3ഡി ക്യാമറയുമായി ഐ ഫോണ്‍ വരുന്നു

3ഡി ക്യാമറയുമായി ഐ ഫോണ്‍ വരുന്നു

കാലിഫോര്‍ണിയ: അടുത്ത വര്‍ഷം ആദ്യം തന്നെ കൂടുതല്‍ ശക്തമായ 3ഡി എആര്‍ (ഓഗ്‌മെന്റഡ് റിയല്‍റ്റി) ക്യാമറയുള്ള ഐ ഫോണ്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഓഗ്‌മെന്റഡ് റിയല്‍റ്റി എന്ന സാങ്കേതികവിദ്യയിലേക്കു ചുവടുവയ്ക്കുന്ന കമ്പനിക്ക് 3ഡി ക്യാമറ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ മുന്നേറാനാകുമെന്നാണു കരുതുന്നത്. 3ഡി ക്യാമറ അവതരിപ്പിക്കുന്നതിലൂടെ ഇപ്പോള്‍ ഐ ഫോണിനുള്ള മുന്‍വശത്തെ ട്രൂ ഡെപ്ത്ത് കാമറയില്‍നിന്നുള്ള വലിയൊരു മാറ്റം കൂടിയാകും. 25-50 സെന്റിമീറ്റര്‍ റേഞ്ചുള്ളതാണ് ട്രൂ ഡെപ്ത്ത് ക്യാമറ. അതായത് 25 മുതല്‍ 50 സെന്റിമീറ്റര്‍ വരെ പരിധിയിലുള്ള വസ്തുക്കളെ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന കാമറ. എന്നാല്‍ ഇനി ഓഗ്‌മെന്റഡ് റിയല്‍റ്റിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന 3ഡി കാമറയിലൂടെ കൂടുതല്‍ മിഴിവേകുന്ന ചിത്രങ്ങളെടുക്കാന്‍ സാധിക്കും.
ഫോണിന്റെ പിന്‍ഭാഗത്തുള്ള, ദീര്‍ഘ പരിധിയുള്ള 3ഡി ക്യാമറ ഡിസൈന്‍ ചെയ്തിരിക്കുന്നത് യഥാര്‍ഥ ലോകം സ്‌കാന്‍ ചെയ്തതിനു ശേഷം ത്രിമാന രൂപം സൃഷ്ടിക്കാന്‍ സാധിക്കും വിധമാണ്. ഈ ക്യാമറ ഫോണില്‍നിന്നും 15 അടി വരെ ദൂരത്തിലുള്ള വസ്തുക്കളെ ഒപ്പിയെടുക്കാന്‍ പ്രാപ്തമായിരിക്കുമെന്നും പറയപ്പെടുന്നു.

ഗൂഗിളിന് ഒരിക്കല്‍ ഇതുപോലെ സമാനമായൊരു ടെക്‌നോളജി ഉണ്ടായിരുന്നു. പ്രൊജക്റ്റ് ടാങ്കോ എന്നായിരുന്നു ഇതിന്റെ പേര്. ടാങ്കോയ്ക്കും ഒരു വസ്തുവിനെ സ്‌കാന്‍ ചെയ്ത് അതിന്റെ 3ഡി മാതൃക സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ, എന്തു കൊണ്ടോ പ്രൊജക്റ്റ് ടാങ്കോയെ ഗൂഗിള്‍ ഉപേക്ഷിച്ചു. കമ്പനിയുടെ ഭാവിയുടെ ഒരു പ്രധാന ഭാഗമാണ് ഓഗ്‌മെന്റഡ് റിയല്‍റ്റിയെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. ഏറ്റവും പുതിയതായി പുറത്തറങ്ങിയ ഐ ഫോണ്‍ ഓഗ്‌മെന്റഡ് റിയല്‍റ്റി അടിസ്ഥാനമാക്കിയ ആപ്പുകളെ സപ്പോര്‍ട്ട് ചെയ്യുന്നവയുമാണ്. പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന 3-ഡി ക്യാമറയില്‍, ആപ്പിള്‍ ലേസര്‍ സ്‌കാനര്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ലേസറിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന 3ഡി ക്യാമറയായിരിക്കും ഐ ഫോണില്‍ ഓഗ്‌മെന്റഡ് റിയല്‍റ്റി എന്ന ടെക്‌നോളജിയെ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഐ ഫോണ്‍ ഉപയോഗിച്ചു കൂടുതല്‍ ഡെപ്ത്തുള്ള ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

Comments

comments

Categories: Tech