ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതീക്ഷകള്‍ ഇനി അദാനി ഗ്രൂപ്പിലേക്കോ?

ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതീക്ഷകള്‍ ഇനി അദാനി ഗ്രൂപ്പിലേക്കോ?

കടവും നഷ്ടവും മൂലം നിലനില്‍പ്പ് തന്നെ അപകടത്തിലായ സാഹചര്യത്തിലാണ് ഓഹരി വില്‍പ്പനയ്ക്കുള്ള സാധ്യതകള്‍ ജെറ്റ് എയര്‍വെയ്‌സ് തേടുന്നത്

ന്യൂഡെല്‍ഹി: നഷ്ടവും കടബാധ്യതയും മൂലം പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സ് നിക്ഷേപ സമാഹരണത്തിനായി അദാനി ഗ്രൂപ്പിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനി അദാനി ഗ്രൂപ്പുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നതെന്നാണ് വിവരം.

ജെറ്റ് എയര്‍വെയ്‌സില്‍ നിക്ഷേപിക്കുന്നതിന് തുടക്കം മുതല്‍ തന്നെ ടാറ്റ ഗ്രൂപ്പ് അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ജെറ്റ് എയര്‍വെയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ കമ്പനിയില്‍ തനിക്കുള്ള നിയന്ത്രണം ഉപേക്ഷിച്ചാല്‍ മാത്രമെ നിക്ഷേപം നടത്തുകയുളളുവെന്നായിരുന്നു ടാറ്റ ഗ്രൂപ്പ് മുന്നോട്ടുവെച്ച നിബന്ധന. ഇതോടെ ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചകള്‍ പാതിവഴിയിലായി.

ജെറ്റ് എയര്‍വെയ്‌സ് വിലയ്‌ക്കെടുക്കുന്നതിനുള്ള ചരടുവലികള്‍ അദാനി ഗ്രൂപ്പ് അണിയറയില്‍ നടത്തുന്നുണ്ടെന്ന സൂചന നേരത്തെ തന്നെ ചില മാധ്യമങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള പ്ലാനുമായി ജെറ്റ് പ്രൊമോട്ടര്‍മാര്‍ അദാനി ഗ്രൂപ്പിനെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നിലവില്‍ കമ്പനിയുടെ ഓഹരി പങ്കാളിയായ ഇത്തിഹാദ് എയര്‍വെയ്‌സുമായും ജെറ്റ് നിക്ഷേപ ചര്‍ച്ചകള്‍ നത്തിയിരുന്നു. ഇതും വഴിമുട്ടിയപ്പോഴാണ് അദാനി ഗ്രൂപ്പിലേക്ക് ജെറ്റ് തിരിഞ്ഞിരിക്കുന്നത്. നിക്ഷപം നടത്തുന്നതിന് കടുത്ത നിബന്ധനകളാണ് ഇത്തിഹാദ് മുന്നോട്ടുവെച്ചത്. നിലവില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമാണ് ജെറ്റ് എയര്‍വെയ്‌സില്‍ ഇത്തിഹാദിനുള്ളത്. ഇത് 49 ശതമാനത്തിലേക്ക് ഉയര്‍ത്താനായിരുന്നു ഉദ്ദേശം. ഒരു ഓഹരിക്ക് 150 രൂപ നിരക്കില്‍ ഓഹരികള്‍ വാങ്ങാമെന്നായിരുന്നു ഇത്തിഹാദിന്റെ നിര്‍ദേശം. ജെറ്റിന്റെ നിലിവിലുള്ള ഓഹരി വിലയേക്കാള്‍ വളരെ കുറവാണിത്. ഓപ്പണ്‍ ഓഫറില്‍ നിന്ന് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു.

ഇതുകൂടാതെ നിക്ഷേപം നടത്തുന്നതിന് ഗോയലിന് കമ്പനിയിലുള്ള 51 ശതമാനം നിയന്ത്രണാവകാശം 22 ശതമാനമായി കുറയ്ക്കണമെന്നും ഇത്തിഹാദ് ആവശ്യപ്പെട്ടു. വിമാക്കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് യാതൊരു പങ്കുമുണ്ടാകരുതെന്നും ഗോയല്‍ മാനേജ്‌മെന്റ് സ്ഥാനത്തുനിന്ന് മാറി നില്‍ക്കണമെന്നും ഇത്തിഹാദ് വ്യക്തമാക്കി. ഇത്തിഹാദ് സിഇഒ ടോണി ഡഗ്ലസ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജ്‌നീഷ് കുമാറിന് അയച്ച കത്തിലാണ് ഈ നിബന്ധനകള്‍ മുന്നോട്ടുവെച്ചത്. ജെറ്റിന്റെ മുഖ്യ വായ്പാദാതാവാണ് എസ്ബിഐ.

ഇതേതുടര്‍ന്ന് നരേഷ് ഗോയലും എസ്ബിഐ ചെയര്‍മാന് കത്തെഴുതിയിരുന്നു. കമ്പനിയില്‍ 700 കോടി രൂപയുടെ നിക്ഷേപമാണ് ഗോയല്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, കമ്പനിയില്‍ തനിക്കുള്ള ഓഹരി നിയന്ത്രണം 25 ശതമാനത്തില്‍ കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഓപ്പണ്‍ വഴിയല്ലാതെ ഈ ഓഹരികള്‍ വീണ്ടെടുക്കാന്‍ തനിക്ക് അവസരം നല്‍കണമെന്നും ഗോയല്‍ കത്തില്‍ പറഞ്ഞു.

Comments

comments

Categories: Current Affairs