ദീപക് അഹൂജ ടെസ്‌ല വിടുന്നു

ദീപക് അഹൂജ ടെസ്‌ല വിടുന്നു

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് അഹൂജ തത്സ്ഥാനം രാജിവെയ്ക്കും

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ലയുടെ ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് അഹൂജ തത്സ്ഥാനം രാജിവെയ്ക്കും. ചൈനയില്‍ ഈ വര്‍ഷം ഉല്‍പ്പാദനം ആരംഭിക്കാനിരിക്കേയാണ് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളുടെ സിഎഫ്ഒ കമ്പനി വിടുന്നത്. 2019 ല്‍ എല്ലാ സാമ്പത്തിക പാദങ്ങളിലും ലാഭം കൈവരിക്കുമെന്ന് ടെസ്‌ല ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ദീപക് അഹൂജ പടിയിറങ്ങുകയാണെന്ന വാര്‍ത്ത പരന്ന് മണിക്കൂറുകള്‍ക്കകം ടെസ്‌ലയുടെ ഓഹരി ആറ് ശതമാനത്തോളം ഇടിഞ്ഞു. ദീപക് അഹൂജയ്ക്കു പകരം ടെസ്‌ല ഫിനാന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് സാച്ച് കിര്‍ഖോണ്‍ സിഎഫ്ഒ ചുമതല ഏറ്റെടുക്കും.

കാലിഫോര്‍ണിയയിലെ ഫ്രിമോണ്ട് ഫാക്റ്ററിയില്‍നിന്ന് യൂറോപ്പിലേക്കും ഏഷ്യയിലേക്കും മോഡല്‍ 3 സ സെഡാന്റെ കയറ്റുമതി ആരംഭിച്ച വേളയിലാണ് അപ്രതീക്ഷിത സംഭവവികാസം. മോഡല്‍ എസ്, മോഡല്‍ എക്‌സ് എന്നീ ഫഌഗ്ഷിപ്പ് കാറുകള്‍ കുറച്ചുമാത്രമാണ് ഡെലിവറി ചെയ്യാന്‍ സാധിക്കുന്നതെങ്കിലും ഒന്നാം പാദത്തില്‍ ലാഭം നേടാന്‍ കഴിയുമെന്നുതന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അഫോഡബിള്‍ കാറായ മോഡല്‍ 3 സംബന്ധിച്ച് ലോജിസ്റ്റിക്‌സ്, ആഗോള ഡെലിവറി എന്നിവയാണ് ടെസ്‌ലയ്ക്ക് മുന്നിലെ വെല്ലുവിളി.

ചൈനയില്‍ ഫാക്റ്ററി നിര്‍മ്മിച്ച് ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ മോഡല്‍ 3 സെഡാന്റെ വില കുറയ്ക്കാന്‍ കഴിയുമെന്നാണ് ടെസ്‌ല കരുതുന്നത്. 2019 അവസാന പാദത്തോടെ ചൈനീസ് ഫാക്റ്ററിയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നു. അതായത്, ഷാങ്ഹായ് ഫാക്റ്ററിയില്‍ ആഴ്ച്ചതോറും 3,000 മോഡല്‍ 3 നിര്‍മ്മിക്കാന്‍ കഴിയും. അതേസമയം, ഈ വര്‍ഷം അവസാനത്തോടെ ഫ്രിമോണ്ട് പ്ലാന്റില്‍ ആഴ്ച്ചതോറും 7,000 യൂണിറ്റ് മോഡല്‍ 3 നിര്‍മ്മിച്ചുതുടങ്ങും.

Comments

comments

Categories: Auto