ഹീറോ മോട്ടോകോര്‍പ്പ് ജര്‍മ്മനിയില്‍ ഗവേഷണ വികസന കേന്ദ്രം സ്ഥാപിച്ചു

ഹീറോ മോട്ടോകോര്‍പ്പ് ജര്‍മ്മനിയില്‍ ഗവേഷണ വികസന കേന്ദ്രം സ്ഥാപിച്ചു

മ്യൂണിക്കിന് സമീപമാണ് ‘ഹീറോ ടെക് സെന്റര്‍ ജര്‍മ്മനി’ ആരംഭിച്ചത്

ന്യൂഡെല്‍ഹി : ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ഗവേഷണ വികസന കേന്ദ്രം ജര്‍മ്മനിയില്‍ സ്ഥാപിച്ചു. മ്യൂണിക്കിന് സമീപമാണ് ‘ഹീറോ ടെക് സെന്റര്‍ ജര്‍മ്മനി’ ആരംഭിച്ചത്. ഹീറോ മോട്ടോകോര്‍പ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഹീറോ ടെക് സെന്റര്‍ ജര്‍മ്മനി. രാജസ്ഥാനിലെ ജയ്പുരില്‍ പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സെന്ററുമായി (സിഐടി) ഹീറോ ടെക് സെന്റര്‍ ജര്‍മ്മനി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജാല്‍ പറഞ്ഞു.

ആഗോള ഉപയോക്താക്കള്‍ക്കായി ആധുനിക സാങ്കേതികവിദ്യകള്‍ ജര്‍മ്മനിയിലെ കേന്ദ്രത്തില്‍ വികസിപ്പിക്കും. ഹീറോ മോട്ടോകോര്‍പ്പിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മാര്‍ക്കസ് ബ്രൗണ്‍സ്‌പെര്‍ഗറിനായിരിക്കും ‘ഹീറോ ടെക് സെന്റര്‍ ജര്‍മ്മനി’ ഗവേഷണ വികസന കേന്ദ്രത്തിന്റെ ചുമതല. പുതിയ വാഹന കണ്‍സെപ്റ്റുകളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതില്‍ പുതിയ ഗവേഷണ വികസന കേന്ദ്രം ശ്രദ്ധിക്കും. ജയ്പുരിലെ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ടീമുമായി സഹകരിച്ചുപ്രവര്‍ത്തിക്കും.

ഹീറോയുടെ മോട്ടോര്‍സ്‌പോര്‍ട് ടീമായ ഹീറോ മോട്ടോര്‍സ്‌പോര്‍ട്‌സ് ടീം റാലി ജര്‍മ്മനിയിലെ പുതിയ ഗവേഷണ വികസന കേന്ദ്രം ആസ്ഥാനമാക്കും. ടീമിനായി പുതിയ മോഡലുകള്‍ വികസിപ്പിക്കും. 2016 ലാണ് ജയ്പുരില്‍ സെന്റര്‍ ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി സ്ഥാപിച്ചത്. ഇറ്റലി, സ്‌പെയിന്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഹീറോ മോട്ടോകോര്‍പ്പിന് ഡിസൈന്‍, ടെക്‌നോളജി കേന്ദ്രങ്ങളുണ്ട്. ഇന്ത്യ കൂടാതെ, തെക്കേ അമേരിക്കയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നു.

Comments

comments

Categories: Auto