കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ഉപഭോഗത്തില്‍ വര്‍ധന

കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ഉപഭോഗത്തില്‍ വര്‍ധന

സ്വര്‍ണത്തിന്റെ ആഗോള ആവശ്യകത നാല് ശതമാനം ഉയര്‍ന്നു

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ഉപഭോഗം 1967 മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന തലത്തിലായിരുന്നുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (ഡബ്ല്യുജിസി) റിപ്പോര്‍ട്ട്. കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ഉപഭോഗം വര്‍ധിച്ചത് സ്വര്‍ണത്തിന്റെ ആഗോള ആവശ്യകതയില്‍ നാല് ശതമാനം വര്‍ധന വരുത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

4,345.1 ടണ്‍ സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം ലോകത്ത് വില്‍പ്പന നടത്തിയിട്ടുള്ളത്. 2017ല്‍ 4,159.9 ടണ്‍ സ്വര്‍ണ ഉപഭോഗം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം സ്വര്‍ണ ഉപഭോഗത്തില്‍ 651.5 ടണ്‍ സ്വര്‍ണം വാങ്ങിയത് കേന്ദ്ര ബാങ്കുകളാണ്. 2017നെ അപേക്ഷിച്ച് 74 ശതമാനത്തിലധികം സ്വര്‍ണം കേന്ദ്ര ബാങ്കുകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ഉപഭോഗത്തില്‍ രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക റെക്കോഡാണിത്.

ചൈന, റഷ്യ, തുര്‍ക്കി, കസാഖിസ്ഥാന്‍ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളാണ് കരുതല്‍ ശേഖരത്തില്‍ വലിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്. ജുവല്‍റികളില്‍ നിന്നുള്ള ആവശ്യകതയിലും താരതമ്യേന കഴിഞ്ഞ വര്‍ഷം മാറ്റമുണ്ടായിട്ടില്ല. 2,200 ടണ്‍ സ്വര്‍ണമാണ് ഇക്കാലയളവില്‍ ജുവല്‍റികള്‍ വാങ്ങിയത്. മിഡില്‍ ഈസ്റ്റിലെ സ്വര്‍ണ ആവശ്യകതയിലുണ്ടായ കുത്തനെയുള്ള ഇടിവും ഇന്ത്യയിലെ നേരിയ ഇടിവും ചൈനയിലെയും റഷ്യയിലെയും യുഎസിലെയും ജുവല്‍റി ആവശ്യകതയിലുണ്ടായ വര്‍ധനയിലൂടെ മറികടക്കാനായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണ ബിസ്‌ക്കറ്റുകളിലും നാണയങ്ങളിലുമുള്ള റീട്ടെയ്ല്‍ നിക്ഷേപം നാല് ശതമാനം വര്‍ധിച്ച് 1,090.2 ടണ്‍ ആയി. ഇറാനില്‍ നിന്നുള്ള ആവശ്യകത 222 ശതമാനം ഉയര്‍ന്ന് ഏകദേശം 62 ടണ്ണിലെത്തിയതാണ് ഇതിന് സഹായിച്ചതെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News

Related Articles