എയര്‍ ഇന്ത്യയോട് ബിസിനസ് പദ്ധതി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു

എയര്‍ ഇന്ത്യയോട് ബിസിനസ് പദ്ധതി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു

ന്യൂഡെല്‍ഹി: കടക്കണിയില്‍ അകപ്പെട്ട ദേശീയ വിമാനക്കമ്പനി എയര്‍ ഇന്ത്യയോട് തങ്ങളുടെ ബിസിനസ് പദ്ധതി തയാറാക്കി അവതരിപ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യയുടെ ചെലവിടലിലും വരുമാനത്തിലും കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണം സാധ്യമാക്കാനാണ് ഇത്. ബിസിനസ് പദ്ധതി പ്രകാരമുള്ള കമ്പനിയുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വരുമാന വളര്‍ച്ച സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യക്കായിട്ടുണ്ട്. യാത്രക്കാരില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം സമാന കാലയളവില്‍ 4,615 കോടി രൂപയായിരുന്നത് 5,538 കോടി രൂപയായി വര്‍ധിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ നാലുശതമാനം വര്‍ധനയുണ്ടായപ്പോള്‍ വരുമാനത്തില്‍ അതിന്റെ അഞ്ചിരട്ടി വര്‍ധനയുണ്ടായി. കമ്പനിയുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും പ്രവര്‍ത്തനം മെച്ചപ്പെടുകയാണെന്നുമാണ് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

55,000 കോടി രൂപയാണ് നിലവില്‍ എയര്‍ ഇന്ത്യയുടെ കടബാധ്യത. ഇതില്‍ പകുതിയോളം ഒരു പ്രത്യേകോദ്ദേശ്യ കമ്പനി രൂപീകരിച്ച് അതിലേക്ക് മാറ്റിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ മുഖ്യമല്ലാത്ത ആസ്തികളുടെ വില്‍പ്പനയിലൂടെ ഈ കമ്പനി ഫണ്ടുകള്‍ കണ്ടെത്തും. നിലവില്‍ കടക്കെണിയില്‍ അകപ്പെട്ട ജെറ്റ് എയര്‍വേയ്‌സിനു സമാനമായ സ്ഥിതി എയര്‍ ഇന്ത്യക്ക് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അതിന് പിന്തുണ നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം 2,345 കോടി രൂപയുടെ മൂലധന സഹായം കൂടി എയര്‍ ഇന്ത്യക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. നടപ്പു വര്‍ഷം ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1600 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. ഇതിന് പുറമേയാണ് പുതിയ നിക്ഷേപ സഹായം പ്രഖ്യാപിച്ചത്.

Comments

comments

Categories: Business & Economy
Tags: Air India