പരിഷ്‌കരണം കൊണ്ട് ദാരിദ്ര്യം അവസാനിക്കില്ല

പരിഷ്‌കരണം കൊണ്ട് ദാരിദ്ര്യം അവസാനിക്കില്ല

ലോകത്ത് ദാരിദ്ര്യം കുറഞ്ഞുവെന്ന ബില്‍ഗേറ്റ്‌സിന്റെ വാദം തെറ്റെന്ന് കണക്കുകള്‍

ലോകം മെച്ചപ്പെട്ടു വരുകയാണെന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ ട്വീറ്റ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകസാമ്പത്തികഫോറത്തിന് അഭിവാദ്യമര്‍പ്പിച്ച് ചെയ്ത സന്ദേശത്തില്‍, പോയ രണ്ടു നൂറ്റാണ്ടിനിടയില്‍ ജീവിതം എത്രമാത്രം പുരോഗമിച്ചെന്നും എന്നാല്‍ പലരും ഈ നേട്ടങ്ങളെ വില കുറച്ചു കാണുകതയാണെന്നും ആരോപിക്കുന്നുമുണ്ട്. ട്വിറ്ററില്‍ ആറു ദശലക്ഷം അനുയായികളുള്ള ബില്‍ഗേറ്റ്‌സിന്റെ സന്ദേശം സ്വാഭാവികമായും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. തന്റെ സന്ദേശം വിശദീകരിക്കാന്‍ ആറോളം ഗ്രാഫ് ഉള്‍പ്പെടുന്ന ഇന്‍ഫോഗ്രാഫിക് സന്ദേശമാണ് ബില്‍ഗേറ്റ്‌സ് ട്വീറ്റ് ചെയ്തത്. ഔര്‍ വേള്‍ഡ് ഇന്‍ ഡേറ്റ എന്ന സ്ഥാപനത്തിലെ മാക്‌സ് റോസര്‍ വികസിപ്പിച്ചെടുത്ത ആറ് ഗ്രാഫുകളില്‍ ആദ്യത്തേതാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചത്. 1820 ല്‍ ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നവര്‍ 94%ല്‍ നിന്ന് അനുപാതികമായി 10% ആയി കുറഞ്ഞുവെന്നാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ അവകാശവാദം കേവലവും നിര്‍ബന്ധിതമായി രേഖപ്പെടുത്തേണ്ടി വന്നതുമാണ്. അതു ഗേറ്റ്‌സ് മാത്രം പറയുന്ന കാര്യമല്ല, ഈ കണക്കുകള്‍ പോയ വര്‍ഷം വിഖ്യാത മനശാസ്ത്രജ്ഞനായ സ്റ്റീവന്‍ പിങ്കര്‍ മുതല്‍ പുലിസ്റ്റര്‍ ജേതാവായ നിക്ക് ക്രിസ്റ്റോഫ് വരെയുള്ളവരും ശരിവെച്ചിരുന്നു. സ്വതന്ത്രവിപണിനയത്തിന്റെ ആഗോള വിപുലീകരണം മഹത്തരമാണെന്ന് ലോകസാമ്പത്തികഫോറത്തില്‍ സന്നിഹിതരായ പലരും വാദിക്കുന്നുണ്ടെന്നതും ശരിയാണ്. എന്നാല്‍ പിങ്കറും ഗേറ്റും ഇതില്‍ നിന്ന് കൂടുതല്‍ മുമ്പോട്ട് പോയിരിക്കുന്നു, വര്‍ദ്ധിച്ചുവരുന്ന അസമത്വത്തെക്കുറിച്ച് നാം പരാതിപ്പെടാന്‍ പാടില്ല. കാരണം പണം ഏതാനും സമ്പന്നരുടെ കൈയില്‍ കുമിഞ്ഞു കൂടുന്നത് ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നുവെന്നാണ് അവരുടെ വാദം. ഇതൊരു ശക്തമായ വിവരണമാണെങ്കിലും തികച്ചും തെറ്റായ വാദമാണെന്നു തന്നെ പറയേണ്ടി വരും.

ഗ്രാഫില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. ഒന്നാമത്തേത്, ദാരിദ്ര്യത്തെ സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത് 1981ല്‍ മാത്രമാണ്. അതിനുമുമ്പുള്ളവയെല്ലാം അപൂര്‍ണവും അതിനാല്‍ത്തന്നെ ആശ്രയിക്കാനാകാത്തതുമാണ്. അതായത്, 1820 മുതലുള്ള വിവരങ്ങള്‍ കണക്കാക്കുകയെന്നത് തീര്‍ത്തും അര്‍ത്ഥരഹിതമാണ്. റോസര്‍ തയാറാക്കിയ വിവരണം യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യത്തെ അടയാളപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല, മറിച്ച് ലോകത്തിലെ ചുരുക്കം രാജ്യങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയുടെ വിതരണത്തിലെ അസമത്വം അടയാളപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. ദീര്‍ഘകാല ദാരിദ്ര്യത്തെക്കുറിച്ചുള്ള ഫലങ്ങള്‍ വ്യക്തമാക്കുന്ന യഥാര്‍ഥ ഗവേഷണങ്ങളൊന്നും തന്നെയില്ല.

റോസറിന്റെ കണക്കുകള്‍ യഥാര്‍ഥത്തില്‍ വെളിപ്പെടുത്തുന്നത് ഭൂരിപക്ഷം ആളുകള്‍ക്കും പണം വലിയ വിശയമല്ലാതിരുന്ന ഒരു ലോകത്തു നിന്ന് ചെറിയ തുകകള്‍ കൊണ്ട് അതിജീവനം നടത്താന്‍ ഓരോരുത്തരും കഷ്ടപ്പെടുന്ന സാഹചര്യത്തെക്കുറിച്ചാണ്. ഈ ഗ്രാഫില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്ന മട്ടിലാണ്, പക്ഷേ വാസ്തവത്തില്‍ മുതലാളിത്തം തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. യൂറോപ്പിലെ ഭൂവിനിയോഗ പ്രവണതകളും ഗ്ലോബല്‍ സൗത്ത് എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ കോളനിവല്‍ക്കരണത്തിലുമെല്ലാം ഇത് പ്രകടമാണ്. കോളനിവല്‍ക്കരണത്തിനു മുന്‍പ്, ഭൂരിഭാഗം ആളുകളും തങ്ങളുടെ രാജ്യങ്ങളില്‍ പരിമിത വിഭവങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞു കൂടിയിരുന്നു. കൃഷി, വെള്ളം, വനം, കന്നുകാലി തുടങ്ങിയ വിഭവങ്ങളെല്ലാം പൊതുവായി പങ്കുവെച്ചു.

അവര്‍ക്ക് പണത്തിനു മാത്രമേ കുറവുണ്ടായിരുന്നുള്ളൂ. പക്ഷേ, അവര്‍ക്ക് ജീവിക്കാന്‍ അത് അത്യാവശ്യമല്ലായിരുന്നു. ഉപജീവനമാര്‍ഗങ്ങള്‍ ഒട്ടേറെ ഉണ്ടായിരുന്നതിനാല്‍ അവരെ പട്ടിണിപ്പാവങ്ങള്‍ എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ അധിനിവേശത്തിനായി വിദേശികള്‍ വരുകയും അവര്‍ ഈ രാജ്യങ്ങളെ കോളനികളാക്കുകയും ചെയ്തതോടെ സാഹചര്യം മാറിമറിയാന്‍ തുടങ്ങി. പാശ്ചാത്യരാജ്യങ്ങള്‍ നാട്ടുകാരെ ഭൂമിയില്‍ നിന്നു കുടിയൊഴിക്കുകയും ഖനികളും ഫാക്റ്ററികളും തോട്ടങ്ങളും സ്ഥാപിക്കുകയും കൂലിക്കാരാക്കി മാറ്റുകയും ചെയ്തതോടെയാണ് അവരുടെ അധോഗതി തുടങ്ങിയത്. അവരുടെ ആദ്യ പരിഗണനകളിലൊന്നും വരാത്ത പണത്തിന്റെ ആവശ്യകത ഇതോടെ ജീവിതം മുമ്പോട്ടു കൊണ്ടു പോകുന്നതിനുള്ള അത്യാവശ്യ ഘടകമായി മാറി.

ആഗോള ഉല്‍പ്പാദന ശൃംഖലകള്‍ ഇത്രയധികം വികസന ആനുകൂല്യങ്ങള്‍ നേടിയെങ്കില്‍ പിന്നെ എങ്ങനെയാണ് ആഗോള ദാരിദ്ര്യം, സാമ്പത്തികവളര്‍ച്ച നേടിയ രാജ്യങ്ങളില്‍ കൂടു കൂട്ടിയിരിക്കുന്നതെന്ന ചോദ്യമുയരുന്നു. ഈ വിരോധാഭാസം മനസ്സിലാക്കാന്‍, ആഗോള ഉല്‍പ്പാദനശൃംഖലകള്‍ വ്യത്യസ്ത മൂല്യശ്രേണിയില്‍ വരുന്നവയാണെന്നും, വിവിധ രാജ്യങ്ങളും വിവിധ ഗ്രൂപ്പുകളും ഈ ശ്രേണിയില്‍ നിന്നുള്ള മൂല്യത്തിന്റെ വിവിധ അളവുകള്‍ പിടിച്ചെടുക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത് വ്യക്തമായും വീണ്ടും വീണ്ടും അസമത്വത്തിലേക്ക് നയിക്കുന്നു. ഗ്ലോബല്‍ സൗത്തില്‍പ്പെടുന്ന രാജ്യങ്ങള്‍ താഴ്ന്ന മൂല്യശ്രേണിയില്‍ തന്നെ ഒതുങ്ങിപ്പോകാന്‍ ഇത് ഇടയാക്കുന്നു.

ആഗോളതലത്തില്‍ ദേശീയ വരുമാനവും സമ്പത്തും വിതരണം ചെയ്യുന്നത്, വടക്കു-തെക്ക് അധികാരദ്വന്ദ്വത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. എന്നാല്‍, ശക്തമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഗ്ലോബല്‍സൗത്ത് രാജ്യങ്ങള്‍ തന്നെ ദേശീയതലത്തിലുണ്ടായ വിതരണത്തില്‍ വലിയതോതിലുള്ള അസമത്വങ്ങള്‍ക്കു ദൃക്‌സാക്ഷികളായെന്ന വസ്തുതയും പ്രധാനമാണ്. ഉദാഹരണത്തിന് 2016 ല്‍ ഇന്ത്യയിലെ ഏറ്റവും ധനികരായ 10% ആളുകള്‍ക്കാണ് മൊത്തം ദേശീയവരുമാനത്തിന്റെ വരുമാനത്തിന്റെ 55% ലഭിച്ചത്. 1980നേക്കാള്‍ ഇവര്‍ക്കുണ്ടായത് 20 ശതമാനത്തിലധികം വര്‍ദ്ധനവാണ്. രാജ്യത്തെ സമ്പത്തിന്റെ വിതരണത്തിലുള്ള അസമത്വം എത്ര വലുതാണെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.

ദാരിദ്ര്യം, വിതരണവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ആഗോള മൂല്യശൃംഖലകളുമായി തെക്കന്‍രാഷ്ട്രങ്ങള്‍ ബന്ധപ്പെട്ടതു മൂലം കൈവന്ന തൊഴിലവസരങ്ങളുമായിത് ബന്ധപ്പെട്ടിരിക്കുമെന്നും ഈ രീതിയിലുള്ള വികസനം വ്യക്തമാക്കി തരുന്നു. ഫാക്റ്റററി ജോലികള്‍ക്കായി മെക്‌സിക്കോയോ വിയറ്റ്‌നമോ പോലുള്ള രാജ്യങ്ങളില്‍ രാജ്യാന്തര കോര്‍പ്പറേഷനുകള്‍ ഷോപ്പുകള്‍ തുറക്കുന്നത് അടിസ്ഥാനപരമായി സന്ദിഗ്ധാവസ്ഥ സൃഷ്ടിക്കും. ആഗോള ഉല്‍പ്പാദന ശൃംഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയാണ് ഇത് ഏറ്റവും മോശമായി ബാധിക്കുന്നത്. ഗ്ലോബല്‍ സൗത്തിലെ ഇടത്തരം രാജ്യങ്ങളിലെ അസംഘടിത തൊഴിലാളികള്‍ എന്നും ദാരിദ്ര്യത്തില്‍ കഴിയുന്നതിനു കാരണവും ഇതു തന്നെ. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളിലെ വികസനനയങ്ങള്‍ ഒരേപോലെ, തൊഴിലാളിവര്‍ഗത്തിന് അനുകൂലമായി പുനര്‍വിതരണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് നിഷ്ഠ വരുത്താന്‍ നാം തയാറാകണം. കാരണം, അന്തിമമായി, അസമത്വമായ ലോകത്തില്‍ ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനുള്ള താക്കോലാണത്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, റോസറുടെ ഗ്രാഫ്, തൊഴിലാളിവര്‍ഗത്തെ സാമ്രാജ്യത്വം അടിച്ചമര്‍ത്തിയതിന്റെ കഥയാണു വിവരിക്കുന്നത്. എന്നാല്‍ ഇതെല്ലാം ജനങ്ങളുടെ ജീവിതപുരോഗതിയെ പ്രതിനിധാനം ചെയ്യുന്നുവോ എന്നത് വ്യക്തമല്ല. കാരണം മിക്കവാറും പുത്തന്‍പണക്കാര്‍ സമ്പാദിക്കുന്നത് വേതനത്തില്‍ നിന്നാണെന്നും മനസിലാക്കാം. എന്നാല്‍ ഇത് സാമ്രാജ്യത്വം അവരില്‍ നിന്നു പിടിച്ചെടുത്ത ഭൂമിയും വിഭവങ്ങളും മൂലം സംഭവിച്ച നഷ്ടങ്ങള്‍ക്കു പരിഹാരമാകില്ലെന്ന് അവര്‍ക്കറിയാം. എന്നാല്‍ ബില്‍ഗേറ്റ്‌സിന്റെ സന്ദേശം കോളനിവല്‍ക്കരണത്തിലെ ഹിംസകളെ വെള്ളപൂശുകയും അതിനെ പുരോഗതിയുടെ കഥയാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.

എന്നാല്‍ ഇവിടെയത് തെറ്റാണെന്നു പറയുക വയ്യ. കാരണം, പ്രതിദിനം 1.90 ഡോളറില്‍ താഴെ സമ്പാദിക്കുന്നവരെ ദാരിദ്ര്യരേഖയ്ക്കു താഴെ പെടുത്തിയാണ് ഗ്രാഫ് ചിത്രീകരിച്ചിരിക്കുന്നത്. ഈ തുകയ്ക്ക് 2011ല്‍ അമേരിക്കയില്‍ വാങ്ങാന്‍ കഴിയുമായിരുന്ന വസ്തുക്കളുടെ അടിസ്ഥാനത്തിലാണിത് തയാറാക്കിയിരിക്കുന്നത്. ഏതു മാനദണ്ഡമെടുത്താലും ഇത് വളരെ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും കാണാം. ഈ രേഖയ്ക്ക് മുകളില്‍ കഴിയുന്നവരില്‍ പോഷകാഹാരക്കുറവ്, ഉയര്‍ന്ന മരണനിരക്ക് എന്നിവ ഭയാനകമായി രീതിയില്‍ കാണാനാകും. പ്രതിദിനം കുറഞ്ഞത് രണ്ടു ഡോളറെങ്കിലും നേടുന്നവരാണ് ദാരിദ്ര്യരേഖയ്ക്കു പുറത്തു വരുന്നത്. ഇതിനര്‍ത്ഥം അവര്‍ കടുത്ത ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നു പുറത്താണെന്നു മാത്രമാണ്, ദരിദ്രരല്ലെന്നല്ല.

കാലങ്ങളായി കൂടുതല്‍ യുക്തിസഹമായ ദാരിദ്ര്യരേഖക്കായി പണ്ഡിതന്മാര്‍ ശ്രമിക്കുന്നുണ്ട്. അടിസ്ഥാന പോഷകാഹാരവും സാധാരണ മനുഷ്യ ജീവിതവും നേടിയെടുക്കാന്‍ പ്രതിദിനം കുറഞ്ഞത് 7.40 ഡോളറെങ്കിലും സമ്പാദിക്കുന്നവരെ വേണം ദാരിദ്ര്യരേഖാപരിധിക്കു മുകളിലുള്ളവരായി പരിഗണിക്കേണ്ടതെന്ന് അവര്‍ വാദിക്കുന്നു. മോശമല്ലാത്ത ജീവിതനിലവാരം നിലനിര്‍ത്തുന്നതിനാവശ്യമായ പോഷകാഹാരം, ശിശുപരിപാലനം, ആയുര്‍ദൈര്‍ഘ്യം എന്നിവ പ്രാപ്തമാക്കാന്‍ ഇത് ഉതകിയേക്കുമെന്ന അനുമാനത്തിലാണ് ഇത്തരമൊരു മാനദണ്ഡം സജ്ജീകരിച്ചിരിക്കുന്നത്. അതേ സമയം ഇത് വളരെ അപര്യാപ്തമാണെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ലന്റ് പ്രിറ്റ്‌ചെറ്റ് ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 10-15 ഡോളര്‍ വരെ സമ്പാദിക്കാന്‍ കഴിയുന്നവരെ വരെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി പരിഗണിക്കണമെന്നാണ് ഇക്കൂട്ടരുടെ വാദം.

ആഗോള ദാരിദ്ര്യം കണക്കാക്കുമ്പോള്‍ പ്രതിദിനം 7.40 ഡോളര്‍ എന്നത് തന്നെ അതിശയോക്തിപരമാണെന്ന് മനസിലാക്കാം. 1981 മുതല്‍ ആരംഭിച്ച കണക്കെടുപ്പില്‍ ഇന്ന് ഇവരുടെ എണ്ണം 4.2 ബില്യണിലെത്തിയിരിക്കുന്നു. ഇത് ലോകസാമ്പത്തിക ഫോറത്തിലെ പരിഷ്‌കരണവാദികളുടെ അവകാശവാദങ്ങളെ ഖണ്ഡിക്കുന്നതാണ്. ഇപ്പറഞ്ഞ സാമ്പത്തികനേട്ടങ്ങള്‍ എല്ലാം സംഭവിച്ചത് പക്ഷേ, ചൈനയിലാണ്. അമേരിക്കയുടെ നവലിബറലിസ നയങ്ങളാണ് വളര്‍ച്ചയ്ക്കു കാരണമെന്ന ബില്‍ഗേറ്റിസിന്റെയും കൂട്ടരുടെയും അവകാശവാദം തികച്ചും അവാസ്തവികമാണെന്നു മനസിലാക്കാം. ഇക്കൂട്ടത്തില്‍നിന്ന് ചൈനയെ എടുത്തു മാറ്റിയാല്‍ത്തന്നെ കണക്കുകള്‍ വഷളാകുമെന്ന് കാണാം. 1981 മുതലുള്ള നാല് ദശാബ്ദങ്ങള്‍ക്കിടയില്‍ ദരിദ്രരുടെ എണ്ണം വര്‍ധിച്ചുവെന്നു മാത്രമല്ല, അവരുടെ വളര്‍ച്ചയുടെ അനുപാതം 60 ശതമാനത്തില്‍ തുടരുകയുമാണ്. അതിനാല്‍ ഇവരുടെ ബുദ്ധിമുട്ടുകള്‍ മറച്ചു കൊണ്ട് മുമ്പോട്ടു പോകുക പ്രയാസമാണ്.

നമ്മുടെ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ മേല്‍ പതിച്ചിട്ടുള്ള കുറ്റാരോപണമാണിത്. നമ്മുടെ ലോകം മുമ്പെന്നത്തെക്കാളും സമ്പന്നമാണ്, പക്ഷെ എല്ലാം തന്നെ ഒരു ചെറിയ സംഘം വരേണ്യര്‍ പിടിച്ചെടുക്കുന്നു. ആഗോള വളര്‍ച്ചയുടെ ഫലമായി ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ അഞ്ചു ശതമാനമേ 60% വരുന്ന പരമദരിദ്രരിലേക്ക് എത്തുന്നുള്ളൂ. എന്നാല്‍ ഇവരാണ് ലോകത്തിനാവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ഉല്‍പ്പാദിപ്പിക്കുന്നത്. ഫാക്റ്ററികളിലും തോട്ടങ്ങളിലും ഖനികളിലും 200 വര്‍ഷം തടവിലാക്കപ്പെട്ടവരാണ് ഈ നേട്ടത്തിന് വേണ്ടി ത്യാഗം അനുഭവിച്ചവര്‍. ഇതിനു വിരുദ്ധമായ കോടീശ്വരന്മാരുടെ അവകാശവാദങ്ങള്‍ ഒട്ടും ന്യായീകരിക്കത്തക്കതല്ല.

Comments

comments

Categories: Top Stories