മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം സുസ്ഥിര വികസന പാതയിലെന്ന് ഗോയല്‍

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം സുസ്ഥിര വികസന പാതയിലെന്ന് ഗോയല്‍

ന്യൂഡെല്‍ഹി: ലോക്‌സഭയില്‍ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ മന്ത്രാലയത്തിന്റെ ഇടക്കാല ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരണം നടത്തുന്നത്.

രാജ്യം സുസ്ഥിര വികസന പാതയിലാണെന്നും ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം വളര്‍ന്നെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഗോയല്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ചികിത്സയിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില എത്രയും പെട്ടെന്ന് മെച്ചപ്പെടട്ടെ എന്ന് ബജറ്റ് പ്രസംഗത്തിന് മുമ്പ് പീയുഷ് ഗോയല്‍ ആശംസിച്ചു.

മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മാഭിമാനം തിരിച്ചുനല്‍കി. രാജ്യത്തിന്റെ ധനക്കമ്മി പകുതിയാക്കി കുറച്ചു.2022ല്‍ രാജ്യം സമഗ്ര പുരോഗതി കൈവരിക്കും. സുസ്ഥിര അഴിമതിരഹിത ഭരണം മോദി സര്‍ക്കാരിന് കാഴ്ചവയ്ക്കാന്‍ സാധിച്ചു. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റം പിടിച്ചുനിര്‍ത്താനും നിയന്ത്രിക്കാനുമായെന്നും മന്ത്രി പറഞ്ഞു.

നവ ഭാരതത്തിനായി വിവിധ പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നൂതന പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നെന്നും ഇതുവരെ കിട്ടാത്ത കടങ്ങളെക്കുറിച്ച് കേന്ദ്രം റിസര്‍വ് ബാങ്കിനോട് കണക്കുകള്‍ ചോദിച്ചിട്ടുണ്ടെന്നും ബജറ്റില്‍ പറഞ്ഞു.

അതിനിടെ ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പൊതു ബജറ്റ് ചോര്‍ന്നുവെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ആരോപണമുന്നയിച്ചത്. ബജറ്റിലെ സുപ്രധാന തീരുമാനങ്ങള്‍ ട്വിറ്ററിലൂടെ മനീഷ് പുറത്തുവിട്ടു. സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നാണ് സൂചനകള്‍ ലഭിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇതു പ്രചരിക്കുന്നുണ്ടെന്നും മനീഷ് ട്വിറ്ററില്‍ കുറിച്ചു.

Comments

comments

Categories: Current Affairs, Slider