോറയുടെയും നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഇതും ബിജെപിക്ക് കടുത്ത വെല്ലുവിളിയാകും. ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡും ഈ യോഗത്തിന് എത്തിയെന്നത് ശ്രദ്ധേയമാണ്. ബില്ലിനെതിരെയുള്ള പ്രതിഷേധം എന്ന നിലയില്‍ അസം ഗണ പരിഷത് നേരത്തെ എന്‍ഡിഎ വിട്ടിരുന്നു. ബിജെപി കൂടി ഘടകക്ഷിയായ നാഗാലന്‍ഡ് മന്ത്രിസഭ പൗരത്വബില്‍ തള്ളി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: FK News