ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആദ്യമായി വാര്‍ഷിക ഇടിവ്

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആദ്യമായി വാര്‍ഷിക ഇടിവ്

സാംസംഗും ആപ്പിളും തങ്ങളുടെ ഫ്‌ളാഗ്‌ഷിപ്പ് മോഡലുകളുടെ ആവശ്യകത നിലനിര്‍ത്തുന്നതില്‍ പ്രയാസം നേരിടും

ഹോങ്‌കോങ്: ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആദ്യമായി ഇടിവ് രേഖപ്പെടുത്തിയ വര്‍ഷമാണ് 2018 എന്ന് കൗണ്ടര്‍ പോയ്ന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. 1,498.3 മില്യണ്‍ യൂണിറ്റിന്റെ ചരക്കുനീക്കമാണ് 2018ല്‍ രേഖപ്പെടുത്തിയത്. 2017ല്‍ റിപ്പോര്‍ട്ട് ചെയ്ത 1,558.8 മില്യണ്‍ യൂണിറ്റിന്റെ ചരക്കുനീക്കത്തില്‍ നിന്ന് 4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018ന്റെ നാലാം പാദത്തിലെ മാത്രം കണക്കെടുത്താല്‍ 7 ശതമാനം വാര്‍ഷിക ഇടിവാണ് ഉണ്ടായത്. തുടര്‍ച്ചയായ അഞ്ചാം പാദത്തിലാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ചരക്കുനീക്കം തളര്‍ച്ച പ്രകടമാക്കുന്നത്.

സാംസംഗാണ് 19 ശതമാനം വിപണി വിഹിതത്തോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 14 ശതമാനം വിഹിതത്തോടെ ആപ്പിളും വാവെയും രണ്ടാം സ്ഥാനത്താണ്. എട്ട് ശതമാനം വിഹിതമുള്ള ഷഓമിയാണ് പിന്നീട് വരുന്നത്. ഉപയോക്താക്കള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ പുതുക്കിവാങ്ങുന്നതിന്റെ കാലാവധി നീളുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുഎസ്, ചൈന, പശ്ചിമ യൂറോപ്പ് തുടങ്ങിയ വികസിത വിപണികളില്‍ ഇത് പ്രകടമാണ്. ചൈനയിലെ ചരക്കുനീക്കവും ഇടിവാണ് പ്രകടമാക്കിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മള്‍ട്ടിപ്പിള്‍ ക്യാമറ, ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള വ്യാപക ശ്രമം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ നിലവിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ തന്നെ തുടരാനുള്ള പ്രവണത ഉപയോക്താക്കളില്‍ ശക്തമായിരുന്നു. വലിയ ചലനങ്ങളുണ്ടാക്കുന്ന ഇന്നൊവേഷനുകള്‍ ഇല്ലാതിരുന്നതും പുതിയ ഡിവൈസുകളുടെ ഉയര്‍ന്ന വിലയും ഈ ഉല്‍സാഹ കുറവിന് കാരണമായെന്ന് കൗണ്ടര്‍ പോയ്ന്റ് റിസര്‍ച്ചിലെ അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പഥക് പറയുന്നു.

വാവെയ്, ഒപ്പോ, വിവോ തുടങ്ങിയ ബ്രാന്‍ഡുകള്‍ ചൈന, ഇന്ത്യ, യൂറോപ്പിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ മികച്ച പ്രകടനത്തിന്റെ ഫലമായി വളര്‍ച്ച തുടരും. എന്നാല്‍ സാംസംഗും ആപ്പിളും തങ്ങളുടെ ഫഌഗ്ഷിപ്പ് മോഡലുകളുടെ ആവശ്യകത നിലനിര്‍ത്തുന്നതില്‍ പ്രയാസം നേരിടും. വാവെയും വണ്‍പ്ലസും പ്രീമിയം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഫോണുകള്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ അവതരിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ് ആപ്പിളിനും സാംസംഗിനും സൃഷ്ടിക്കുന്നത്.

2018ല്‍ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കത്തിന്റെ മൂന്നില്‍ ഒരു ഭാഗം ചൈനയില്‍ നിന്നായിരുന്നു. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, റഷ്യ തുടങ്ങിയ വികസ്വര വിപണികളിലെ ചരക്കുനീക്കം മൊത്തത്തില്‍ വര്‍ധനയാണ് പ്രകടമാക്കിയിട്ടുള്ളത്.
രണ്ടു വര്‍ഷത്തെ തിരിച്ചടികള്‍ക്കു ശേഷമുള്ള തിരിച്ചുവരവിന് പ്രധാനമായും ഷഓമിയെ സഹായിച്ചത് ഇന്ത്യയിലുണ്ടായ മുന്നേറ്റമാണ്. ഒപ്പോയെ മറികടന്നാണ് ആഗോള തലത്തില്‍ നാലാം സ്ഥാനത്തേക്ക് കമ്പനി എത്തിയത്. എന്നാല്‍ ഒപ്പോ, വിവോ, റിയല്‍മീ, വണ്‍ പ്ലസ് ബ്രാന്‍ഡുകളുടെ ഉടമയായ ബിബികെ ഗ്രൂപ്പിന്റെ മൊത്തം വില്‍പ്പന അളവ് പരിഗണിച്ചാല്‍ വാവെയെയും കമ്പനി മറികടന്നിട്ടുണ്ട്.

Comments

comments

Categories: Business & Economy