പ്രതിമാസം ആന്ധ്രയില്‍ നിര്‍മിക്കുന്നത് 3.5 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍: നരസിംഹന്‍

പ്രതിമാസം ആന്ധ്രയില്‍ നിര്‍മിക്കുന്നത് 3.5 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍: നരസിംഹന്‍

സംസ്ഥാനത്തിന്റെ ശരാശരി വളര്‍ച്ചാ നിരക്ക് 10.66 ശതമാനമാണ്. ദേശീയ ശരാശരി വളര്‍ച്ചയേക്കാള്‍ കൂടുതലാണിത്

അമരാവതി: പ്രതിമാസം 3.5 മില്യണിലധികം മൊബീല്‍ ഫോണുകള്‍ ആന്ധ്രാപ്രദേശില്‍ നിര്‍മിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍. രാജ്യത്ത് നിര്‍മിക്കുന്ന അഞ്ച് മൊബീല്‍ ഫോണുകളില്‍ ഒന്ന് ആന്ധ്രയില്‍ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സഭയില്‍ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് നരസിംഹന്‍ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

അടുത്ത കാലത്ത് ഇന്ത്യയിലെ ഒരു ഗ്രീന്റഫീല്‍ഡ് പദ്ധതിയിലേക്ക് ഏറ്റവും വലിയ എഫ്ഡിഐ ആകര്‍ഷിക്കാന്‍ കഴിഞ്ഞ സംസ്ഥാനമെന്ന നിലയില്‍ ആന്ധ്രാപ്രദേശിന് അഭിമാനമുണ്ടെന്നും നരസിംഹന്‍ പറഞ്ഞു. പ്രകാസം ജില്ലയിലെ രാമയ്യാപട്ടണത്തില്‍ 24,500 കോടി രൂപയുടെ നിക്ഷേപമാണ് ഏഷ്യ പള്‍പ്പ് ആന്‍ഡ് പേപ്പര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപക്ഷെ, ലോകത്തില്‍ തന്നെ ഒറ്റ സൈറ്റില്‍ വികസിപ്പിക്കുന്ന ഏറ്റവും വലിയ പേപ്പര്‍ മില്ലായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

വിശാഖപട്ടണത്ത് പുനരുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 5 ജിഗാവാട്ടിന്റെ ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന് അടുത്തിടെ അദാനി ഗ്രൂപ്പുമായും സംസ്ഥാന സര്‍ക്കാര്‍ ധാരണയായിട്ടുണ്ട്. 70,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കായി അദാനി ഗ്രൂപ്പ് സംസ്ഥാനത്ത് നടത്തുക. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് യാതൊരു പിന്തുണയും ഉണ്ടായിട്ടില്ലെങ്കിലും കഴിഞ്ഞ നാലര വര്‍ഷത്തിനിടെ എല്ലാ മേഖലകളിലും നേട്ടം രേഖപ്പെടുത്താന്‍ ആന്ധ്രാപ്രദേശിന് കഴിഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ പിന്തുണ കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നേട്ടങ്ങള്‍ സംസ്ഥാനത്തിന് അവകാശപ്പെടാന്‍ സാധിച്ചേനെ. സംസ്ഥാന പുനരേകീകരണം സാമ്പത്തികമായും മറ്റ് വിഭവങ്ങളുടെ കാര്യത്തിലും സമ്മര്‍ദം സൃഷ്ടിച്ചതായും പിന്‍വലിക്കാനാകാത്ത സര്‍ക്കാരിന്റെ പ്രതിബദ്ധത ഉത്സാഹത്തോടെ വിവിധ നേതൃത്വങ്ങള്‍ മുന്നോട്ടുനയിച്ചത് പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സഹായിച്ചിട്ടുണ്ടെന്നും നരസിംഹന്‍ സഭയില്‍ ചൂണ്ടിക്കാട്ടി.

ദേശീയ ശരാശരി വളര്‍ച്ചാ നിരക്കുമായി (7.3%) താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന്റെ ശരാശരി വളര്‍ച്ചാ നിരക്ക് 10.66 ശതമാനമാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. സംസ്ഥാനത്തെ കാര്‍ഷിക, അനുബന്ധ മേഖലകളില്‍ 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലെ ദേശീയ ശരാശരി വളര്‍ച്ച 2.4 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യാവസായിക മേഖലയില്‍ 8.49 ശതമാനം വളര്‍ച്ചയാണ് ആന്ധ്രാപ്രദേശ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച 4.40 ശതമാനമായിരുന്നു.

Comments

comments

Categories: FK News
Tags: smartphone